
കുവൈത്ത്‌സിറ്റി: കുവൈത്ത് അഹ്മദിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുന്ന പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച(ജനുവരി 16) രാവിലെ 9 മണിയ്ക്ക് ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കും. തുടര്‍ന്ന് 10 മണിയോട് നടക്കുന്ന ആഘോഷകരമായ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെയില്‍ വച്ച് മൈനര്‍ ബസിലിക്ക പ്രഖ്യാപനം നടത്തും.
വത്തിക്കാന്‍ ന്യൂന്‍ഷോ യൂജീന്‍ മാര്‍ട്ടിന്‍ ന്യൂജെന്റ് ,ബിഷപ്പ് ആല്‍ദോ ബറാര്‍ഡി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
ചരിത്രപരവും ആത്മീയവുമായ ഇടയ പ്രാധാന്യത്തെ അംഗീകരിച്ച് മാര്‍പ്പാപ്പ പ്രത്യേക പദവി നല്‍കുന്നതാണ് മൈനര്‍ ബസിലിക്ക പദവി.
അറേബ്യന്‍ ഉപദ്വീപിലെ ആദ്യത്തെ മൈനര്‍ ബസിലിക്കയാണ് ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച് .ചടങ്ങിന് ബഹ്‌റൈന്‍,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ കത്തോലിക്ക പുരോഹിതരും മുന്‍കാലങ്ങളില്‍ ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചില്‍ സേവനം അനുഷ്ടിച്ചിട്ടുള്ളവരും സംബന്ധിക്കും.വികാരി ഡാറല്‍ ഫെര്‍ണാണ്ടസ്,ഫാദര്‍ ജിജോ തോമസ് എന്നിവരുടെ നേത്യത്വത്തില്‍ മൂവായിരത്തോളം വരുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു.
ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച്
അപ്പസ്‌തോലിക്ക് വികാരിയേറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ (അവോന)കീഴിലുള്ളതാണ് അഹമദ്ദിയിലെ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച്.77 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്ത് മണ്ണില്‍ നിര്‍മിച്ച ആദ്യ കത്തോലിക്കാ പള്ളി. അറേബ്യന്‍ നാടുകളിലെ ആദ്യ പള്ളി ബഹ്റൈനിലായിരുന്നു.അതിന് ശേഷമുള്ളതാണ് അഹമദ്ദിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച്.കൊച്ച് രാജ്യമായ കുവൈത്തിന്റെ പെന്ന് വിളയിക്കുന്ന പ്രദേശമാണ് അഹ്മദി. അതായത്,കുവൈത്തിന്റെ എണ്ണയുല്‍പാദന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടം.1930-ന്റെ അവസാനഘട്ടത്തില്‍ ഓയില്‍ കണ്ടെത്തിയതോടെ ബ്രട്ടീഷുകാര്‍ അടക്കമുള്ളവര്‍ കുവൈത്തിലേക്ക് വന്നു.1948-ല്‍ മുതല്‍ അവര്‍ പ്രാര്‍്ത്ഥിക്കാനായി താമസ സ്ഥലങ്ങളില്‍ ഒത്തുകൂടിയിരുന്നു. കുവൈത്തിലെത്തിയ ആദ്യത്തെ കത്തോലിക്കാ പുരോഹിതനും പിന്നീട് കുവൈത്തിലെ തന്നെ പ്രഥമ ബിഷപ്പുമായ ടിയോഫാനോ ഉബാല്‍ഡോ സ്റ്റെല്ല ഒസിഡി, കത്തോലിക്കാ വിശ്വാസികള്‍ക്ക് ഉുചിതമായ രീതിയില്‍ ഒരു പള്ളി സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്.

പ്രാര്‍ത്ഥനയ്ക്കായി ഒരു പള്ളിയ്ക്ക് അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി മോണ്‍സിഗ്‌നര്‍ സ്റ്റെല്ല കുവൈറ്റ് ഓയില്‍ കമ്പനി മാനേജ്‌മെന്റിനെ സമീപിച്ചു. മാനേജ്‌മെന്റ് ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും സെന്‍ട്രല്‍ അഹ്മദിയില്‍ ഒരു പുതിയ ചര്‍ച്ച് പണിയാന്‍ അനുമതി നല്‍കി.
1955-ലാണ് ഇന്ന് ചര്‍ച്ച് സ്ഥിതി ചെയ്യുന്ന സ്ഥലം ലഭ്യമായത്.
കുവൈത്ത് ഓയില്‍ കമ്പിനിയുടെ അധീനതയിലുള്ളതാണ് നിലവില്‍ ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച്.
മോണ്‍സിഗ്‌നര്‍ സ്റ്റെല്ലയാണ് ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചിന്റെ മൂലക്കല്ല് 1955 സെപ്റ്റംബര്‍ 8 ന് സ്ഥാപിച്ചത്.
1956 ഏപ്രില്‍ 1 ഞായറാഴ്ച, അഹ്മദിയിലെ പുതിയ ചര്‍ച്ച്,അതായത് ഇന്ന് കാണുന്ന ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചിന്റെ യുടെ വെഞ്ചിരിപ്പ് കര്‍മ്മവും സ്റ്റെല്ല നിര്‍വ്വഹിച്ചു.
രണ്ട് വര്‍ഷം മുമ്പ് 75-ാം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ മാസമാണ് ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചിനെ മൈനര്‍ ബസലിക്കയായി പോപ്പ് ലീയോ പതിനാലാമന്‍ ഉയര്‍ത്തിയത്.
കത്തോലിക്ക വിശ്വാസികളുടെ പ്രാര്‍ത്ഥന കേന്ദ്രമായ ഔവര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ചില്‍ ഇന്ന് വിവിധ രാജ്യക്കാര്‍ പല സമയങ്ങളിലായി ഒത്ത് കൂടുന്നണ്ട്.ദിവസവും രാവിലെയും വൈകുനേരവും ഇംഗീഷ് ഭാഷയിലുള്ള വിശുദ്ധ കുര്‍ബ്ബാനകള്‍ നടക്കാറുണ്ട്.
ഈജിപ്ത്,ശ്രീലങ്ക,ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കും,കൂടാതെ മലയാളം,തമിഴ്,കൊങ്കിണി തുടങ്ങി, വിവിധ ഭാഷകളിലുള്ള ശുശ്രൂഷകള്‍ വാരാന്ത്യങ്ങളില്‍ നടക്കാറുണ്ട്.