-->
മോസ്‌കോ/കീവ്: യുക്രെയ്‌ന്‍ തലസ്‌ഥാനമായ കീവില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. മിസൈലുകളും നൂറുകണക്കിനു ഡ്രോണുകളും തൊടുത്ത് ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വസതിക്കുനേരേ യുക്രെയ്‌ന്‍ നടത്തിയ ആക്രമണത്തിനു മറുപടിയായാണ് സൈനികനടപടിയെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി. എന്നാല്‍, പുടിന്റെ 'വിഭ്രാന്തി' മൂലമുള്ള ആക്രമണമാണിതെന്നു യുക്രെയ്‌ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹ ആരോപിച്ചു. യൂറോപ്യന്‍ യൂണിയനും നാറ്റോ അതിര്‍ത്തിക്കും സമീപമുണ്ടായ ആക്രമണം യൂറോപ്യന്‍ ഭൂഖണ്ഡത്തിനുതന്നെ വന്‍ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ ശബ്‌ദാതിവേഗ (ഹൈപ്പര്‍സോണിക്) മിസൈലായ ഓര്‍ഷ്‌നിക്കിനു പുറമേ, 13 ബാലിസ്‌റ്റിക് മിസൈലുകളും 22 ക്രൂയിസ് മിസൈലുകളും 242 ഡ്രോണുകളും ഉപയോഗിച്ചതായി യുക്രെയ്‌ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
ഖത്തര്‍ എംബസിക്ക്
നാശനഷ്‌ടം
കീവിലെ ഖത്തര്‍ എംബസിക്ക് ആക്രമണത്തില്‍ കേടുപാടുണ്ടായി. യുദ്ധത്തടവുകാരെ കൈമാറുന്നതില്‍ മധ്യസ്‌ഥത വഹിച്ച രാജ്യമാണ് ഖത്തറെന്നു സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. അതിശൈത്യം മറയാക്കി വമ്പന്‍ ആക്രമണത്തിനു റഷ്യ തയാറെടുക്കുന്നതായി സെലന്‍സ്‌കി രാജ്യത്തിനു മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു കീവിലെ ആക്രമണം.
എന്തുകൊണ്ട്
ഓര്‍ഷ്‌നിക്?
ആക്രമണത്തില്‍ റഷ്യ ഓര്‍ഷ്‌നിക് മിസൈല്‍ ഉപയോഗിച്ചതു ഗുരുതരമാണെന്നു യൂറോപ്യന്‍ യൂണിയന്‍ ഉന്നത നയതന്ത്രജ്‌ഞന്‍ ചൂണ്ടിക്കാട്ടി. പ്രതിരോധിക്കാന്‍ കഴിയാത്ത ഓര്‍ഷ്‌നിക് ഹൈപ്പര്‍സോണിക് മിസൈല്‍ യുക്രെയ്‌ന് മാത്രമല്ല, പാശ്‌ചാത്യരാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നു പുടിന്‍ അടുത്തിടെ അവകാശവാദം ഉന്നയിച്ചിരുന്നു. ഓര്‍ഷ്‌നിക്കില്‍ സാധാരണ പോര്‍മുന ഉപയോഗിച്ചാല്‍പോലും അത് ആണവപോര്‍മുനയ്‌ക്ക് തുല്യമാണെന്നായിരുന്നു പുടിന്റെ അവകാശവാദം.
തൊടുക്കുന്നത്
രണ്ടാംതവണ
മണിക്കൂറില്‍ 13,000 കിലോമീറ്റര്‍, അതായത് ശബ്‌ദത്തേക്കാള്‍ 10 മടങ്ങ്, വേഗമുള്ള ഓര്‍ഷ്‌നിക് രണ്ടാംതവണ മാത്രമാണ് റഷ്യ ഉപയോഗിക്കുന്നത്. 2024 നവംബറില്‍ യുക്രെയ്‌നിലെ ദ്‌നിപ്രോ നഗരത്തിനു നേരേയാണ് മിസൈല്‍ ആദ്യം പ്രയോഗിക്കപ്പെട്ടത്. വേഗം കൊണ്ട് യൂറോപ്പില്‍ എവിടെയും എത്തിച്ചേരാന്‍ ഓഷ്‌നിക്കിനു കഴിയുമെന്ന് റഷ്യയുടെ മിസൈല്‍ സേനാമേധാവി പറഞ്ഞു. 5,500 കിലോമീറ്ററാണ് ഓര്‍ഷ്‌നിക്കിന്റെ ദൂരപരിധി.