-->
തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ താരറാണിയായി, ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരിയായി,ആരും കൊതിക്കുന്ന സൂപ്പർ നായികയായി തിളങ്ങിയ താരമാണ് മാധുരി ദീക്ഷിത്. അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പാടവമുള്ള സുന്ദരിയായിരുന്നു മാധുരി. പരസ്യ ചിത്രങ്ങളിലെ മോഡലായി കരിയർ തുടങ്ങിയ മാധുരി എൺപതുകളുടെ ഒടുവിലാണ് ബോളിവുഡിലേക്കെത്തിയത്. ചടുലമായ നൃത്തച്ചുവടുകളിലൂടെയും അസാധാരണമായ മെയ്വഴക്കത്തിലൂടെയും പ്രേക്ഷകരെ അമ്പരിപ്പിച്ച താരം പിന്നീട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ താരറാണിയായി. പുതുതലമുറയിൽപ്പെട്ടവർ പോലും മാധുരിയുടെ നൃത്തച്ചുവടുകളുടെ വലിയ ആരാധകരാണ്.
കരിയറിന്റെ പീക്ക് ടൈമില്‍ വിവാഹിതയായി അമേരിക്കയിലേക്ക് ചേക്കേറിയ താരം ഭര്‍ത്താവ് ഡോ. ശ്രീറാം നെനെയ്ക്കും മക്കളായ അരിനും റെയാനുമൊപ്പം കുടുംബിനിയായി ഒതുങ്ങി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്കും റിയാലിറ്റി ഷോകളില്‍ സെലിബ്രിറ്റി ജഡ്ജ് സ്ഥാനം അലങ്കരിച്ചും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അഭിനയ ജീവിതത്തിൽ നിന്ന് ദീർഘമായ ഇടവേളയെടുത്തിട്ടും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് മാധുരി. സോഷ്യല്‍ മീഡിയയിലും സജീവമാണ് മാധുരി.
ഇപ്പോഴിതാ ഡെനിം ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മാധുരി ദീക്ഷിത്. ‘‘ചില ദിവസങ്ങളിൽ വേഗത കുറയ്ക്കുകയും ആ നിമിഷത്തിൽ തന്നെ തുടരുകയും വേണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാധുരി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പ്രായം അന്‍പതെട്ട് കഴിഞ്ഞെങ്കിലും യുവത്വം തുളുമ്പുന്ന സൗന്ദര്യവും ഫിറ്റ്നെസ്സും കൊണ്ട് മാധുരിയുടെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.
മൂന്ന് വർഷങ്ങൾക്ക് ശേഷം മാധുരി ദീക്ഷിത് ഒ.ടി.ടിയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് മിസിസ് ദേശ്പാണ്ഡെ. 2022 ൽ പുറത്തിറങ്ങിയ ദി ഫെയിം ഗെയിമാണ് മാധുരി അവസാനമായി സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ എത്തിയ പരമ്പര. ഭൂൽ ഭുലയ്യ 3 എന്ന ചിത്രത്തിലാണ് താരം ബിഗ് സ്‌ക്രീനിൽ എത്തിയത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ, ആലീസ് ചെഗാരെ ബ്രൂഗ്നോട്ട്, നിക്കോളാസ് ജീൻ, ഗ്രെഗോയർ ഡെമൈസൺ എന്നിവർ ചേർന്ന് സൃഷ്ടിച്ച പ്രശസ്തമായ ഫ്രഞ്ച് മിനി സീരീസ് ലാ മാന്റയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണിത്.