-->
വീദേശീയര്‍ കേരളത്തിലെത്തിയാല്‍ പലപ്പോഴും നാടിന്റെ സൗന്ദര്യവും രുചിക്കൂട്ടുകളും പ്രകൃതിസൗന്ദര്യവുമൊക്കെയാണ് പ്രശംസിച്ച് പറയാറുള്ളത്. തങ്ങളുടെ നാടുമായി താതരമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ചതാണ് കേരളമെന്നത് ഇവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യരംഗത്തെ പ്രശംസിക്കുകയാണ് സ്പെയിനില്‍ നിന്നുള്ള സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലെത്തിയ അനുഭവമാണ് വിദേശവനിത വീഡിയോയിലൂടെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന വെറോനിക്ക സ്പെയിനുമായിട്ടാണ് കേരളത്തെ താരതമ്യം ചെയ്തിരിക്കുന്നത്. സ്പെയിനില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കണമെന്നും എന്നാല്‍, ഇന്ത്യയില്‍ നേരത്തേ ബുക്ക് ചെയ്യേണ്ടെന്നും നേരെ ആശുപത്രിയിലെത്തിയാല്‍ മതിയെന്നുമാണ് വെറോനിക്ക പറയുന്നത്.
‘‘സത്യത്തില്‍ ഇതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സർക്കാർ ആശുപത്രി ഇത്തരത്തില്‍ പ്രവർത്തിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണ്. ഇന്ത്യയില്‍ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്നെനിക്ക് അറിയില്ല. എന്റെ നാടായ സ്‌പെയിനില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കണം. എന്നാല്‍, ഇന്ത്യയില്‍ നേരത്തേ ബുക്ക് ചെയ്യേണ്ട. നേരെ ആശുപത്രിയിലേക്ക് എത്തിയാല്‍ മതി. അപ്പോള്‍ തന്നെ രജിസ്റ്റർ ചെയ്യാം. പത്ത് മിനിട്ടില്‍ താഴെ മാത്രം കാത്തിരുന്നാല്‍ മതി. ഇതെല്ലാം ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം...’’ വെറോനിക്ക വീഡിയോയില്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ കണ്ട് വീഡിയോ വൈറലായതോടെ കമന്റു ബോക്സുകളും നിറഞ്ഞു. ‘കേരളത്തിലെ സർക്കാർ ആശുപത്രിയില്‍ നിന്നുണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുത് എന്നാണ് മിക്കവരും കുറിച്ചിരിക്കുന്നത്. വെറോനിക്ക കേരളത്തിലേക്ക് വീണ്ടും വരണമെന്നും നാടിനെക്കുറിച്ച് പറയണമെന്നും കുറിക്കുന്നവരുമുണ്ട്.