Wednesday, March 11, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.18 AM

സുബീന്‍ ഗാര്‍ഗിന്റേത്‌ കൊലപാതകമല്ലെന്ന്‌ സിംഗപ്പുര്‍ പോലീസ്‌

uploads/news/2026/01/820782/int3.jpg

സിംഗപ്പുര്‍: അസമീസ്‌ ഗായകന്‍ സുബീന്‍ ഗാര്‍ഗി(52)ന്റെ മരണം കൊലപാതകമല്ലെന്നു സിംഗപ്പുര്‍ പോലീസ്‌. കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ ഗായകനും ഗാനരചയിതാവുമായ അദ്ദേഹം മുങ്ങിമരിച്ചത്‌. നോര്‍ത്ത്‌ ഈസ്‌റ്റ് ഇന്ത്യ ഫെസ്‌റ്റിവലില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം സിംഗപ്പുരിലെത്തിയത്‌. സെപ്‌റ്റംബര്‍ 19ന്‌ യാര്‍ഡ്‌ പാര്‍ട്ടിക്കിടെയാണു ഗാര്‍ഗ്‌ മുങ്ങിമരിച്ചത്‌.
അദ്ദേഹം ആദ്യം ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നെങ്കിലും അത്‌ ഊരിമാറ്റുകയും പിന്നീട്‌ വാഗ്‌ദാനം ചെയ്‌ത രണ്ടാമത്തെ ലൈഫ്‌ ജാക്കറ്റ്‌ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തതായി അന്വേഷണ ഉദ്യോഗസ്‌ഥന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഗായകന്‍ യാട്ടിലേക്ക്‌ നീന്താന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അവശനിലയിലായത്‌.
വെള്ളത്തില്‍ മുഖം പൂഴ്‌ത്തി പൊങ്ങിക്കിടന്നത്‌ നിരവധി സാക്ഷികള്‍ കണ്ടതായി ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
ഉടന്‍ തന്നെ ഗാര്‍ഗിനെ യാട്ടിലേക്ക്‌ തിരികെ കയറ്റി കാര്‍ഡിയോ പള്‍മോണറി റിസസിറ്റേഷന്‍ (സി.പി.ആര്‍.) നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
അദ്ദേഹത്തിന്റെ മരണത്തില്‍ യാതൊരു ക്രിമിനല്‍ കുറ്റവും സംശയിക്കുന്നില്ലെന്നു സിംഗപ്പുര്‍ പോലീസ്‌ കോടതിയെ അറിയിച്ചു.
ഗാര്‍ഗിന്റെ ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെങ്കിലും അവ സി.പി.ആര്‍, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ചതാണെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.
യാട്ടിലുണ്ടായിരുന്ന ഗാര്‍ഗ്‌ ഉള്‍പ്പെടെയുള്ള ആളുകള്‍ ലഘുഭക്ഷണവും പാനീയങ്ങളും മദ്യവും കഴിച്ചതായി ചീഫ്‌ ഇന്‍വെസ്‌റ്റിഗേറ്റിങ്‌ ഓഫീസര്‍ കോടതിയെ അറിയിച്ചു.
ഗാര്‍ഗ്‌ മദ്യപിച്ചിരുന്നതായി നിരവധി സാക്ഷികള്‍ മൊഴി നല്‍കി.
ടോക്‌സിക്കോളജി പരിശോധനയില്‍ ഗാര്‍ഗിന്റെ രക്‌തത്തില്‍ 333 മില്ലിഗ്രാം/100 മില്ലിലിറ്റര്‍ രക്‌തം എന്ന അളവില്‍ ആല്‍ക്കഹോള്‍ കണ്ടെത്തുകയും ഇത്‌ കടുത്ത ലഹരിയിലായിരുന്നതായും ഏകോപനവും പ്രതികരണശേഷിയും നഷ്‌ടപ്പെട്ടതായും സൂചിപ്പിക്കുന്നതായും കോടതിയെ അറിയിച്ചു.
എന്നാല്‍, അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നാണ്‌ അസമിലെ ആരാധകര്‍ വിശ്വസിക്കുന്നത്‌. അസം പോലീസ്‌ ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്‌.
പരിപാടി സംഘാടകന്‍ ശ്യാംകനു മഹന്ത, ഗായകന്റെ സെക്രട്ടറി സിദ്ധാര്‍ത്ഥ്‌ ശര്‍മ്മ, അദ്ദേഹത്തിന്റെ രണ്ട്‌ ബാന്‍ഡ്‌ അംഗങ്ങളായ ശേഖര്‍ജ്യോതി ഗോസ്വാമി, അമൃത്‌പ്രഭ മഹന്ത എന്നിവര്‍ക്കെതിരേ അസം പോലീസ്‌ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്‌.

Ads by Google
Thursday 15 Jan 2026 12.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW