-->
ലോകത്തെവിടെയായാലും ഏത് പ്രതിസന്ധിയെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക കഴിവാണെന്ന് നാം പറയാറുണ്ട്. ഇപ്പോഴിതാ ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റില്‍ ഒരു ബിഹാറുകാരന്‍ യുവാവ് നടത്തുന്ന ചായവില്പനയാണ് - സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നാട്ടില്‍ നിന്നും വളരെ ദൂരത്തായിരിക്കുമ്പോഴും നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് കാശ് സമ്പാദിക്കുന്നത്. യുവാവ് എന്ത് വില്‍ക്കുന്നു എന്നതിനും അപ്പുറം അത് എങ്ങനെ വില്‍ക്കുന്നു എന്നത് കൂടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആത്മവിശ്വാസത്തോടെ ഹിന്ദിയിലാണ് യുവാവിന്റെ സംസാരം. ഇത് കൂടിയാണ് ആളുകളെ ആ ചായക്കടയിലേക്ക് ആകര്‍ഷിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോസ് ഏഞ്ചല്‍സ് പോലുള്ള ഒരു നഗരത്തില്‍, അതിജീവിക്കുക എന്നത് വലിയ ചിലവ് വരുന്ന ഒരു കാര്യം തന്നെയാണ്. ഏകദേശം $8.68 (782 രൂപ) ആണ് ഒരു കപ്പ് ചായയുടെ വില. ഏകദേശം $16.8 (1,512 രൂപ) ആണ് ഒരു പ്ലേറ്റ് പോഹയുടെ വില. എന്നാല്‍, ലോസ് എഞ്ചല്‍സിലെ ജീവിത നിലവാരവും സാധനങ്ങളുടെ വിലയും വച്ച് നോക്കുമ്പോള്‍ ഇതൊരു വലിയ വിലയാണ് എന്ന് പറയാനാവില്ല. 2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ബിഹാറില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണെങ്കിലും ചായ വിറ്റും ഹിന്ദി പറഞ്ഞും യുവാവ് എങ്ങനെ തന്റെ നാടിനെ ചേര്‍ത്തുപിടിക്കുന്നു എന്നതാണ് പലര്‍ക്കും കൗതുകമായത്. നിരവധിപ്പേരാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് കമന്റുകളുമായി വരുന്നത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റുകള്‍ നല്‍കിയിരിക്കുന്നത്. അതുപോലെ, രസകരമായ കമന്റുകളും പലരും നല്‍കിയിട്ടുണ്ട്.