Wednesday, March 11, 2026 Last Updated 29 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

ഗ്രീന്‍ലന്‍ഡ്‌ പിടിച്ചെടുക്കും; ഇറാനില്‍ അട്ടിമറി നടത്തും, പുതുവര്‍ഷ പദ്ധതികളുമായി ട്രംപ്‌

uploads/news/2026/01/820236/int2.jpg

വാഷിങ്‌ടണ്‍: ഗ്രീന്‍ലന്‍ഡിനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കാന്‍ സൈനിക മേധാവികളോട്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്‌. വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ്‌ അദ്ദേഹത്തിന്റെ നീക്കങ്ങള്‍. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കും ട്രംപ്‌ പിന്തുണ നല്‍കും. ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ യു.എസ്‌. തയാറെടുക്കുന്നെന്ന സൂചന പുറത്തുവന്നിട്ടുണ്ട്‌.
ഗ്രീന്‍ലാന്‍ഡ്‌ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കാന്‍ ഡോണള്‍ഡ്‌ ട്രംപ്‌ തന്റെ പ്രത്യേക സേന കമാന്‍ഡര്‍മാരോട്‌ ഉത്തരവിട്ടതായി 'ദ്‌ മെയില്‍ ഓണ്‍ സണ്‍ഡേ' റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഈ വര്‍ഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ആക്രമണങ്ങള്‍ നടത്താനാണു നീക്കം. യു.എസ്‌. നേരിടുന്ന സാമ്പത്തിക തിരിച്ചടിയില്‍നിന്നു വോട്ടര്‍മാരുടെ ശ്രദ്ധ മാറ്റാനും സൈനിക നടപടിയിലൂടെ കഴിയുമെന്നു ട്രംപ്‌ വിശ്വസിക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നു ട്രംപ്‌ ഭയക്കുന്നു. യു.എസ്‌. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക്‌ ലഭിച്ചാല്‍ ട്രംപിനു മുന്നില്‍ തടസങ്ങള്‍ കൂടും.
എന്നാല്‍, ഗ്രീന്‍ലന്‍ഡ്‌ പിടിച്ചെടുക്കാനുള്ള നീക്കം നാറ്റോയുടെ തകര്‍ച്ചയ്‌ക്ക്‌ വഴിവയ്‌ക്കുമെന്നു വിശ്വസിക്കുന്നവര്‍ ട്രംപിന്റെ ഉപദേശകരിലുണ്ട്‌. ജോയിന്റ്‌ സ്‌പെഷല്‍ ഓപ്പറേഷന്‍സ്‌ കമാന്‍ഡിനോട്‌ ആക്രമണ പദ്ധതി തയാറാക്കാന്‍ ട്രംപ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ആക്രമണം നിയമവിരുദ്ധമാണെന്നും യു.എസ്‌. കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നും പറഞ്ഞ്‌ ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ ട്രംപിനോട്‌ വിയോജിപ്പ്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍, സ്‌റ്റീഫന്‍ മില്ലറെപ്പോലുള്ള തീവ്രനിലപാടുകാര്‍ യുദ്ധം വേണമെന്ന നിലപാടിലാണ്‌.
ഇറാനിലെ ജനങ്ങളെ 'സഹായിക്കാന്‍ അമേരിക്ക തയാറാണ്‌' എന്നാണു ട്രംപ്‌ പ്രഖ്യാപിച്ചത്‌.
'ഇറാന്‍ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്‌. ഇതു മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്‌തമാണ്‌. അമേരിക്ക സഹായിക്കാന്‍ തയാറാണ്‌'- ട്രംപ്‌ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ട്രംപ്‌ ഭരണകൂടം ഇറാനെതിരായ ആക്രമണത്തെക്കുറിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി 'വാള്‍സ്‌ട്രീറ്റ്‌ ജേണലിന്‌' നല്‍കിയ അഭിമുഖത്തില്‍, യു.എസ്‌. ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തി. ഇറാനിലെ നിരവധി സൈനിക ലക്ഷ്യങ്ങളില്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളെക്കുറിച്ചാണ്‌ അവര്‍ ചര്‍ച്ച ചെയ്‌തതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ചര്‍ച്ചകളില്‍ പല സാധ്യതകളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും, ഇത്‌ സാധാരണ സൈനിക ആസൂത്രണത്തിന്റെ ഭാഗമാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
തങ്ങളുടെ രാജ്യത്തെ കലാപത്തിനു പിന്നില്‍ അമേരിക്കയാണെന്നാണ്‌ ഇറാന്റെ നിലപാട്‌. 'അമേരിക്കന്‍ പ്രസിഡന്റ്‌ അവരെ സഹായിക്കാന്‍ വരുമെന്ന്‌ പറഞ്ഞതുകൊണ്ടാണ്‌ അവര്‍ തെരുവുകള്‍ നശിപ്പിക്കുന്നത്‌'- ഇറാന്‍ പ്രതികരിച്ചു.
യു.എസ്‌. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാനിലെ സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. 'അമേരിക്ക ഇറാനിലെ ധീരരായ ജനങ്ങളെ പിന്തുണയ്‌ക്കുന്നു'- അദ്ദേഹംപറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW