-->
ഹിമയുഗത്തില്‍ വംശനാശം സംഭവിച്ച വൂളി മാമത്തുകളെ ജനിതക എന്‍ജിനിയറിങ്ങിലൂടെ തിരികെ കൊണ്ടുവരാനൊരുങ്ങി ഗവേഷകര്‍. ഇതിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഡീ എക്സ്റ്റിങ്ഷന്‍ അല്ലെങ്കില്‍ വംശനാശപുനരുത്ഥാനം എന്നാണ് ഇതിനെ പറയുന്നത്. ഡീ എക്സ്റ്റിങ്ഷന്‍ കമ്പനിയായ കൊളോസല്‍ ബയോസയന്‍സാണ് ഈ ദൗത്യത്തിനുപിന്നില്‍. പൂര്‍ണമായും ഒരു മാമത്തിനെ സൃഷ്ടിക്കുക എന്നതിലുപരി, മാമത്തുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ആധുനിക ആനകളില്‍ ജനിതകമാറ്റം വരുത്തുകയാണ് ചെയ്യുന്നത്.
മാമത്തുകളുടെ പ്രത്യേകതകളായ കട്ടിയുള്ള രോമങ്ങള്‍, ചെറിയ ചെവികള്‍, കൂടുതല്‍ കൊഴുപ്പ് എന്നിവയ്ക്ക് കാരണമായ ജീനുകള്‍ ഏഷ്യന്‍ ആനയുടെ ഭ്രൂണത്തില്‍ നിക്ഷേപിക്കും. ഈ ഭ്രൂണം വളര്‍ത്താന്‍ ഒരു പെണ്‍ ആനയെ ഉപയോഗിക്കുന്നതിനുപകരം കൃത്രിമഗര്‍ഭപാത്രം ഉപയോഗിക്കാനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നത്.
വെറുമൊരു കൗതുകത്തിന് വേണ്ടിയല്ല ശാസ്ത്രജ്ഞര്‍ ഇത് ചെയ്യുന്നത്. ഇതിനുപിന്നില്‍ വലിയൊരു പരിസ്ഥിതി ലക്ഷ്യമുണ്ട്. ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് തടയാന്‍ മാമത്തുകള്‍ക്ക് കഴിയും. ഇവ മഞ്ഞുപാളികളെ ചവിട്ടിയുറപ്പിക്കും. എന്നാല്‍, മാമത്തുകള്‍ക്ക് ഇന്നത്തെ മാറിയ കാലാവസ്ഥയില്‍ അതിജീവിക്കാന്‍ കഴിയുമോ എന്നതും വലിയൊരു ചോദ്യമാണ്. പരീക്ഷണത്തിന്റെ ഭാഗമായി 2028ഓടെ ആദ്യത്തെ 'മാമത്ത് കുട്ടി' ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.