Wednesday, March 11, 2026 Last Updated 25 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.17 AM

യു.എസ്‌. ആക്രമിച്ചാല്‍ തിരിച്ചടി അയല്‍ക്കാര്‍ക്കും

ടെഹ്‌റാന്‍/ദുബായ്‌: ഇറാനെ ആക്രമിക്കുമെന്ന യു.എസ്‌. മുന്നറിയിപ്പുകള്‍ക്കിടയില്‍ അയല്‍രാജ്യങ്ങള്‍ക്ക്‌ ഇറാന്റെ ഭീഷണി.
യു.എസ്‌. തങ്ങളെ ആക്രമിച്ചാല്‍ അവരുടെ സൈനിക താവളങ്ങള്‍ സ്‌ഥിതി ചെയ്യുന്ന രാജ്യങ്ങള്‍ക്കു തിരിച്ചടി നല്‍കുമെന്ന്‌ ഇറാന്‍ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരേയാണ്‌ ഇറാന്റെ നീക്കം. ഇറാന്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 2,600 പിന്നിട്ടതോടെ 'ഇടപെടല്‍' നടത്തുമെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇറാന്റെ മുന്നറിയിപ്പിനു പിന്നാലെ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്‌ഥരെ മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്‌. പക്ഷേ, കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന്‌ മുമ്പ്‌ നടന്ന വലിയ തോതിലുള്ള സൈനിക പിന്മാറ്റത്തിന്റെ സൂചനകളൊന്നും നിലവിലില്ല.
യു.എസ്‌. ഇടപെടല്‍ വൈകാതെ ഉണ്ടാകുമെന്ന സൂചന ഇസ്രയേല്‍ പങ്കുവച്ചിട്ടുണ്ട്‌. എന്നാല്‍ അതിന്റെ വ്യാപ്‌തിയും സമയവും വ്യക്‌തമല്ലെന്ന്‌ ഒരു ഇസ്രയേലി ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. തങ്ങളുടെ രാജ്യത്തെ അസ്വസ്‌ഥതകള്‍ക്ക്‌ പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന്‌ ഇറാന്‍ ആരോപിച്ചു. അമേരിക്കന്‍ ആക്രമണം തടയാന്‍ മേഖലയിലെ രാജ്യങ്ങളോട്‌ ഇറാന്‍ അഭ്യര്‍ത്ഥിച്ചു
പ്രതിഷേധക്കാരെ ഇറാന്‍ വധിച്ചാല്‍ 'വളരെ ശക്‌തമായ നടപടി' ഉണ്ടാകുമെന്ന്‌ ട്രംപ്‌ ആവര്‍ത്തിച്ചിട്ടുണ്ട്‌. ഇറാന്‍ പൗരന്മാരോട്‌ പ്രതിഷേധം തുടരാനും സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ പിടിച്ചെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 'സഹായം വരുന്നുണ്ട്‌' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാന്റെ അയല്‍ രാജ്യങ്ങളില്‍ യു.എസ്‌. സേനയുടെ വലിയ സാന്നിധ്യമുണ്ട്‌. അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ്‌ ആസ്‌ഥാനം ഖത്തറിലെ അല്‍ ഉദൈദിലും, യു.എസ്‌. നാവികസേനയുടെ ഫിഫ്‌ത് ഫ്ലീറ്റിന്റെ ആസ്‌ഥാനം ബഹ്‌റൈനിലുമാണ്‌.

Ads by Google
Thursday 15 Jan 2026 12.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW