-->
ദുബായ്/ടെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ ജനകീയപ്രക്ഷോഭത്തില്‍ സുരക്ഷാ ഉദ്യോഗസ്‌ഥരടക്കം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വെളിപ്പെടുത്തല്‍. കലാപം ആരംഭിച്ചശേഷം ആദ്യമായാണ് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ മരണസംഖ്യ പുറത്തുവിടുന്നത്.
പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും മരണത്തിനു പിന്നില്‍ ഭീകരരാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ച ഇറാന്‍ ഉദ്യോഗസ്‌ഥന്‍ ആരോപിച്ചു. ഇറാനിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്നും പ്രതിഷേധക്കാര്‍ക്കിടയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
കലാപത്തില്‍ സുരക്ഷാ ഉദ്യോഗസ്‌ഥരടക്കം 646 പേര്‍ കൊല്ലപ്പെട്ടെന്നും 10,700 പേര്‍ അറസ്‌റ്റിലായെന്നുമാണ് യു.എസ്. ആസ്‌ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്‌ടിവിസ്‌റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വിലക്ക് ഉള്‍പ്പെടെയുള്ളതിനാല്‍ ഇറാനില്‍നിന്നുള്ള വാര്‍ത്താശേഖരണം ഏറെക്കുറെ അസാധ്യമാണെങ്കിലും വിദേശത്തുള്ള ചില ഇറാന്‍ പൗരന്മാര്‍ക്ക് കലാപം ആരംഭിച്ചശേഷം ആദ്യമായി നാട്ടിലേക്കു ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചു. രാജ്യമെങ്ങും കനത്ത സുരക്ഷാവലയത്തിലാണെന്നും പൊതുസ്വത്തുക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നും ഇവര്‍ വെളിപ്പെടുത്തി. ഇറാന്റെ ഭാവി അനിശ്‌ചിതത്വത്തിലാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ വിദേശത്തുള്ള പൗരന്മാര്‍ പറയുന്നു. ഫോണ്‍ വിളിക്ക് ഭാഗികമായി ഇളവ് ഏര്‍പ്പെടുത്തിയെങ്കിലും ഇറാനിലെ ഇന്റര്‍നെറ്റ്, ടെക്‌സ്‌റ്റ് മെസേജ് വിലക്ക് തുടരുകയാണ്.
വധശിക്ഷ ഭയന്ന് പ്രതിഷേധക്കാര്‍
പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം ഇറാനിലെങ്ങും ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാനില്‍ സൈനികമായി ഇടപെട്ട് പ്രതിഷേധക്കാരെ സംരക്ഷിക്കുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതു രാജ്യാന്തരതലത്തില്‍ പുതിയ ആശങ്കയ്‌ക്കു കാരണമായിരുന്നു. തന്റെ താക്കീതിനേത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു സന്നദ്ധത അറിയിച്ചെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദം. ഇറാനുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കുമേല്‍ യു.എസ്. 25% താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്‌തമാക്കി.