-->
വാഷിങ്‌ടണ്‍: റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500% താരിഫ് ചുമത്താന്‍ വ്യവസ്‌ഥ ചെയ്യുന്ന ബില്ലിന് പച്ചക്കൊടി കാട്ടി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിരോധ വിദഗ്‌ധനും റിപ്പബ്ലിക്കന്‍ സെനറ്ററുമായി ലിന്‍ഡ്‌സെ ഗ്രഹാം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യയ്‌ക്കെതിരേ ഉപരോധം കടുപ്പിക്കുന്ന പുതിയ ഉപരോധനിയമം-2025 എന്ന ബില്‍ അവതരിപ്പിക്കാന്‍ ട്രംപ് അനുമതി നല്‍കിയതായി ലിന്‍ഡ്‌സെ ഗ്രഹാം എക്‌സില്‍ കുറിച്ചു. മാസങ്ങളായി ഈ ബില്‍ തയാറാക്കുന്ന ശ്രമത്തിലായിരുന്നു. യുദ്ധ അവസാനിപ്പിക്കാനായി യുക്രൈന്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകുമ്പോഴും റഷ്യ ചര്‍ച്ച വൈകിപ്പിക്കുകയാണ്. യുക്രൈനില്‍ ചോരപ്പുഴ ഒഴുക്കുന്ന റഷ്യയുടെ എണ്ണ തുച്‌ഛ വിലയ്‌ക്ക് വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ കൂടുതല്‍ താരിഫ് ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ലെന്നും ഗ്രഹാം വ്യക്‌തമാക്കി. യുക്രൈന്‍ യുദ്ധത്തിനായി റഷ്യ പണം കണ്ടെത്തുന്നത് എണ്ണ വില്‍പ്പനയിലൂടെയാണെന്നാണ് ട്രംപിന്റെ ആരോപണം. ഈ സാമ്പത്തിക സ്രോതസിനു തടയിടുകയും റഷ്യയെ സമ്മര്‍ദത്തിലാക്കുകയുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യന്‍ ഉത്‌പന്നങ്ങള്‍ക്കുമേല്‍ 500% നികുതി ചുമത്താനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. റഷ്യന്‍ കമ്പനികള്‍ക്കും പ്രമുഖ വ്യക്‌തികള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബില്ലില്‍ പറയുന്നു.