Friday, March 13, 2026 Last Updated 48 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.32 PM

വോട്ടെടുപ്പു കാലത്തിന്റെ അടിയൊഴുക്കുകള്‍

നഗരസഭാ-പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ തകൃതിയായി നടക്കുമ്പോള്‍ മലയാള സിനിമയുടെയും പുസ്‌തകങ്ങളുടെയും വോട്ടെടുപ്പ്‌ അണിയറയില്‍ നടക്കുകയായിരുന്നു. രണ്ടിനും അണ്ടര്‍ഗ്രൗണ്ട്‌ പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്നിരിക്കണം. ഇതെഴുതുന്നയാള്‍ക്കും ചില പ്രേരണകള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടത്തെ പുസ്‌തക-സിനിമാ ലിസ്‌റ്റില്‍ കടന്നുകൂടാന്‍ ആത്മവിശ്വാസ ലോപമുള്ള ചിലര്‍ കിണഞ്ഞു പരിശ്രമിച്ചതില്‍ അത്ഭുതപ്പെടാനില്ല. എന്തായാലും ഗ്യാലപ്‌പോളില്‍ മുന്നിലെത്തിയ കൃതികള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്‌. അവയെല്ലാം വയലാര്‍ അവാര്‍ഡു ജേതാക്കളുടേതാണ്‌. ഒറ്റനോട്ടത്തില്‍ സിനിമാ ലിസ്‌റ്റിനാണ്‌ വിശ്വാസ്യത കൂടുതല്‍. നോവലുകളുടെ കാട്ടാഗുസ്‌തിക്കിടയില്‍ പാവം കവിതയും ചെറുകഥയും ഓര്‍മയും ബാലസാഹിത്യവുമൊക്കെ വല്ലാതെ ഞെരുങ്ങിപ്പോയി. കാലത്തിന്റെ കണക്കെടുപ്പില്‍ അടുത്ത കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍ ഇവയില്‍ ഏത്‌ കൃതികളൊക്കെ നിലവിലുണ്ടാകുമെന്ന്‌ കണ്ടറിയണം. (മനോ. ഞായര്‍ ഡിസം. 28).

ഇടത്തല്ല, വലത്തല്ല...

കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകൂടങ്ങളെ രണ്ട്‌ ഫാസിസ്‌റ്റ് ഭരണകൂടങ്ങളായിട്ടാണ്‌ താന്‍ കാണുന്നതെന്ന്‌ കല്‌പറ്റ നാരായണന്‍. വലിയ ഒന്നും ചെറിയ ഒന്നും മാത്രം. തുപ്പാന്‍ പേടിച്ചു നാം വിഷം ഇറക്കുകയാണ്‌. ഇവിടെ ചെറുതായും അവിടെ വലുതായും മരിച്ചുകൊണ്ടിരിക്കുന്നു. വലതുപക്ഷത്തെ വിമര്‍ശിക്കുമെങ്കിലും കോണ്‍ഗ്രസിനോടുള്ള മമത അവര്‍ പത്തുപേരാണെങ്കിലും പത്ത്‌ അഭിപ്രായമുണ്ടെന്നതാണെന്നും കല്‌പറ്റ. ഇടതും വലതുമല്ല എഴുത്തുകാരന്റെ പക്ഷമെന്ന്‌ വി.ടി. കുമാരന്‍ എന്റെ സരസ്വതിയില്‍ പണ്ടേ എഴുതിയിട്ടുണ്ട്‌. ഇടത്തല്ല, വലത്തല്ല, നടുക്കല്ലെന്‍ സരസ്വതി, വെളുത്ത താമരപ്പൂവിലുറക്കമല്ല. തുടിക്കുന്ന ജനതതന്‍ കരളിന്റെ കരളിലെ തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു.' (ഭാഷാ. ജനു).

ആകെ മൊത്തം
ഒരു വശപ്പെശക്‌!

പ്രതിമകളെയും പ്രതിഷ്‌ഠകളെയും നിരാകരിച്ച ശ്രീനാരായണ ഗുരുവിനെ ചില്ലുകൂട്ടിലും പഞ്ചലോഹത്തിലും ശ്രീകോവിലിലും ആവാഹിച്ചിരുത്തി കടുംപായസവും ദീപാരാധനയും നടത്തുന്നതിനേക്കാള്‍ വലുതല്ല ഒരു വിശേഷാല്‍ പതിപ്പിറക്കുന്നത്‌. വാതില്‍ തുറപ്പാട്ടു മുതല്‍ കവിതകളും പംക്‌തികളുംവരെ കേശാദിപാദം ഗുരുമയമായത്‌ നല്ലതുതന്നെ. അക്ഷരംപ്രതിയും വെബിനിവേശവും കോരപ്പാപ്പനുംകൂടി അങ്ങനെ ആക്കാമായിരുന്നു. ഭാഗ്യത്തിന്‌ ബാലപംക്‌തി രക്ഷപ്പെട്ടു. ഗുരുവും അദ്ദേഹം മുന്നോട്ടുവച്ച മാനവിക ദര്‍ശനങ്ങളും തിരിച്ചുവരാന്‍ തുടങ്ങിയത്‌ 2016 മുതല്‍ക്കാണെന്ന്‌ അശോകന്‍ ചരുവില്‍ പ്രഖ്യാപിച്ചതില്‍ അത്ഭുതപ്പെടേണ്ട. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നതോടെയാണെന്നര്‍ഥം. ഇത്തരം ഉദ്ദേശ്യാധിഷ്‌ഠിത രചനകളാല്‍ സമ്പന്നമാണീ ലക്കം. എത്ര വലിയ ഗുരുഭക്‌തരും തലയില്‍വച്ച്‌ ഇരുന്നുപോകും. ഇതിനിടയില്‍ ശശിതരൂരിനും ഒരവസരം നല്‍കിക്കാണുന്നുണ്ട്‌. വഴിപാടു വിഭവങ്ങളില്‍ രണ്ട്‌ കവിതാ സ്വരൂപങ്ങളെയും കാണാം. ആകെ മൊത്തം ഒരു വശപ്പെശക്‌. (വെറുതെയല്ല അച്ചടി മാധ്യമങ്ങളെ കണ്ടാല്‍ വഴിമാറിപ്പോകുന്ന വിധം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പുരോഗമിച്ചത്‌. കക്ഷിരാഷ്‌ട്രീയം, ജാതി, പ്രാദേശികം എന്നിങ്ങനെ എന്തെല്ലാം പരിഗണനകള്‍).

എം.ടിയുടെ വിലാസം

നിര്‍മാല്യത്തില്‍ എം.ടി. പല കൗതുകങ്ങളും ഒതുക്കിവച്ചിട്ടുണ്ട്‌. ചിലതൊക്കെ പാതിചാരിയ വാതില്‍ക്കകത്താണ്‌. വായനശാലയോ, വൈദ്യുതിയോ, ടാറിട്ട റോഡോ, പോസ്‌റ്റോഫീസോ ഇല്ലാത്ത ഗ്രാമീണ വിശുദ്ധിയുടെ കാലം അനുഭവിച്ചവര്‍ക്ക്‌ എം.ടിയുടെ തപാലാഫീസ്‌ ഗൃഹാതുരത്വം പടര്‍ത്താതിരിക്കില്ല. നിര്‍മാല്യത്തിലെ പോസ്‌റ്റുമാന്റെ വിളി തെക്കേപ്പാട്ട്‌ വാസൂ-ഇന്നും കാതില്‍ മുഴങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാലം എം.ടിയെന്ന വാതിലില്‍ ഇന്നും തട്ടിവിളിക്കുന്നതിനെക്കുറിച്ച്‌ സുഭാഷ്‌ചന്ദ്രന്‍. പലനിലയ്‌ക്കും മൗനത്തിന്റെ സാക്ഷയിട്ട വാതിലായിരുന്നു അത്‌. അന്തസുള്ള മേല്‍വിലാസം ചെറുപ്പത്തിലേ നേടിയ എം.ടി. ഇന്നു കാലത്തിന്റെ ക്യാമറയ്‌ക്കു പിന്നിലുണ്ട്‌. നിര്‍മാല്യത്തിന്‌ ആദ്യ പുരസ്‌കാരം പ്രഖ്യാപിച്ച്‌ എറണാകുളം ടൗണ്‍ഹാളില്‍ സ്വീകരണം ഒരുക്കിയത്‌ മഹാരാജാസിലെ ഞങ്ങള്‍ കുറച്ചു വിദ്യാര്‍ഥികളാണ്‌. വൈക്കം ചന്ദ്രശേഖരന്‍ നായരും ടി.ആറും ആ ചടങ്ങിന്‌ സാക്ഷികളായുണ്ടായിരുന്നു. രണ്ടു ദിവസത്തിനുള്ള ദേശീയ പുരസ്‌കാരം വരുമെന്ന്‌ എം.ടി. അന്നവിടെ പറഞ്ഞു. എന്നിട്ടും കുട്ടികള്‍ നല്‍കുന്ന സ്വീകരണമായതുകൊണ്ടാണിവിടെ നില്‍ക്കുന്നതെന്നും എം.ടി. പറഞ്ഞു. (മാതൃ. ഡിസം. 25).

തമ്മനത്തിന്റെ സ്‌പന്ദനം

സാഹിത്യോത്സവങ്ങള്‍ നാടുനീളെ ഫാഷനാകുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പേ,കൂത്താട്ടുകുളം സി.ജെ. സ്‌മാരകസമിതിയുടെ പ്രഭാഷണ പരമ്പരകള്‍ സഹൃദയ സാന്നിധ്യം കൊണ്ടും സാഹിത്യഗരിമകൊണ്ടും ശ്രദ്ധേയമായിരുന്നു. ഒരു രൂപയായിരുന്നു പ്രവേശന ഫീസ്‌. നിറഞ്ഞുകവിയുന്ന സദസുകള്‍ക്ക്‌ മുന്നില്‍ കലാസാഹിത്യ പ്രതിഭകളുടെ വാഗ്‌ധോരണി. അവ പുസ്‌തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. അവ ഏക മുഖസദസുകളായിരുന്നില്ല; ഇന്നത്തെപ്പോലെ. പിന്നീട്‌ സാംസ്‌കാരിക സ്‌ഥാപനങ്ങളും ഗ്രന്ഥശാലകളും കക്ഷിരാഷ്‌ട്രീയത്തിന്റെ ഇടുക്കുതൊഴുത്തുകളായതോടെ പ്രഭാഷണങ്ങള്‍ ഏകസ്വരതയാല്‍ മലിനമായി. എം.എന്‍. വിജയനെപ്പോലുള്ള പ്രതിഭാ കുബേരന്മാരെപ്പോലും ഇത്തരം ഏകമുഖ സദസുകളെ നിരന്തം അഭിമുഖീകരിച്ച്‌ ജീവിതം പാഴാക്കി. വിരസവും നിരര്‍ത്ഥകവുമായ പ്രസംഗങ്ങള്‍ക്ക്‌ ആളെ കിട്ടാതായി. ഈ പശ്‌ചാത്തലത്തില്‍ വേണം തമ്മനം വിനോദലൈബ്രറിയുടെ 'സ്‌പന്ദനം' പ്രഭാഷണ പരമ്പരയെ സമീപിക്കാന്‍. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക വിഭവങ്ങളുമായി നടന്ന വാര്‍ഷികാഘോഷത്തില്‍ സാംസ്‌കാരികരംഗത്തെ രാഷ്‌ട്രീയാതിപ്രസരത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു എന്റെ നിയോഗം. കെ.എ. യൂനസിന്റെ മികച്ച സംഘാടനവും ബി.കെ. രാജന്‍, ഗീതാ മോഹനന്‍ എന്നിവരുടെ സഹകരണവും സഫലമായി.

മീന്‍ പിടിക്കുന്ന എട്ടുകാലി

അരുവികളുടെ തീരത്ത്‌ തക്കംപാര്‍ത്തിരുന്ന്‌ പൊടിമീനുകളെ പിടിക്കുന്ന ഫിഷിങ്‌ സ്‌പൈഡറിനെ കേരളത്തിലും കണ്ടെത്തിയെന്ന്‌ ഭാസി ഹണ്ടില്‍. വെള്ളത്തിലേക്ക്‌ ചാഞ്ഞുകിടക്കുന്ന ഇലകളിലും മരച്ചില്ലകളിലും പാറകളിലും ദിവസങ്ങളോളം ഇവ ഇരയെ കാത്തിരിക്കും. മീന്‍ ചത്തുകഴിഞ്ഞാല്‍ ഭക്ഷിച്ചു തുടങ്ങും. പീച്ചി വന ഗവേഷണ സ്‌ഥാപനത്തിലെ ഡോ. ജിതു ഉണ്ണിക്കൃഷ്‌ണനും ഗവേഷകനായ സി.ജെ. അര്‍ജുനും ചേര്‍ന്നാണ്‌ ഇവയെ കണ്ടെത്തിയത്‌. (കേരള കൗമുദി ഡിസം. 28).

നിഷ്‌ഫല വായനക്കാര്‍

നിഷ്‌ഫല വായനയ്‌ക്കുദാഹരണമായി പതിറ്റാണ്ടുകള്‍ക്കു മുമ്പേ പറഞ്ഞുപോരുന്ന രണ്ടുദാഹരണങ്ങള്‍-പ്രഫ. എം.കൃഷ്‌ണന്‍നായരും പി. ഗോവിന്ദപ്പിള്ളയുമായിരുന്നു. ഇപ്പോഴതിനോട്‌ റാംമോഹന്‍ പാലയത്തിനെക്കൂടി ചേര്‍ക്കാം. കമഴ്‌ത്തിവച്ച കുടത്തിനു മുകളിലെ ജലപാതമായിരിക്കുന്നു ഇവരുടെ പടുകൂറ്റന്‍ വായനക്കാര്‍. ലോകസാഹിത്യം അരച്ചുകലക്കി കുടിച്ചിട്ടും കൃഷ്‌ണന്‍നായര്‍ക്ക്‌ ഏറ്റവും മഹത്തായ കവി വള്ളത്തോളായിരുന്നു. രാപ്പകലില്ലാതെ പുസ്‌തകങ്ങള്‍ വായിച്ചുതള്ളിയ പി.ജിയേയും അവയൊന്നും സ്‌പര്‍ശിച്ചില്ല. ജീവിത സായാഹ്നഹ്നത്തില്‍ ചില്ലറ ശങ്കകള്‍ ഉദിച്ചതല്ലാതെ വായനകൊണ്ട്‌ മാറിയ വ്യക്‌തിത്വത്തെ കാണാനില്ലായിരുന്നു. നവമാധ്യമക്കടല്‍ മുഴുവന്‍ ആചമിച്ചിട്ടും ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ പുറംതിണ്ണയില്‍ത്തന്നെ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്‌ വെബിനിവേശക്കാരന്‍. ശ്രീനിവാസന്റെ മകന്‍ ധ്യാന്‍, ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രിയെ തിരിഞ്ഞുനോക്കിയില്ല (തട്ടിവിളിച്ചിട്ടും!). അതൊന്നും കണ്ടില്ലെങ്കിലും മുഷ്‌ടിചുരുട്ടിയതിന്‌ അടിവരയിടുന്നുണ്ട്‌. ശ്രീനിവാസനെ വിലയിരുത്തുന്നതില്‍ പുലര്‍ത്തിയ കൃത്യത കാണാതിരുന്നുകൂടാ. ഒരു പംക്‌തിക്കാരന്‌ ഇത്തരം സമതുലിത വിലയിരുത്തലുകള്‍ അത്യാവശ്യമാണ്‌. (മാതൃ. ആഴ്‌ച. ജനു. 4).

തേങ്ങാപ്പട്ടണത്തിന്റെ കാഥികന്‍

വടകരയില്‍ വി.ടി. കുമാരന്‍ മാസ്‌റ്റര്‍ സ്‌മാരക കവിതാ പുരസ്‌കാരം അനുജ അകത്തൂട്ടിന്‌ നല്‍കുന്ന ചടങ്ങിലാണ്‌ തോപ്പില്‍ മുഹമ്മദ്‌ മീരാനെ നേരില്‍ കാണുന്നത്‌. പിന്നീട്‌ പുനലൂര്‍ കുളത്തൂപ്പുഴ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ നടന്ന തമിഴ്‌-മലയാളം സാഹിത്യ ശില്‌പശാലയില്‍ നീലപത്മനാഭനോടൊപ്പം തോപ്പില്‍ മുഹമ്മദ്‌ മീരാനും പങ്കെടുത്തിരുന്നു. മൂവാറ്റുപുഴ നഗരസഭാ ജൂബിലി സാഹിത്യസമ്മേളനത്തിലും എന്റെ ക്ഷണപ്രകാരം അദ്ദേഹം പങ്കെടുത്തിരുന്നു. മൂവാറ്റുപുഴ നഗരസഭാ ജൂബിലി സാഹിത്യ സമ്മേളനത്തിലും മീരാന്‍ സാഹിബും ലക്ഷദ്വീപിലെ കവരത്തി ദ്വീപ്‌ ഫെസ്‌റ്റിവലില്‍ അതിഥികളായി ക്ഷണിക്കപ്പെട്ടിരുന്നു. ഒരുമിച്ചുള്ള കപ്പല്‍ യാത്രയും ഹെലിക്കോപ്‌ടറിലുള്ള മടക്കവും അവിടത്തെ താമസവും ഹൃദ്യമായിരുന്നു. 'കഥ എന്റെ ചോര; കച്ചവടം എന്റെ ചോറ്‌ ഒന്നു ദഹിച്ച്‌ മറ്റൊന്നാവുന്നു. ജീവിക്കാതെ കഥയില്ല-' അദ്ദേഹം പറയുന്നു. തമിഴിലെ ബഷീര്‍ എന്നു പറയാവുന്ന കഥന വൈഭവത്തിനുടമയായിരുന്നഅദ്ദേഹത്തിന്റെ കഥാഭൂമികയിലൂടെ സി. ജയചന്ദ്രന്‍ നടത്തുന്ന യാത്രാനുഭവങ്ങളും ചിത്രങ്ങളും ഹൃദ്യമായിരുന്നു. (ഭാഷാ.ജനു.).

അഗ്നിപഥത്തിലെ രാജശില്‌പി

പ്രശസ്‌തമായ ബാലസാഹിത്യ കൃതികളുടെയും യാത്രാവിവരണങ്ങളുടെയും കര്‍ത്താവാണ്‌ ഇ.എ. കരുണാകരന്‍നായര്‍. ആയിരത്തൊന്നു രാവുകള്‍, ബീര്‍ബല്‍ കഥകള്‍, വിക്രമാദിത്യന്‍ കഥകള്‍, ലൈംഗിക വിജ്‌ഞാനകോശം, ഹിമാലയത്തിന്റെ നെറുകയില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു. അഗ്നിപഥത്തിലെ രാജശില്‌പി ആത്മകഥാ സ്‌പര്‍ശിയായ നോവലാണ്‌. തന്നെത്തന്നെയും ചുറ്റുമുള്ളവരെയും അദ്ദേഹം സൂക്ഷ്‌മനിരീക്ഷണത്തിന്‌ വിധേയമാക്കുന്നു. കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം പകര്‍ത്താന്‍ തത്രപ്പെടുന്ന ഒരെഴുത്തുകാരനെ ഇവിടെ കാണാം. വാചാലതയുടെ അശ്വരഥത്തിലാണ്‌ കടിഞ്ഞാണില്ലാത്ത യാത്ര. സമര്‍ഥനായ ഒരു എഡിറ്റര്‍ ഈ കൃതിക്കുണ്ടായിരുന്നെങ്കില്‍ എന്ന്‌ തോന്നാം. (സൈന്ധവ. 450 രൂപ).

ഒരിന്ത്യന്‍ വിജയഗാഥ

അമേരിക്കയില്‍ ആര്‍ക്കിടെക്‌സര്‍ ബിരുദം നേടി നാട്ടിലേക്ക്‌ മടങ്ങിയ രത്തന്‍ ടാറ്റയെ ഒരു സാധാരണ തൊഴിലാളിയായിട്ടാണ്‌ ഫാക്‌ടിച്ചോളിലേക്ക്‌ ജെ.ആര്‍.ഡി. ടാറ്റ അയച്ചത്‌. അവിടെനിന്നും പടിപടിയായി ഉയര്‍ന്ന്‌ ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ ജീവിതകഥയാണ്‌ ജീവചരിത്രം പറയുന്നത്‌.
(മാതൃ. വാരാന്ത്യം, ഡിസം. 28)

Ads by Google
Saturday 10 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW