Wednesday, March 11, 2026 Last Updated 56 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.17 AM

75 രാജ്യങ്ങളിലെ വിസ നടപടിക്രമങ്ങള്‍നിര്‍ത്തിവച്ച്‌ യു.എസ്‌.

ന്യൂയോര്‍ക്ക്‌: ജനുവരി 21 മുതല്‍ 75 രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ട്രംപ്‌ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച്‌ യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉത്തരവ്‌ പുറത്തിയതായി ഫോക്‌സ് ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
സൊമാലിയ, റഷ്യ, ഇറാന്‍, അഫ്‌ഗാനിസ്‌ഥാന്‍, ബ്രസീല്‍, നൈജീരിയ, തായ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളെ പുതിയ നീക്കം ബാധിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഇതുസംബന്ധിച്ച്‌ പ്രത്യേക സമയപരിധി പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. ലോകമെമ്പാടുമുള്ള 200 ലധികം രാജ്യങ്ങളില്‍ മൂന്നിലൊന്നിലധികവും ഈ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുമെന്നാണു വിവരം.
കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായി സ്‌ഥാനമേറ്റതു മുതല്‍ കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച്‌ വിപുലമായ നടപടികള്‍ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. ഇതിനിടെയാണ്‌ പുതിയ നടപടി. നവംബറില്‍, വൈറ്റ്‌ ഹൗസിന്‌ സമീപം അഫ്‌ഗാന്‍ പൗരന്‍ ഉള്‍പ്പെട്ട വെടിവയ്‌പ്പ് സംഭവത്തെത്തുടര്‍ന്ന്‌ 'മൂന്നാം ലോക രാജ്യങ്ങളില്‍'നിന്നുള്ള കുടിയേറ്റം പൂര്‍ണമായി അവസാനിപ്പിക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ നാഷണല്‍ ഗാര്‍ഡ്‌ ഭടന്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, ആയിരക്കണക്കിന്‌ സൊമാലിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മിനസോട്ടയില്‍ വിപുലമായ നാടുകടത്തല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.
നാടുകടത്തലില്‍നിന്ന്‌ സൊമാലിയന്‍ അഭയാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിപക്ഷ അവസാനിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്‌. ആഗോളതലത്തില്‍ ഏറ്റവും കര്‍ശനമായ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ള വിസ-സ്‌ക്രീനിങ്‌ പ്രക്രിയയ്‌ക്ക് പുറമേ, ട്രംപ്‌ ഭരണകൂടം കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം, യു.എസ്‌ വിരുദ്ധ വികാരങ്ങളുടെ സൂചനകള്‍ക്കായി അപേക്ഷകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിക്കണമെന്ന്‌ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

Ads by Google
Thursday 15 Jan 2026 12.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW