Wednesday, March 11, 2026 Last Updated 33 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.33 PM

ഐ.എസ്‌.എസില്‍നിന്ന്‌ യു.എസ്‌. സഞ്ചാരികളെ 14 ന്‌ ഒഴിപ്പിക്കും

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐ.എസ്‌.എസ്‌)ലെ യു.എസ്‌. ബഹിരാകാശ യാത്രികര്‍ 14 നു ഭൂമിയിലേക്കു മടങ്ങും. ഫെബ്രുവരിയിലാണ്‌ അവരുടെ യാത്ര നിശ്‌ചയിച്ചിരുന്നത്‌. ഒരു ബഹിരാകാശ യാത്രികന്‌ ആരോഗ്യപ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണു മടക്കം നേരത്തെയാക്കിയത്‌.
കാലാവസ്‌ഥയും രക്ഷാപ്രവര്‍ത്തന സാഹചര്യങ്ങളും അനുസരിച്ച്‌ 15ന്‌ പുലര്‍ച്ചെ യാത്രികര്‍ കാലിഫോര്‍ണിയയുടെ തീരത്ത്‌ ഇറങ്ങുമെന്നാണു പ്രതീക്ഷ.
ഐ.എസ്‌.എസിലെ ആദ്യത്തെ മെഡിക്കല്‍ ഒഴിപ്പിക്കലിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്‌ഥര്‍ നല്‍കിയിട്ടില്ല. എങ്കിലും, ബഹിരാകാശ സഞ്ചാരിക്ക്‌ ബഹിരാകാശ നിലയത്തില്‍വച്ച്‌ യാതൊരുവിധ പരുക്കുകളോ അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്നും, പേര്‍ വെളിപ്പെടുത്താത്ത യാത്രികന്‍ സുഖമായിരിക്കുന്നുവെന്നും അടിയന്തര ഒഴിപ്പിക്കല്‍ ആവശ്യമില്ലെന്നും നാസ അറിയിച്ചു. നാസയുടെ ക്രൂ 11 ലെ യാത്രികരാണു മടങ്ങുന്നത്‌. ഓഗസ്‌റ്റ്‌ ഒന്നിനാണ്‌ അവര്‍ ഐ.എസ്‌.എസിലെത്തിയത്‌. സാധാരണയായി ഇത്തരം യാത്രകള്‍ ഏകദേശം ആറ്‌ മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്‌. അമേരിക്കന്‍ യാത്രികരായ മൈക്ക്‌ ഫിന്‍കെയും സീന കാര്‍ഡ്‌മാനും, ജപ്പാനിലെ കിമിയ യുകിയും, റഷ്യയിലെ ഒലെഗ്‌ പ്ലേറ്റനോവും 14 നു മടങ്ങിയെത്തും. അമേരിക്കക്കാരനായ ക്രിസ്‌ വില്യംസ്‌ യു.എസ്‌. സാന്നിധ്യം നിലനിര്‍ത്തുന്നതിനായി ഐ.എസ്‌.എസില്‍ തുടരും.അടുത്ത യു.എസ്‌. ദൗത്യം ഐ.എസ്‌.എസിലേക്ക്‌ നേരത്തെ പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ സൂചിപ്പിച്ചു, പക്ഷേ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 2000 മുതല്‍ തുടര്‍ച്ചയായി മനുഷ്യവാസമുള്ള ഐ.എസ്‌.എസ്‌, ചൊവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശ പര്യവേഷണങ്ങളെ പിന്തുണയ്‌ക്കുന്ന ഗവേഷണങ്ങളുടെ പരീക്ഷണശാലയായി പ്രവര്‍ത്തിക്കുന്നു.

Ads by Google
Saturday 10 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW