Wednesday, March 11, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.33 PM

18 ലക്ഷം കോടി ചെലവിട്ടശേഷം ബില്‍ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍ അടച്ചുപൂട്ടും

വാഷിങ്‌ടണ്‍: ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച്‌ മൈക്രോസോഫ്‌റ്റ്‌ സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സ്‌. ആകെ 20,000 കോടി ഡോളര്‍(ഏകദേശം 18,07,520 കോടി രൂപ) ചെലവിട്ടശേഷമാകും ഫൗണ്ടേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക.
ഈ വര്‍ഷം 900 കോടി ഡോളര്‍(81,338 കോടി രൂപ) ചെലവഴിക്കും. ഇതു ഫൗണ്ടേഷന്റെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ബജറ്റാണ്‌. കൂടാതെ, അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 500 ജീവനക്കാരെ പിരിച്ചുവിടും. ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 2045ല്‍ ഫൗണ്ടേഷന്‍ അടച്ചുപൂട്ടും. രാജ്യാന്തര സഹായത്തിലെ വെട്ടിച്ചുരുക്കല്‍ ദരിദ്രരാജ്യങ്ങളെയാകും ബാധിക്കുക. ലോകത്തെ ആദ്യ 10 ശതകോടീശ്വരുടെ പട്ടികയില്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനു സ്‌ഥാനമില്ല.
ഫൗണ്ടേഷന്റെ ബോര്‍ഡ്‌ പ്രവര്‍ത്തനച്ചെലവുകള്‍ക്ക്‌ ബില്‍ ഗേറ്റ്‌സ്‌ പരിധി നിശ്‌ചയിച്ചിട്ടുണ്ട്‌. ഇത്‌ വര്‍ഷത്തില്‍ 125 കോടി ഡോളറില്‍ പരിമിതപ്പെടുത്തും, ഇത്‌ ബജറ്റിന്റെ ഏകദേശം 14% ആണ്‌. ഈ പരിധി പാലിക്കുന്നതിനായി നിലവിലുള്ള 2,375 ജോലിക്കാരില്‍ ചിലരെ ഒഴിവാക്കും. ചില തസ്‌തികകള്‍ ഒഴിച്ചിടുകയും ചെയ്യും. ഘട്ടംഘട്ടമായിട്ടായിരിക്കും ഈ തീരുമാനം നടപ്പാക്കുകയെന്നു ഫൗണ്ടേഷന്റെ സി.ഇ.ഒ. മാര്‍ക്ക്‌ സുസ്‌മാന്‍ അറിയിച്ചു.
ഈ വര്‍ഷത്തെ 900 കോടി ഡോളര്‍ ബജറ്റില്‍ സ്‌ത്രീകളുടെ ആരോഗ്യം, വാക്‌സിനുകള്‍, പോളിയോ, എ.ഐ. ടൂളുകള്‍, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഫൗണ്ടേഷന്‍ ആഫ്രിക്കയിലും ഇന്ത്യയിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഈ രണ്ട്‌ മേഖലകള്‍ക്കായി ഒരു പുതിയ വിഭാഗം സൃഷ്‌ടിക്കും. എച്ച്‌ഐവി, ക്ഷയരോഗം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ സിയാറ്റിലില്‍നിന്ന്‌ ആഫ്രിക്കയിലേക്ക്‌ കൂടുതല്‍ മാറാന്‍ സാധ്യതയുണ്ട്‌.പൂട്ടാനുള്ള പദ്ധതിയുണ്ടായിട്ടും, ഫൗണ്ടേഷന്‌ ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ രണ്ട്‌ പതിറ്റാണ്ടുകള്‍ ഉണ്ടെന്നും ആ സമയത്ത്‌ തങ്ങളുടെ ഏറ്റവും വലിയ സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുസ്‌മാന്‍ പറഞ്ഞു.

Ads by Google
Thursday 15 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW