Wednesday, March 11, 2026 Last Updated 33 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.12 AM

കലാപം നിയന്ത്രണ വിധേയമെന്ന്‌ ഇറാന്‍

uploads/news/2026/01/820389/int1.jpg

ടെഹ്‌റാന്‍: സര്‍ക്കാരിനെതിരേ ജനകീയപ്രക്ഷോഭം കത്തിപ്പടര്‍ന്ന ഇറാനില്‍ സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നു വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചി. ഇറാന്റെ കാര്യത്തില്‍ ഇടപെടാന്‍ അമേരിക്കയ്‌ക്ക്‌ ഒരു കാരണമുണ്ടാക്കിക്കൊടുക്കുകയാണ്‌ കലാപകാരികള്‍ ചെയ്‌തതെന്നും അരാഗ്‌ചി കുറ്റപ്പെടുത്തി.
ഇറാന്‍ പരമോന്നതനേതാവ്‌ ആയത്തുള്ള അലി ഖമനേയിക്കെതിരേ രണ്ടാഴ്‌ചയായി രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്‌. ഉരുക്കുമുഷ്‌ടി ഉപയോഗിച്ച്‌ കലാപത്തെ നേരിടുന്ന സര്‍ക്കാര്‍ നടപടിയില്‍ ഇതുവരെ 544 പേര്‍ കൊല്ലപ്പെട്ടതായാണ്‌ യു.എസ്‌. മനുഷ്യവാകാശ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌. ഇതില്‍ 496 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്‌ഥരും ഉള്‍പ്പെടുന്നു. 10,600 പേര്‍ സൈന്യത്തിന്റെ കസ്‌റ്റഡിയിലാണെന്നും യു.എസ്‌. ഏജന്‍സി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. നൂറിലേറെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'തസ്‌നിം' റിപ്പോര്‍ട്ട്‌ ചെയ്‌തു.

യു.എസിനെതിരേ ഇറാനില്‍ സര്‍ക്കാര്‍ അനുകൂലികള്‍

അതേസമയം, സര്‍ക്കാര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചതിനു പിന്നാലെ പതിനായിരക്കണക്കിനു സര്‍ക്കാര്‍ അനുകൂലികളും ഇറാനില്‍ തെരുവിലിറങ്ങി. 'അമേരിക്ക തുലയട്ടെ, ഇസ്രയേല്‍ തുലയട്ടെ, ദൈവത്തിന്റെ ശത്രുക്കള്‍ തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സര്‍ക്കാര്‍ അനുകൂല റാലി.
പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാസൈനികരുടെ സംസ്‌കാരച്ചടങ്ങില്‍ വന്‍ജനക്കൂട്ടം ആര്‍ത്തിരമ്പി. ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന്‌ ഭീകരാക്രമണം നടത്തുകയാണെന്ന്‌ വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചി ആരോപിച്ചിരുന്നു. എന്നാല്‍, ശത്രുക്കള്‍ക്കു കണക്കുകൂട്ടല്‍ തെറ്റിയെന്നും അരാഗ്‌ചി പറഞ്ഞു.

ഇറാന്‍ വിരണ്ടു, ചര്‍ച്ച ആവശ്യപ്പെട്ടെന്ന്‌ ട്രംപ്‌

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം ചോരയില്‍ മുക്കിയാല്‍ ഇറാനെതിരേ സൈനികനടപടിക്കു മടിക്കില്ലെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയതിനു പിന്നാലെ ചര്‍ച്ചകള്‍ക്കു വഴിയൊരുങ്ങുന്നതായി സൂചന. ഇറാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയാറായതായി ട്രംപ്‌ അവകാശപ്പെട്ടു. ചര്‍ച്ച നടക്കുന്നതിനു മുമ്പ്‌ ഇറാനിലെ സ്‌ഥിതിഗതികള്‍ വീണ്ടും വഷളായാല്‍ സൈനികനടപടി ഉണ്ടാകുമെന്നും ട്രംപ്‌ താക്കീത്‌ നല്‍കി.
യു.എസുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്നും എന്നാല്‍ അത്‌ മാന്യതയുടെയും പരസ്‌പരബഹുമാനത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ്‌ അരാഗ്‌ചി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇറാന്‍ സര്‍ക്കാര്‍ താനുമായി ബന്ധപ്പെട്ട്‌ ചര്‍ച്ച ആവശ്യപ്പെട്ടെന്നാണ്‌ ട്രംപ്‌ വാര്‍ത്താ ഏജന്‍സിയായ എ.എഫ്‌.പിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌. ''ഇറാനിലെ നേതാക്കള്‍ കഴിഞ്ഞദിവസം വിളിച്ചിരുന്നു. അവര്‍ ചര്‍ച്ച ആവശ്യപ്പെടുന്നു. യു.എസ്‌. സൈന്യം സ്‌ഥിതിഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചുവരുകയാണ്‌. ഇറാനില്‍നിന്നുള്ള വിവരങ്ങള്‍ ഓരോ മണിക്കൂറിലും എനിക്കു ലഭിക്കുന്നുണ്ട്‌''- ട്രംപ്‌ പറഞ്ഞു. ഇറാനിലെ പ്രതിഷേധക്കാരില്‍ ചിലര്‍ തിക്കിലും തിരക്കിലുംപെട്ടാണ്‌ മരിച്ചതെന്നും മറ്റ്‌ ചിലര്‍ വെടിയേറ്റ്‌ മരിച്ചെന്നും ട്രംപ്‌ ചൂണ്ടിക്കാട്ടി.

ആജ്‌ഞ വേണ്ട, ചര്‍ച്ചയാകാം'

പ്രതിഷേധക്കാരെ സഹായിക്കുന്ന തരത്തില്‍ ഇടപെട്ടാല്‍ അമേരിക്കയും ഇസ്രയേലും തങ്ങളുടെ ലക്ഷ്യങ്ങളായിരിക്കുമെന്ന്‌ ഇറാന്‍ നേരത്തേ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍, ട്രംപിന്റെ പുതിയ അവകാശവാദത്തോട്‌ ഇറാന്‍ പ്രതികരിച്ചില്ല. അമേരിക്കയും മധ്യസ്‌ഥരായ സ്വിറ്റ്‌സര്‍ലാന്‍ഡുമായി ആശയവിനിമയമാര്‍ഗങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു ഇറാന്‍ വിദേശകാര്യവക്‌താവ്‌ ഇസ്‌മയില്‍ ബാഘേയിയുടെ പ്രതികരണം. പരസ്‌പരതാത്‌പര്യങ്ങളും ആശങ്കകളും കണക്കിലെടുക്കുന്നതാകണം ചര്‍ച്ചകള്‍.
അതൊരിക്കലും ഏകപക്ഷീയമോ ആജ്‌ഞാനുവര്‍ത്തിത്തമോ ആയിക്കൂടാ. ഇറാന്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാണ്‌. എന്നാല്‍, ആജ്‌ഞകള്‍ക്കു വഴങ്ങില്ല. ഒരു വിദേശ ഇടപെടലും ഇറാന്‍ ജനത അനുവദിക്കില്ല. യു.എസ്‌, ഇസ്രേലി കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയായി ഇറാന്‍ ജനതയ്‌ക്കുമേലുള്ള ഭീകരാക്രമണമാണ്‌ ഇപ്പോള്‍ രാജ്യത്തു നടക്കുന്നത്‌. പ്രതിഷേധക്കാര്‍ക്കിടയില്‍ വിദേശശക്‌തികള്‍ നുഴഞ്ഞുകയറിയതിനു തെളിവുണ്ടെന്നും വിദേശകാര്യവക്‌താവ്‌ പറഞ്ഞു.

Ads by Google
Tuesday 13 Jan 2026 12.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW