-->
ഗാസ: പഴയ കൂട്ടുകാരെല്ലാം സ്‌കൂളില്‍ മടങ്ങിയെത്തിയിട്ടില്ല. എങ്കിലും, പാതി തകര്‍ന്ന ക്ലാസ് മുറിയില്‍ അവര്‍ വീണ്ടും ഒത്തുകൂടി. ഗാസയില്‍ വീണ്ടും സ്‌കൂളുകള്‍ തുറന്നു.
പല സ്‌കൂളുകളിലും മൈതാനത്ത് ഒരുക്കിയ കൂടാരങ്ങളിലാണു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ, ആവേശത്തിന് ഒട്ടും കുറവില്ല. അധ്യാപകര്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ നിറഞ്ഞ ബോര്‍ഡുകളിലേക്ക് വിരല്‍ ചൂണ്ടുന്നു;മറ്റുചിലര്‍ അറബി വാക്കുകള്‍ എഴുതാന്‍ വിദ്യാര്‍ഥികളെ മുന്നിലേക്ക് ക്ഷണിക്കുന്നു. ഇതൊരു സാധാരണ സ്‌കൂള്‍ ദിവസത്തിന് തുല്യമല്ല. എന്നാല്‍ ഒക്‌ടോബറിലെ ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തലിന് ശേഷം, ഇത് ഒരു തുടക്കമാണ്. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷമാണു ഗാസയിലെ സ്‌കൂളുകള്‍ തുറക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘത്തിനു പ്രവേശനം ലഭിച്ചത് ഗാസ സിറ്റിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ടെല്‍ അല്‍ഹവ പ്രദേശത്തെ ലുല്‍വ അബ്‌ദുല്‍ വഹാബ് അല്‍ഖതാമി സ്‌കൂളിലേക്കാണ്. പാതി തകര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂ. കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ചുറ്റും കുട്ടികളുടെ ആരവം മുഴങ്ങുന്നു.
2024 ജനുവരിയില്‍ സ്‌കൂള്‍ കെട്ടിടം ആക്രമിക്കപ്പെട്ടു. മാസങ്ങളോളം അതിന്റെ മൈതാനം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായി. ഇന്ന്, ഇത് വീണ്ടും പഠനത്തിനുള്ള സ്‌ഥലമാണ്. തോളില്‍ കൈകളിട്ട്, കുട്ടികള്‍ താല്‍ക്കാലിക ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുമ്പോള്‍ പുഞ്ചിരിക്കുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി അവര്‍ പഴയ ദിനചര്യയിലേക്കും വിദ്യാഭ്യാസത്തിലേക്കും തിരിച്ചെത്തുന്നു. അതുവരെ ഭക്ഷണവുമായി അതിര്‍ത്തി കടന്നെത്തുന്ന ട്രക്കുകള്‍ക്കു മുന്നിലാണ് അവര്‍ കൂട്ടംചേര്‍ന്നിരുന്നത്.
യുണിസെഫിന്റെ കണക്കനുസരിച്ച് യുദ്ധത്തില്‍ ഗാസയിലെ 97% ലധികം സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹമാസ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്നായിരുന്നു ആക്രമണത്തിനു ന്യായീകരണമായി ഇസ്രയേല്‍ പറഞ്ഞിരുന്നത്. പക്ഷേ, അതിനുള്ള കൃത്യമായ തെളിവുകള്‍ വളരെ വിരളമായി മാത്രമേ നല്‍കിയിട്ടുള്ളൂ.
ഗാസയിലെ 6,58,000 സ്‌കൂള്‍ പ്രായമുള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും ഏകദേശം രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ആ കാലയളവില്‍ പലരും വിശപ്പ്, കുടിയിറക്കം, മരണം എന്നിവയുമായുള്ള പോരാട്ടത്തിലായിരുന്നു.
സ്‌കൂളിലേക്കു കാലെടുത്തുവച്ചപ്പോള്‍ പതിനാലുകാരനായ നയീം അല്‍അസ്‌മാറിന്റെ കണ്ണുനിറഞ്ഞു. യുദ്ധത്തില്‍ അവന് നഷ്‌ടമായത് അമ്മയെയാണ്. 'എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലമായിരുന്നുു അത്' - അവന്‍ ശാന്തമായി പറഞ്ഞു. പലതവണ പലായനം ചെയ്‌തെങ്കിലും ഗാസ സിറ്റിയിലെ നയീമിന്റെ വീട് കേടുപാടുകള്‍ കൂടാതെ നിലനിന്നു. വെടിനിര്‍ത്തലിന് ശേഷം, അവന്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തി.
'സ്‌കൂളിനെയും കൂട്ടുകാരെയഒം വളരെ മിസ്സ് ചെയ്‌തു. യുദ്ധത്തിന് മുമ്പ്, യഥാര്‍ത്ഥ ക്ലാസ് മുറികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ കൂടാരങ്ങളിലാണു ക്ലാസ്. ഞങ്ങള്‍ നാല് വിഷയങ്ങള്‍ മാത്രമേ പഠിക്കുന്നുള്ളൂ. വേണ്ടത്ര സ്‌ഥലമില്ല. വിദ്യാഭ്യാസം പഴയതുപോലെയല്ല.' - അവന്‍ പറഞ്ഞു.
ഇതേ സ്‌കൂളില്‍ മുന്‍പ് പഠിച്ചിരുന്ന ഒമ്പതാം ക്ലാസുകാരി റിതാല്‍ അലാ ഹാര്‍ബിനു ഡോക്‌ടറാകാനാണ് ആഗ്രഹം. 'പലയാനം എന്റെ വിദ്യാഭ്യാസത്തെ പൂര്‍ണമായും ബാധിച്ചു. പഠിക്കാന്‍ സമയമുണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്‌തു'- അവള്‍ പറഞ്ഞു. ഈ താല്‍ക്കാലിക സ്‌കൂള്‍ യൂണിസെഫാണഒ നടത്തുന്നത്, ലുല്‍വ സ്‌കൂളിലെയും യുദ്ധത്തില്‍ കുടിയിറങ്ങിയവരുമായ കുട്ടികളെ ഒരുമിപ്പിക്കുന്നു.
ഇവിടെ പൂര്‍ണമായ പലസ്‌തീനിയന്‍ സിലബസ് പിന്തുടരുന്നില്ല. അടിസ്‌ഥാന വിഷയങ്ങള്‍ മാത്രം. അറബി, ഇംഗ്ലീഷ്, ഗണിതം, ശാസ്‌ത്രം...
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സയീദ് ഷെയ്‌ബര്‍ 24 വര്‍ഷമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നവംബര്‍ പകുതിയോടെ അദ്ദേഹം ഈ സ്‌ഥാപനത്തിന്റെ ചുമതലയേറ്റു.
'നഷ്‌ടപ്പെട്ടത് നികത്താന്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിശ്‌ചയദാര്‍ഢ്യത്തോടെയാണ് തുടങ്ങിയത്.' അദ്ദേഹം പറഞ്ഞു. നിലവില്‍ 1,100 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ സ്‌കൂളിലുണ്ട്. വെറും 24 അധ്യാപകര്‍ മാത്രമേയുള്ളൂ.'യുദ്ധത്തിന് മുമ്പ് ഞങ്ങളുടെ വിദ്യാര്‍ഥികള്‍ പൂര്‍ണ സജ്‌ജീകരണങ്ങളുള്ള സ്‌കൂളുകളില്‍ പഠിച്ചു സയന്‍സ് ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഇന്റര്‍നെറ്റ് ലഭ്യത, വിദ്യാഭ്യാസ വിഭവങ്ങള്‍. അതെല്ലാം ഇപ്പോള്‍ ഇല്ലാതായി. ഇവിടെ വൈദ്യുതിയില്ല. ഇന്റര്‍നെറ്റില്ല. കുട്ടികളില്‍ പലരും മാനസിക സംഘര്‍ഷം നേരിടുന്നു.'- ഡോ. ഷെയ്‌ബര്‍ പറഞ്ഞു. സ്‌കൂളിലെ 100 ലധികം വിദ്യാര്‍ഥികള്‍ക്ക് ഒന്നോ അതിലധികമോ രക്ഷിതാക്കളെ നഷ്‌ടപ്പെട്ടു. വീടുകള്‍ തകര്‍ന്നു. യുദ്ധത്തിനിടെ അവര്‍ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ദുരന്തങ്ങള്‍ എല്ലാ വിദ്യാര്‍ഥികളെയും നേരിട്ടോ അല്ലാതെയോ ഇത് ബാധിച്ചിട്ടുണ്ട്.ഞങ്ങള്‍ക്കു പരിമിതികളുണ്ട്. ഒരു ഷിഫ്‌റ്റില്‍ ആറ് ക്ലാസുകളാണു പ്രവര്‍ത്തിപ്പിക്കുന്നത്. സ്‌കൂളിന് സമീപം ഒരു വലിയ ദുരിതാശ്വാസ ക്യാമ്പുണ്ട്. വടക്കന്‍, കിഴക്കന്‍ ഗാസയില്‍നിന്നുള്ള കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. അവിടുള്ള ധാരാളം കുട്ടികള്‍ സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് അവരെ എടുക്കാന്‍ കഴിയില്ല.- അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ക്ക്, സ്‌കൂളിലേക്ക് തിരിച്ചെത്തുന്നത് ആശ്വാസത്തോടൊപ്പം ഉത്‌കണ്‌ഠയും നല്‍കുന്നു. തെക്കന്‍ റിമാലില്‍നിന്ന് കുടിയിറങ്ങിയ അഞ്ച് കുട്ടികളുടെ അമ്മയായ ഹുദ ബസ്സം അല്‍ദാസൂക്കിക്ക്, വിദ്യാഭ്യാസം ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. യുദ്ധത്തിന് മുമ്പ് പോലും, സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. ഇപ്പോള്‍ അടിസ്‌ഥാന സാമഗ്രികള്‍ വാങ്ങാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ ലഭ്യമല്ല.'യുദ്ധത്തിന് മുമ്പ് നോട്ട്‌ബുക്ക് ഒരു ഷെക്കേലിന് (28.42 രൂപ) ലഭിച്ചിരുന്നു. ഇപ്പോള്‍ അഞ്ച് ഷെക്കേലായി. എനിക്ക് അഞ്ച് കുട്ടികളുണ്ട്.'- ഹുദ പറഞ്ഞു. കോവിഡുകൂടി പരിഗണിച്ചാല്‍ കുട്ടികളുടെ പഠനം നാലു വര്‍ഷമാണു മുടങ്ങിയത്. 'എന്റെ മകന് വായിക്കാന്‍ അറിയില്ല. എഴുതാന്‍ അറിയില്ല. ബോര്‍ഡില്‍നിന്ന് കോപ്പി ചെയ്യാന്‍ അവനറിയില്ല'- അവര്‍ പറയുന്നു.ഗാസയിലേക്ക് പ്രവേശിക്കുന്ന സഹായ വിതരണത്തിലുള്ള നിയന്ത്രണങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുന്നു എന്ന് യൂണിസെഫ് പറയുന്നു.
'കടലാസ്, നോട്ട്‌ബുക്കുകള്‍, പേനകള്‍, ഇറേസറുകള്‍, റൂളറുകള്‍... ഇവയ്‌ക്കൊക്കെ ക്ഷാമമുണ്ട്. ഈ സാമഗ്രികള്‍ക്ക് ഗാസയില്‍ പ്രവേശനം അനുവദിക്കാന്‍ ഞങ്ങള്‍ വളരെക്കാലമായി ആവശ്യപ്പെടുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിനും വിനോദത്തിനുമുള്ള കിറ്റുകള്‍ക്കും ഇത് ബാധകമാണ്'- യൂണിസെഫ് വക്‌താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കിടെ ഇസ്രയേല്‍ ആക്രമണം നടക്കാറുണ്ട്. ഹമാസിന്റെ കരാര്‍ ലംഘനങ്ങള്‍ക്ക് മറുപടിയാണതെന്നാണ് ഇസ്രയേലിന്റെ ഭാഷ്യം.
പരിമിതികളെ മറികടക്കുമെന്ന പ്രതീക്ഷയാണ് അധ്യപകര്‍ക്ക്. 'വിദ്യാഭ്യാസം ഞങ്ങളുടെ അടിത്തറയാണ്. പലസ്‌തീന്‍കാര്‍ക്ക് അത് മൂലധനമാണ്.'- സ്‌കൂളിലെ അധ്യാപികയായ ഖൊലൂദ് ഹബീബ് പറഞ്ഞു. 'ഞങ്ങളുടെ വീടുകള്‍ തകര്‍ക്കാം, പണം നഷ്‌ടപ്പെടുത്താം. എന്നാല്‍, അറിവെന്ന നിക്ഷേപം നശിക്കില്ല'- അവര്‍ പറഞ്ഞു.