-->
ടെഹ്‌റാന്: രണ്ടാഴ്‌ചയായി തുടരുന്ന ഇറാനിലെ പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 65 പേര്‍ കൊല്ലപ്പെട്ടെന്നും 2,300-ലധികം പേര്‍ അറസ്‌റ്റിലായെന്നും ഔദ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ 200 കടന്നതായി അനൗദ്യോഗിക വിവരം.
അധികൃതര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിയിട്ടും ഭരണവിരുദ്ധ പ്രകടനങ്ങള്‍ കൂടുതല്‍ വ്യാപകമായി. ടെഹ്‌റാനിലെ സാദതാബാദ് ജില്ലയില്‍, കാറുകള്‍ ഹോണ്‍ മുഴക്കി പിന്തുണ അറിയിച്ചപ്പോള്‍ ചിലര്‍ പാത്രങ്ങള്‍ അടിച്ചു പ്രക്ഷോഭകര്‍ക്ക് പിന്തുണയറിയിച്ചു. 'ഖമനേയിക്ക് മരണം' ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങിക്കേട്ടു. കിഴക്കന്‍ നഗരമായ മഷ്‌ഹാദിലും, വടക്ക് ഭാഗത്തുള്ള തബ്രിസിലും വിശുദ്ധ നഗരമായ കോമിലുമെല്ലാം പ്രക്ഷോഭം ആളിക്കത്തി.
അതിനിടെ, സുരക്ഷ ഒരു 'ചുവപ്പ്‌രേഖ'യാണെന്നും പൊതു സ്വത്ത് സംരക്ഷിക്കാന്‍ സൈന്യം പ്രതിജ്‌ഞാബദ്ധമാണെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഇറാന്‍ ജനതയെ സഹായിക്കാന്‍ ഇടപെടണമെന്ന് ഭരണവിരുദ്ധ നേതാവും 1979-ല്‍ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്‌ലവിയയുടെ മകനുമായ റിസ പഹ്‌ലവി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ചു. നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ തയാറെടുക്കാന്‍ സാമൂഹിക മാധ്യമ പോസ്‌റ്റിലൂടെ അദ്ദേഹം ആഹ്വാനം ചെയ്‌തു. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പ്രകടനത്തില്‍ പഹ്‌ലവിയുടെ ചിത്രങ്ങള്‍ എടുത്തുകാട്ടി പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം പിന്തുണ പ്രകടിപ്പിച്ചിരുന്നു.
പ്രതിഷേധക്കാരോട് നഗരകേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ പഹ്‌ലവി ആഹ്വാനം ചെയ്‌തതിനു തൊട്ടുപിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ അപലപിച്ച് കൂടുതല്‍ ആളുകള്‍ തെരുവിലിറങ്ങി. പ്രധാന ഇറാനിയന്‍ നഗരങ്ങള്‍ ഒറ്റരാത്രികൊണ്ട് ബഹുജന റാലികളാല്‍ വലയം ചെയ്യപ്പെട്ടു.
കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരേ തുടങ്ങിയ പ്രതിഷേധം മതഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. ഇതോടെ, യു.എസും ഇസ്രയേലും 'കലാപങ്ങള്‍' വളര്‍ത്തിയെന്ന് ഖമനേയി ഭരണകൂടം ആരോപണമുയര്‍ത്തി.
കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍, സ്‌തീകള്‍ക്കും ആളുകള്‍ക്കും ഇടയില്‍ സിംഹവും സൂര്യനും ചിത്രീകരിച്ചിരിക്കുന്ന ഷാ കാലഘട്ടത്തിലെ ഇറാനിയന്‍ പതാക വീശുന്ന ഒരു വ്യക്‌തിയുടെ ചിത്രം വൈറലായിരുന്നു. വടക്കന്‍ ഇറാനിലെ പൗനക് ജില്ലയില്‍, ഹൈവേയുടെ നടുവില്‍ തീയ്‌ക്ക് ചുറ്റും ആളുകള്‍ നൃത്തം ചെയ്യുന്നതും കാണാനായി. ഷിയാ ഇസ്ലാമിലെ പുണ്യ ആരാധനാലയങ്ങളിലൊന്നായ മഷ്‌ഹദിലെ വക്കിലാബാദ് ജില്ലയില്‍, ആളുകള്‍ 'ഖമേനിക്ക് മരണം' എന്ന് ആക്രോശിച്ച് തെരുവില്‍ മാര്‍ച്ച് നടത്തി.
അതിനിടെ, യു.എസ് .സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാനിയന്‍ പ്രതിഷേധക്കാരെ പിന്തുണച്ച് രംഗത്തെത്തി. യു.എസ് ഇറാനിലെ ധീരരായ ജനങ്ങളെ പിന്തുണയ്‌ക്കുന്നു' എന്നായിരുന്നു റൂബിയോയുടെ പോസ്‌റ്റ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിസാരമായി കാണരുതെന്ന് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ടെഹ്‌റാന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ നേതാക്കള്‍ 'വലിയ കുഴപ്പത്തിലാണെന്ന്' തോന്നുന്നുവെന്നും സമാധാനപരമായ പ്രതിഷേധം നടത്തുന്നവര്‍ കൊല്ലപ്പെട്ടാല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുമെന്നും നേരത്തെ ട്രംപും ഭീഷണി മുഴക്കിയിരുന്നു.