Wednesday, March 11, 2026 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

'വറചട്ടിയില്‍' ഇറാന്‍, ആടിയുലഞ്ഞ്‌ ഖമനേയി ഭരണകൂടം

uploads/news/2026/01/820235/int1.jpg

ടെഹ്‌റാന്‍: പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ ഇറാന്‍ സര്‍ക്കാര്‍ സമ്മര്‍ദത്തില്‍. ഇന്നലെ ഏറ്റുമുട്ടലില്‍ 109 സുരക്ഷാ ഭടന്മാരാണു കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം പുറത്തുവന്നിട്ടില്ല. ഇടപെടാന്‍ മടിക്കില്ലെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു പ്രക്ഷോഭത്തിനു തുടക്കമായത്‌. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ വ്യാപാരികള്‍ നടത്തിയ സമരത്തോടെയാണു പ്രക്ഷോഭത്തിനു തുടക്കം. ഇറാനിയന്‍ റിയാലിന്റെ മൂല്യത്തകര്‍ച്ച, 40% വരുന്ന പണപ്പെരുപ്പം, ഭക്ഷണവും ഇന്ധനവുമടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലവര്‍ധന എന്നിവ ജനരോഷത്തിനു കാരണമായി.
2018 മുതല്‍ പുനരാരംഭിച്ച രാജ്യാന്തര ഉപരോധങ്ങളും 2025ല്‍ ഇറാനിലെ ആണവ സൗകര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കി. ഡിസംബര്‍ 28ന്‌ വ്യാപാരി സമരം പ്രക്ഷോഭമായി മാറി. അത്‌ രാജ്യവ്യാപകമായി പടര്‍ന്നു.

പ്രതിഷേധങ്ങള്‍ നാള്‍വഴി

ഡിസംബര്‍ 28: ഇറാനിയന്‍ റിയാലിന്റെ മൂല്യം യു.എസ്‌ ഡോളറിന്‌ 14.2 ലക്ഷം എന്ന നിലയിലേക്കു താഴ്‌ന്നു. അത്‌ പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ഭക്ഷ്യവസ്‌തുക്കളുടെയും മറ്റ്‌ നിത്യോപയോഗ സാധനങ്ങളുടെയും വില ഉയര്‍ത്തുകയും ചെയ്‌തു. ഡിസംബറിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ പെട്രോളിനു വില വര്‍ധിപ്പിച്ചത്‌ അതൃപ്‌തി വര്‍ധിപ്പിച്ചിരുന്നു.
ഡിസംബര്‍ 29: സെന്‍ട്രല്‍ ബാങ്ക്‌ തലവന്‍ മുഹമ്മദ്‌ റെസ ഫാര്‍സിന്‍ രാജിവച്ചു. ടെഹ്‌റാനിലെ പ്രതിഷേധങ്ങള്‍ മറ്റ്‌ നഗരങ്ങളിലേക്കും വ്യാപിച്ചു. തലസ്‌ഥാനത്ത്‌ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഡിസംബര്‍ 30: പ്രതിഷേധങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്കും നിരവധി സര്‍വകലാശാല കാമ്പസുകളിലേക്കും വ്യാപിച്ചു. ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസേഷകിയന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തി. സമ്പദ്‌വ്യവസ്‌ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്‌ അദ്ദേഹം വ്യവസായികള്‍ക്ക്‌ ഉറപ്പുനല്‍കി.
ഡിസംബര്‍ 31: അബ്‌ദുള്‍നാസര്‍ ഹെമ്മതിയെ ഇറാന്‍ പുതിയ സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണറായി നിയമിച്ചു. തെക്കന്‍ ഇറാനിലെ ഫസ നഗരത്തില്‍ പ്രതിഷേധം അക്രമാസക്‌തമായെന്നും ജനക്കൂട്ടം ഗവര്‍ണറുടെ ഓഫീസ്‌ തകര്‍ത്തു. - ജനുവരി 1: പ്രതിഷേധങ്ങളുടെ ആദ്യ മരണം ഔദ്യോഗികമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. അധികൃതരുടെ കണക്കനുസരിച്ച്‌ കുറഞ്ഞത്‌ ഏഴ്‌ പേര്‍ കൊല്ലപ്പെട്ടു. ലോറെസ്‌ഥാന്‍ പ്രവിശ്യയിലെ അസ്‌ന നഗരത്തിലാണ്‌ രൂക്ഷമായ അക്രമം നടന്നത്‌. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ സാധനങ്ങള്‍ കത്തിനശിക്കുന്നതും വെടിയൊച്ച കേള്‍ക്കുന്നതും ആളുകള്‍ 'മുദ്രാവാക്യം എന്ന്‌ വിളിക്കുന്നതും കാണാം. ഫാര്‍സ്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു. ബക്‌തിയാരി, ഇസ്‌ഫഹാന്‍ പ്രവിശ്യകളിലും മറ്റ്‌ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. ലോറെസ്‌ഥാനില്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ബസിജ്‌ വിഭാഗത്തിലെ 21 വയസ്സുള്ള ഒരു വളണ്ടിയറും കൊല്ലപ്പെട്ടു. - ജനുവരി 2: യു.എസ്‌. പ്രസിഡന്റ്‌ ഡൊണള്‍ഡ്‌ ട്രംപ്‌ വിഷയത്തില്‍ ഇടപെട്ടു. ഇറാന്‍ 'സമാധാനപരമായ പ്രതിഷേധക്കാരെ അതിക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചാല്‍ അമേരിക്ക അവരെ പ്രതിരോധിക്കുമെന്ന്‌ അദ്ദേഹം ട്രൂത്ത്‌ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എഴുതി. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിന്‌ മാസങ്ങള്‍ക്ക്‌ ശേഷം വന്ന ഈ മുന്നറിയിപ്പില്‍,'ഞങ്ങള്‍ സജ്‌ജരാണ്‌, തയാറാണ്‌' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ്‌ ആസ്‌ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ്‌ ആക്‌ടിവിസ്‌റ്റ്‌സ്‌ ന്യൂസ്‌ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ഈ സമയത്ത്‌ 31 പ്രവിശ്യകളിലെ 22ല്‍ 100ല്‍ അധികം സ്‌ഥലങ്ങളിലേക്ക്‌ പ്രതിഷേധങ്ങള്‍ വ്യാപിച്ചു.
- ജനുവരി 3: ഇറാനിലെ പരമോന്നത നേതാവ്‌ ആയത്തുല്ല അലി ഖമനേയി കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദേശം നല്‍കി. 25 പ്രവിശ്യകളിലെ 170ല്‍ അധികം സ്‌ഥലങ്ങളിലേക്ക്‌ പ്രതിഷേധം വ്യാപിച്ചു. കുറഞ്ഞത്‌ 15 പേര്‍ കൊല്ലപ്പെടുകയും 580 പേര്‍ അറസ്‌റ്റ്‌ ചെയ്യപ്പെടുകയും ചെയ്‌തു.
- ജനുവരി 6: ടെഹ്‌റാനിലെ ഗ്രാന്‍ഡ്‌ ബസാറില്‍ പ്രതിഷേധക്കാര്‍ ധര്‍ണ നടത്തി. സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ച്‌ അവരെ പിരിച്ചുവിട്ടു. ഹ്രാനയുടെ കണക്കനുസരിച്ച്‌, ഇറാന്‍ സുരക്ഷാ സേനയിലെ രണ്ട്‌ അംഗങ്ങള്‍ ഉള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടു. 31 പ്രവിശ്യകളിലെ 27ല്‍ 280ല്‍ അധികം സ്‌ഥലങ്ങളിലേക്ക്‌ പ്രകടനങ്ങള്‍ എത്തി.
ജനുവരി 8: ഇറാനിലെ പ്രവാസി കിരീടാവകാശിയായ റെസ പഹ്‌ലവി രംഗത്തിറങ്ങി. പരമാവധി പട്ടണങ്ങള്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം അണികള്‍ക്ക്‌ നിര്‍ദേശം നല്‍കി. പുറംലോകവുമായുള്ള ബന്ധം തടയാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ്‌, രാജ്യാന്തര ടെലിഫോണ്‍ കോളുകള്‍ തടഞ്ഞു.
ജനുവരി 9: ശക്‌തമായ അടിച്ചമര്‍ത്തല്‍ വരുന്നു എന്നു ഭരണകൂടത്തിന്റെ മുന്നറിയിപ്പ്‌. എന്നാല്‍ പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കുറഞ്ഞത്‌ 65 പേര്‍ കൊല്ലപ്പെടുകയും 2,300ല്‍ അധികം പേരെ തടവിലാക്കുകയും ചെയ്‌തു.
ജനുവരി 10: പ്രതിഷേധങ്ങള്‍ രണ്ട്‌ ആഴ്‌ച പിന്നിട്ടപ്പോള്‍, കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി. ഇറാനിലെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ്‌ മൊവാഹദി അസദ്‌, പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രുവായി' കണക്കാക്കുമെന്നും അത്‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW