-->
വളരെ നിഷ്കളങ്കമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് കുട്ടികൾ. അവർക്കിടയിൽ മത്സരങ്ങൾ കുറവാണ്, താൻ തോറ്റാലും കൂട്ടത്തിലുള്ള ആൾ ജയിച്ചാൽ അവർ സന്തോഷത്തോടെ കൈയടിക്കും. മറ്റൊരാൾക്ക് ഒരു പ്രശ്നം വന്നാൽ തോൽപ്പിക്കാൻ നോക്കാതെ അവർ സഹായിക്കും.
ഇപ്പോഴിതാ അത്തരത്തിൽ കാഴ്ച്ചക്കാരുടെ ഹൃദയം കവരുകയാണ് ഈ കുരുന്നുകൾ. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗുവാൻ സിറ്റിയിൽ നടന്ന ഒരു കിന്റർഗാർട്ടൻ ബാസ്കറ്റ്‌ബോൾ പ്രകടനത്തിനിടെയാണ് ഈ സംഭവം നടക്കുന്നത്. ബാസ്കറ്റ്‌ബോൾ പ്രകടനം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് ഒരു പന്ത് വഴുതിവീണ് ഉരുണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ മറ്റുള്ളവർക്ക് പന്തുണ്ടല്ലോ, തനിക്ക് ഇല്ലല്ലോ എന്ന് കരുതി പരിഭ്രാന്തരാകുന്നതിനുപകരം, ആ ശാന്തനായി പ്രകടനം തുടർന്നു. ഫോർമേഷൻ മാറിയപ്പോൾ, മുൻ നിരയിലെ ഒരു കുട്ടി, ബാസ്കറ്റ്‌ബോൾ നഷ്ടമായ തന്റെ സഹപാഠിയുടെ അടുത്തേക്ക് പന്ത് സുഗമമായി തട്ടി നൽകി. ആ സമയം ആ കുട്ടിയത് കൃത്യമായി പിടിച്ച് പ്രകടനം പൂർത്തിയാക്കി. മത്സരങ്ങൾ ഇല്ലാത്ത ഈ ടീം വർക്കിന്റെ മികച്ച പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്.