-->
ലണ്ടന്‍ : അട്ടിമറികളുടെ പരമ്പര തന്നെ കണ്ട എഫ്എ കപ്പ് ഫുട്‌ബോളിലെ ഈ വീക്കെന്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡയും പണികിട്ടി പുറത്തുപോയപ്പോള്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രൈട്ടണായിരുന്നു യുണൈറ്റഡിനെ പുറത്തേക്കിട്ടതെങ്കില്‍ ആഴ്‌സണല്‍ പോര്‍ട്ട്‌സ്മൗത്തിനെ എണ്ണം പറഞ്ഞ ഗോളുകളുടെ മികവില്‍ തോല്‍പ്പിച്ച് നാലാം റൗണ്ടിലെത്തി.
ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഹാട്രികിന്റെ പിന്‍ബലത്തില്‍ പോര്‍ട്ട്‌സ്മൗത്തിനെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച ആഴ്‌സണല്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. 16 വയസ്സും 135 ദിവസവും പ്രായമുള്ള ഡിഫന്‍ഡര്‍ മാര്‍ലി സാല്‍മണ്‍ എഫ്എ കപ്പില്‍ ആഴ്‌സണലിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. മൂന്നാം മിനിറ്റില്‍ കളിയില്‍ ആദ്യം ഗോളടിച്ചത് പോര്‍ട്ട്‌സ്മൗത്തായിരുന്നു. എന്നാല്‍ അവരുടെ തന്നെ ഡോസല്‍ വരുത്തിയ പിഴവില്‍ സമനില ഗോളും പോര്‍ട്ട്‌സ്മൗത്ത് തന്നെ ആഴ്‌സണലിന് നല്‍കി.
അതിന് ശേഷം ഇരുപകുതികളിലുമായി മാര്‍ട്ടിനെല്ലിയുടെ ബൂട്ടില്‍ നിന്നും എണ്ണം പറഞ്ഞ ഗോളുകള്‍ വന്നത്. 25 ാം മിനിറ്റില്‍ മഡ്യൂക്കേ നല്‍കിയ പാസ് മുതലാക്കിയ മാര്‍ട്ടിനെല്ലി പിന്നാലെ ഗബ്രിയേല്‍ ജീസസ് ഒരുക്കിക്കൊടുത്ത അവസരത്തിലും പിന്നാലെ മഡ്യൂക്ക വീണ്ടും നെയ്‌തെടുത്ത അവസരത്തിലും ഗോളുകള്‍ കുറിച്ച് രണ്ടുഗോളുകള്‍ കൂടി നേടുകയുമായിരുന്നു. മാനേജര്‍ അമേറിമിനെ പുറത്താക്കിയതിന് പിന്നാലെ നടന്ന ആദ്യ മാച്ചില്‍ സ്വന്തം മൈതാനത്താണ് ബ്രൈട്ടണ്‍ ഹോവ് ആല്‍ബിയോണ്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് യുണൈറ്റഡിന്റെ വഴിയടച്ചത്.
തങ്ങളുടെ തന്നെ മുന്‍ സ്ട്രൈക്കര്‍ ആയിരുന്ന ഡാനി വെല്‍ബെക്ക് ആയിരുന്നു പണി കൊടുപ്പിന് മുന്നില്‍ നിന്നത്. കളിയിലെ ബ്രൈറ്റന്റെ നിര്‍ണ്ണായക ഗോള്‍ കണ്ടെത്തിയത് വെല്‍ബെക്കായിരുന്നു. താല്‍ക്കാലിക ചുമതലക്കാരനായ ഡാരന്‍ ഫ്‌ലെച്ചറുടെ കീഴിലാണ് യുണൈറ്റഡ് കളിക്കാനെത്തിയത്. 35 കാരന്‍ യുണൈറ്റഡിനെതിരെ നേടിയ എട്ടാമത്തെ ഗോളും സ്റ്റേഡിയത്തിലെ ആറാമത്തെ ഗോളുമായിരുന്നു ഇത്.
കളി തുടങ്ങി പന്ത്രണ്ടാം മിനിറ്റില്‍ ബ്രൈട്ടണ്‍ ഗോള്‍ നേടി. പോസ്റ്റിന്റെ മേല്‍ക്കൂരയിലേക്കുള്ള ഇടിമിന്നല്‍ ഡ്രൈവ് ബ്രജന്‍ ഗ്രുഡയുടെ വകയായിരുന്നു. രണ്ടാം പകുതിയില്‍ ഗ്രുഡ നല്‍കിയ പന്തില്‍ വെല്‍ബെക്കിന്റെ ഗോളും വന്നപ്പോള്‍ ബ്രൈറ്റണിന് ലീഡ് ഇരട്ടിയായി. തോല്‍വിയെ മറികടക്കാന്‍ ആഞ്ഞു പിടിക്കുന്നതിനിടയില്‍ സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പന്തില്‍ സെസ്്‌കോ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടി യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചുകൊടുത്തു. പക്ഷേ അവസാന മിനിറ്റില്‍ 18 കാരനായ ഷിയ ലെയ്സിചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായപ്പോള്‍ ബ്രൈട്ടണ്‍ നാലാം റൗണ്ടിലേക്ക് പോയി.