-->
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. അതിനു തെളിവായുള്ള ശബ്‌ദരേഖ ബിബിസി പുറത്തുവിട്ടു. ഒരുവര്‍ഷം മുമ്പ് ലഭിച്ച ശബ്‌ദരേഖയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭിന്നത സംബന്ധിച്ച കൂടുതല്‍ തെളിവ് ലഭിച്ചെന്നാണു ബിബിസിയുടെ അവകാശവാദം. ഭരണകൂടത്തിലെ നിരവധിപ്പേരുമായി നടത്തിയ അഭിമുഖങ്ങള്‍ക്കുശേഷം ഭിന്നത സ്‌ഥിരീകരിക്കപ്പെട്ടതായി ബി.ബി.സി. വ്യക്‌തമാക്കി. ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ ഇരുചേരികളും ഏറ്റുമുട്ടിയെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു.
താലിബാന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ രണ്ട് വ്യത്യസ്‌ത ഗ്രൂപ്പുകളുണ്ടെന്നാണു റിപ്പോര്‍ട്ട്. ഓരോ ഗ്രൂപ്പും അഫ്‌ഗാനിസ്‌ഥാനുവേണ്ടി വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണു മുന്നോട്ടുവയ്‌ക്കുന്നത്.
കാണ്ഡഹാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിബത്തുള്ള അഖുന്‍സദയുടെ പിന്തുണയുള്ള ഗ്രൂപ്പാണ് അധികാരകേന്ദ്രങ്ങളില്‍ പ്രബലം. അഖുന്‍സദയാണ് ഇപ്പോള്‍ അഫ്‌ഗാനിസ്‌ഥാന്റെ പരമോന്നത നേതാവ്. സമൂഹത്തെ പൂര്‍ണമായി മതനേതാക്കള്‍ നിയന്ത്രിക്കുന്ന, ആധുനിക ലോകത്തില്‍നിന്ന് വേര്‍പെട്ടുനില്‍ക്കുന്ന രാജ്യമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
രണ്ടാമത്തെ ഗ്രൂപ്പ്, തലസ്‌ഥാനമായ കാബൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. പുറംലോകവുമായി ഇടപഴകാനും രാജ്യത്തിന്റെ സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും, പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പെണ്‍കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കാതെയുമുള്ള ഒരു അഫ്‌ഗാനിസ്‌ഥാനാണ് അവരുടെ ലക്ഷ്യം. ഇവരെ 'കാബൂള്‍ ഗ്രൂപ്പ്' എന്നാണു വിളിക്കുന്നത്.
ശക്‌തരായ താലിബാന്‍ മന്ത്രിമാര്‍, സൈനികര്‍, ആയിരക്കണക്കിന് താലിബാന്‍ അനുഭാവികള്‍, മത പണ്ഡിതര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കാബൂള്‍ ഗ്രൂപ്പ്. അഖുന്‍സദയുടെ ഭരണശൈലിയില്‍ അവര്‍ 'ഏകാധിപത്യ സ്വഭാവം' കാണുന്നെന്നാണു റിപ്പോര്‍ട്ട്.
കാണ്ഡഹാര്‍ ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍ അഖുന്‍സദയാണു താലിബാന്റെ ഏക ഭരണാധികാരി. അദ്ദേഹം ദൈവത്തോട് മാത്രം ഉത്തരം പറയേണ്ട വ്യക്‌തിയാണ് അവര്‍ക്ക്, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരാള്‍!
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ അവസാനമാണ് അഖുന്‍സദ രാജ്യത്തിന്റെ ഇന്റര്‍നെറ്റും ഫോണുകളും വിച്‌ഛേദിക്കാന്‍ ഉത്തരവിട്ടത്. അതോടെ അഫ്‌ഗാനിസ്‌ഥാനു പുറംലോകവുമായുള്ള ബന്ധം നഷ്‌ടമായി. മൂന്നു ദിവസത്തിനു ശേഷം ഇന്റര്‍നെറ്റ് തിരിച്ചെത്തി, അതിനുള്ള കാരണം വിശദീകരിച്ചില്ല. പക്ഷേ, ആ നീക്കം കടുത്ത കലഹത്തില്‍ കലാശിച്ചെന്നാണു റിപ്പോര്‍ട്ട്. കാബൂള്‍ ഗ്രൂപ്പ് അഖുന്‍സദയുടെ ഉത്തരവിനെതിരേ പ്രവര്‍ത്തിക്കുകയും ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യുകയുമായിരുന്നു.'മറ്റ് അഫ്‌ഗാന്‍ സംഘടനകളില്‍നിന്നും വിഭാഗങ്ങളില്‍നിന്നും വ്യത്യസ്‌തമായി, താലിബാന്റെ കരുത്ത് അതിന്റെ ഐക്യമായിരുന്നു. ആത്യന്തികമായി അമീറിനോട് (അഖുന്‍സദ) അനുസരണയാണ് അതില്‍ പ്രധാനം. ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യുക വഴി ആ അനുസരണയാണു ചോദ്യംചെയ്യപ്പെട്ടത്'. - ഒരു അഫ്‌ഗാന്‍ വിദഗ്‌ധന്‍ പറഞ്ഞു.
ഹെബത്തുള്ള അഖുന്‍സദയെ 2016ലാണു താലിബാന്റെ ഉന്നത നേതാവായി തെരഞ്ഞെടുത്തത്. അഭിപ്രായഐക്യം ഉണ്ടാക്കുന്നതിലെ മികവാണ് അദ്ദേഹത്തെ നേതൃപദവിയിലെത്തിച്ചത്. അദ്ദേഹത്തിന് യുദ്ധപരിചയം ഇല്ലായിരുന്നതുകൊണ്ട്, സിറാജുദ്ദീന്‍ ഹഖാനിയെ അദ്ദേഹത്തിന്റെ സഹായിയാക്കി. രണ്ടാമത്തെ സഹായിയായി താലിബാന്‍ സ്‌ഥാപകന്‍ മുല്ല ഒമറിന്റെ മകനായ യാക്കൂബ് മുജാഹിദിനെ നിയമിച്ചു. ദോഹയില്‍ അമേരിക്കയുമായി നടന്ന ചര്‍ച്ചകളിലൂടെ 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ വരെ ഈ ക്രമീകരണം തുടര്‍ന്നു. 2020ലെ കരാറിനു ശേഷം 2021 ഓഗസ്‌റ്റില്‍ താലിബാന്‍ രാജ്യം അതിവേഗം തിരികെ പിടിക്കുകയും അമേരിക്കന്‍ സൈന്യം കൂട്ടത്തോടെ പിന്‍വാങ്ങുകയും ചെയ്‌തു.
എന്നാല്‍, 2021 ഓഗസ്‌റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ട് സഹായികളെയും മന്ത്രിമാരായി മാറ്റി. അഖുന്‍സദ ഏക ശക്‌തികേന്ദ്രമായി. താലിബാന്റെ സഹസ്‌ഥാപകന്‍ അബ്‌ദുള്‍ ഗനി ബരാദര്‍ പോലും ഉപപ്രധാനമന്ത്രി സ്‌ഥാനത്തേക്ക് ഒതുക്കപ്പെട്ടു. മറ്റ് വിശ്വസ്‌തര്‍ക്ക് രാജ്യത്തിന്റെ സുരക്ഷാ സേന, മത നയങ്ങള്‍, സമ്പദ്‌വ്യവസ്‌ഥ എന്നിവയുടെ നിയന്ത്രണം ലഭിച്ചു. തലസ്‌ഥാനം ഒഴിവാക്കി കാണ്ഡഹാറില്‍ തുടരാനായിരുന്നു അഖുന്‍സദയുടെ തീരുമാനം.
അധികാരം ലഭിച്ച് അധികംവൈകാതെ അഖുന്‍സദയുടെ ശൈലിയില്‍ മാറ്റമുണ്ടായി. കാബൂളിലെ താലിബാന്‍ മന്ത്രിമാരുമായി കൂടിയാലോചന നടത്താതെ അദ്ദേഹം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ നിരോധനവും സ്‌ത്രീകളുടെ തൊഴില്‍ നിരോധനവും ഇരു ഗ്രൂപ്പുകള്‍ക്കിടയിലെ പ്രധാന സംഘര്‍ഷ കാരണങ്ങളാണ്. ഏകപക്ഷീയമായ തീരുമാനങ്ങളെക്കുറിച്ച് അഖുന്‍സദയ്‌ക്ക് വിശദീകരണമുണ്ട്. 'ഞാന്‍ അല്ലാഹുവിനോട് ഉത്തരം പറയേണ്ടവനാണ്, വിധി ദിനത്തില്‍, ഞാന്‍ എന്തുചെയ്‌തു എന്ന് എന്നോട് ചോദിക്കപ്പെടും'- എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
അഖുന്‍സദയ്‌ക്ക് ജനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നാണു കാബൂള്‍ ഗ്രൂപ്പിന്റെ നിലപാട്. പൊതുസ്‌ഥലങ്ങളില്‍ അപൂര്‍വമായി മാത്രമേ അദ്ദേഹമെത്താറുള്ളൂ. അപ്പോഴും മുഖം മറയ്‌ക്കും. ആളുകളെ അഭിമുഖീകരിക്കുമ്പോള്‍ പലപ്പോഴും ഒരു വശത്തേക്ക് തിരിഞ്ഞുനില്‍ക്കുകയാകും ചെയ്യുക. അഖുന്‍സദയുടെ ഫോട്ടോ എടുക്കുന്നതോ ചിത്രീകരിക്കുന്നതോ നിരോധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട് ഫോട്ടോകള്‍ മാത്രമേ നിലവില്‍ പുറത്തുവന്നിട്ടുള്ളൂ.
അദ്ദേഹത്തെ കാണാന്‍ താലിബാന്‍ മന്ത്രിമാര്‍ക്കുപോലും പ്രയാസമാണ്. മുമ്പ് അദ്ദേഹം സ്‌ഥിരം കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ മിക്ക താലിബാന്‍ മന്ത്രിമാരും അദ്ദേഹത്തെ കാണാന്‍ ദിവസങ്ങളോ ആഴ്‌ചകളോ കാത്തിരിക്കണം.
അതേസമയം, ആയുധ വിതരണം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ അഖുന്‍സദ കാണ്ഡഹാറിലേക്ക് മാറ്റി. മുമ്പ് അതു ഹഖാനിയുടെയും യാക്കൂബിന്റെയും നിയന്ത്രണത്തിലായിരുന്നു. കാബൂളിലെ മന്ത്രിമാരെ മറികടന്ന് പ്രാദേശിക പോലീസ് യൂണിറ്റുകളിലേക്ക് അഖുന്‍സദ നേരിട്ട് ഉത്തരവുകള്‍ നല്‍കുന്നതായും പരാതിയുണ്ട്. 'യഥാര്‍ത്ഥ അധികാരം കാണ്ഡഹാറിലേക്ക് മാറ്റിയിരിക്കുന്നു' എന്നാണു കാബൂള്‍ ഗ്രൂപ്പിന്റെ പരാതി.
എന്നാല്‍, എല്ലാ മന്ത്രിമാര്‍ക്കും അവരുടെ മന്ത്രിതല ചട്ടക്കൂടില്‍ അധികാരമുണ്ടെന്നാണു കാണ്ഡഹാര്‍ വൃത്തങ്ങളുടെ നിലപാട്. ദൈനംദിന ജോലികള്‍ ചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനും മന്ത്രിമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്, അവര്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടത്രേ. 'ദൈവം നിരോധിച്ച ഭിന്നത ഒഴിവാക്കാന്‍, അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്'എന്നാണ് ഔദ്യോഗിക നിലപാട്.താലിബാനിലെ ഭിന്നതയെ ഉറ്റുനോക്കുകയാണു പാകിസ്‌താന്‍. പണ്ട് ഒറ്റക്കെട്ടായിരുന്ന ഇരുരാജ്യങ്ങളും ഇപ്പോള്‍ ശത്രുപക്ഷത്താണ്. ഭിന്നത രൂക്ഷമാക്കാനുള്ള നീക്കം അവരും നടത്തുന്നുണ്ട്.