Wednesday, March 11, 2026 Last Updated 50 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.30 PM

ഹമാസ്‌ പ്രതിനിധി വീണ്ടും പാകിസ്‌താനില്‍; സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ ഇന്ത്യ

ഇസ്ലാമാബാദ്‌: ഹമാസ്‌ നേതാവ്‌ ഖാലിദ്‌ മെഷാലിന്റെ പ്രത്യേക പ്രതിനിധി നാജി സഹീര്‍ വീണ്ടും പാകിസ്‌താനില്‍ എത്തിയതായി റിപ്പോര്‍ട്ട്‌. പാക്‌ പഞ്ചാബിലെ ഗുജ്‌റന്‍വാലയിലുള്ള ലഷ്‌കറെ തോയ്‌ബ ഭീകര ക്യാമ്പില്‍ നടന്ന പരിപാടിയിലെ മുഖ്യാതിഥിയായാണ്‌ സഹീര്‍ ഇത്തവണ എത്തിയത്‌. അതേസമയം, വിഷയം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്‌.
പരിപാടിയില്‍ നിന്നുള്ള വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്‌. പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ, ഹമാസ്‌ അംഗങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
'ഒക്‌ടോബര്‍ ഏഴ്‌ ആക്രമണ'ത്തിനു പിന്നാലെ പാശ്‌ചാത്യ രാജ്യങ്ങള്‍ ഹമാസിനെ ഒറ്റപ്പെടുത്തിയതോടെ പാകിസ്‌താന്‍ അവരെ ചേര്‍ത്തുപിടിക്കുകയാണെന്ന്‌
ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവെക്കുന്ന തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌.
ഇന്ത്യയേയും ഇസ്രയേലിനേയും ഒരുപോലെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണിത്‌. ഹമാസ്‌ നേതാവിന്റെ പാകിസ്‌താനിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നില്ല ഇത്‌ എന്നതാണ്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. 2023 ഒകേ്‌ടാബര്‍ ഏഴിന്‌ ഹമാസ്‌ ഇസ്രയേലിനെ ആക്രമിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ പാകിസ്‌താനിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചതെന്ന്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
2024 ഏപ്രിലില്‍ സഹിര്‍ ഇസ്ലാമാബാദ്‌ ഹൈക്കോടതി ബാര്‍ അസോസിയേഷനില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു. പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ്‌ പോലുള്ള ഭീകര സംഘടനകളുടെ നേതാക്കളോടൊപ്പം ഇയാള്‍
മുമ്പും വേദി പങ്കിട്ടിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം, പഹല്‍ഗാം ആക്രമണത്തിന്‌ ദിവസങ്ങള്‍ക്കുമുമ്പ്‌ റെക്കോര്‍ഡ്‌ ചെയ്‌ത ഒരു വീഡിയോയില്‍, ലഷ്‌കര്‍ കമാന്‍ഡര്‍ അബു മൂസ ഗാസയെയും കശ്‌മീരിനെയും തുല്യമായി പ്രഖ്യാപിച്ചിരുന്നു.

Ads by Google
Thursday 08 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW