Wednesday, March 11, 2026 Last Updated 54 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.33 PM

വെനസ്വേലന്‍ എണ്ണ ഇന്ത്യക്ക്‌ വില്‍ക്കാന്‍ തയാറെന്ന്‌ യു.എസ്‌.

വാഷിങ്‌ടണ്‍: വെനസ്വേലന്‍ അസംസ്‌കൃത എണ്ണ ഇന്ത്യയ്‌ക്കു വില്‍ക്കാന്‍ തയാറാണെന്ന്‌ അമേരിക്ക. വാഷിങ്‌ടണിന്റെ നിയന്ത്രണത്തിലുള്ള കരാര്‍പ്രകാരമായിരിക്കും വ്യാപാരമെന്ന്‌ 'ദ്‌ സ്‌റ്റേറ്റ്‌സ്‌മാന്‍' റിപ്പോര്‍ട്ട ചെയ്‌തു.
റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്‌തമാക്കുന്നതിനിടെയാണ്‌ അമേരിക്കയുടെ പുതിയ നീക്കം. പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെയും ഭാര്യയെയും സൈനികനടപടിയിലൂടെ പിടികൂടി ദിവസങ്ങള്‍ക്കുമുമ്പ്‌ ട്രംപ്‌ ഭരണകൂടം ന്യൂയോര്‍ക്കിലെ ജയിലിലാക്കിയിരുന്നു. വെനസ്വേലയിലെ എണ്ണശേഖരത്തില്‍ കണ്ണുവച്ചാണ്‌ ട്രംപിന്റെ ഈ പ്രവൃത്തിയെന്ന്‌ ആരോപണം ശക്‌തമായിരുന്നു. ഇതിനുപിന്നാലെ വെനസ്വേലന്‍ എണ്ണവിപണനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നു യു.എസ്‌. പ്രഖ്യാപിച്ചു. ഇക്കാര്യം പുറത്തുവന്ന്‌ ദിവസങ്ങള്‍ക്കുള്ളിലാണ്‌ ഇന്ത്യയുമായി വെനസ്വേലന്‍ എണ്ണവ്യാപാരത്തിനു യു.എസ്‌. സന്നദ്ധമാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
എണ്ണയിടപാടുകള്‍ക്കായി കാരക്കാസും വാഷിങ്‌ടണുമായി ഈവര്‍ഷം ആദ്യം കരാര്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച്‌ രണ്ടു ബില്യണ്‍ യു.എസ്‌. ഡോളര്‍ എണ്ണ കയറ്റുമതിക്കായിരുന്നു കരാര്‍. യു.എസിന്റെ താരിഫ്‌ ഭീഷണിക്കിടയിലും റഷ്യന്‍ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലുള്ള എതിര്‍പ്പ്‌ നിലനില്‍ക്കുമ്പോഴും വെനസ്വേലയില്‍നിന്നുള്ള എണ്ണ വാങ്ങാന്‍ യു.എസ്‌. പച്ചക്കൊടി കാട്ടുമെന്നാണ്‌ സ്‌റ്റേറ്റ്‌സ്‌മാന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. പുതുതായി രൂപം നല്‍കുന്ന യു.എസ്‌. ചട്ടക്കൂടിനു കീഴില്‍ എണ്ണയിടപാടിന്‌ ഇന്ത്യക്ക്‌ അനുമതി നല്‍കും. ഇതനുസരിച്ച്‌ യു.എസ്‌. സര്‍ക്കാര്‍ വിപണനം ചെയ്യുന്ന വെനസ്വേലന്‍ എണ്ണയാകും ഇന്ത്യക്കു ലഭിക്കുക.
വെനസ്വേലയില്‍നിന്ന്‌ എണ്ണയിറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലായിരുന്നു ഇന്ത്യയുടെ സ്‌ഥാനം. എന്നാല്‍, അമേരിക്കന്‍ നിയന്ത്രണങ്ങള്‍ ഇതിനു വിഘാതമായി. പുതിയ സാഹചര്യത്തില്‍ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ വെനസ്വേലന്‍ അസംസ്‌കൃത എണ്ണ വ്യാപാരം പുനഃരാരംഭിക്കുന്നതിനുള്ള അനുമതി തേടി അമേരിക്കയെ സമീപിച്ചതായാണു വിവരം. കമ്പനിയുടെ ഉന്നതര്‍ ഈ ആവശ്യവുമായി യു.എസ്‌. ആഭ്യന്തര, ധനകാര്യ വകുപ്പുകളെ സമീപിച്ചിട്ടുണ്ടെന്ന്‌ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞവര്‍ഷം മേയിലാണ്‌ വെനസ്വേലയില്‍നിന്നു റിലയന്‍സിന്‌ അവസാനമായി ചരക്കെത്തിയത്‌.

Ads by Google
Saturday 10 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW