-->
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഇന്ന് വൈകിട്ട് 5.00 മണിക്ക് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
ഭാവി കേരളത്തെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വികസന ദിശയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ ഖത്തർ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം കാത്തിരിക്കുന്നതെന്ന്
ഭാരവാഹികൾ പറഞ്ഞു.
മതേതര ജനാധിപത്യ കേരളത്തിന്റെ മുന്നേറ്റത്തിൽ പ്രവാസികൾക്കും നിർണായക പങ്ക് വഹിക്കാനാകുമെന്ന സന്ദേശം മുന്നോട്ട് വെക്കുന്നതിനാണ് പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഇൻകാസ് ഖത്തർ ഭാരവാഹികൾ വ്യക്തമാക്കി.പ്രവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ ഖത്തറിലെ മുഴുവൻ മലയാളികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ ഷെമീർ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെകൂട്ട്, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബെർട്ട് എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ