Wednesday, March 11, 2026 Last Updated 29 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

'തെരുവുകളില്‍ തുടരണം; ഉടന്‍ നിങ്ങള്‍ക്കൊപ്പം ചേരും'

ടെഹ്‌റാന്‍: ഇറാനില്‍ ഖമനേയി ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച്‌, 1979 ല്‍ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ട ഷായുടെ യു.എസിലുള്ള മകന്‍ റെസ പഹ്‌ലവി.
തെരുവില്‍നിന്നു പോകരുതെന്നു പ്രതിഷേധക്കാരോട്‌ അഭ്യര്‍ഥിച്ച പഹ്‌ലവി, താന്‍ ഉടന്‍ അവര്‍ക്കൊപ്പം ചേരുമെന്നും പറഞ്ഞു. തുടര്‍ച്ചയായി മൂന്നു രാത്രികള്‍ തെരുവുകളില്‍ പ്രതിഷേധം തുടര്‍ന്നത്‌ ഖമേനിയിയുടെ അടിച്ചമര്‍ത്തല്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തിയെന്നും സാമൂഹിക മാധ്യമമായ 'എക്‌സി'ലെ സന്ദേശത്തില്‍ പറയുന്നു. എന്റെ നാട്ടുകാര്‍ എന്ന്‌ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പഹ്‌ലവിയുടെ സന്ദേശം.
'തെരുവുകളിലെ ദശലക്ഷക്കണക്കിന്‌ ആളുകളെ നേരിടാന്‍ ഇറാനിലെ ഇസ്ലാമിക്‌ റിപ്പബ്ലിക്കിന്‌ ആവശ്യത്തിനു കൂലിപ്പടയാളികള്‍ ഇല്ലെന്നാണു റിപ്പോര്‍ട്ട്‌. നിരവധി സായുധ, സുരക്ഷാ സേനാംഗങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉത്തരവ്‌ ലംഘിച്ചുകൊണ്ട്‌ ജോലിസ്‌ഥലങ്ങള്‍ വിട്ടു. ഖമനേയിക്കു ബാക്കിയുള്ളത്‌ തങ്ങളുടെ ക്രിമിനല്‍ നേതാവിനെപ്പോലെ അക്രമാസക്‌തരായ ചെറിയസംഘം കൂലിപ്പടയാളികളാണ്‌. അവര്‍ ഇറാന്‍ വിരുദ്ധരാണ്‌. അവരുടെ പ്രവൃത്തികള്‍ക്കുള്ള ഫലം അവര്‍ അനുഭവിക്കും.'-പഹ്‌ലവി പറഞ്ഞു.
പ്രതിഷേധം
കടുക്കുന്നു

ഇന്റര്‍നെറ്റ്‌ വിച്‌ഛേദിക്കല്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിരുന്നിട്ടും ഖമനേയി ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്‌തമാവുകയാണ്‌. നിരവധിപ്പേര്‍ മരിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഉപരോധങ്ങളും കഴിഞ്ഞ വര്‍ഷത്തെ ഇസ്രയേലുമായുള്ള സംഘര്‍ഷവും മൂലം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന്‌ രണ്ടാഴ്‌ച മുമ്പാണ്‌ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്‌. ഇതു പിന്നീട്‌ ഖമനേയി ഭരണകൂടത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി മാറി. അതിനിടെ, പ്രതിഷേധങ്ങളെ അടച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ മൂലം ഇറാന്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സഹായിക്കാന്‍ തയാറാണെന്നും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. 'ഇറാന്‍ സ്വാതന്ത്ര്യത്തിനായി ശ്രമിക്കുകയാണ്‌. ഒരുപക്ഷേ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം. യു.എസ്‌. സഹായിക്കാന്‍ തയാറാണ്‌!' അദ്ദേഹം ട്രൂത്ത്‌ സോഷ്യലില്‍ പറഞ്ഞു. സൈനിക ആക്രമണങ്ങള്‍ക്കുള്ള സാധ്യതകളെക്കുറിച്ച്‌ ട്രംപ്‌ ചര്‍ച്ചചെയ്‌തതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അതേ സമയം, ട്രംപ്‌ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്‌ യു.എസ്‌. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW