-->
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി (എസ്.എം.വി.ഡി) ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്‌സലന്‍സിന് എം.ബി.ബി.എസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കാന്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ നല്‍കിയ അനുമതി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) പിന്‍വലിച്ചു. ബി.ജെ.പിയുടെ പിന്തുണയുള്ള എസ്.എം.വി.ഡി. സംഘര്‍ഷ് സമിതിയുടെ പ്രവര്‍ത്തകര്‍ ജമ്മുവിലെ സിവില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതിന് തൊട്ടുപിന്നാലെയാണു തീരുമാനം.
ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഹിന്ദുക്കളല്ലാത്ത വിദ്യാര്‍ഥികളുടെ പ്രവേശനത്തിനെതിരേയായിരുന്നു സമരം കഴിഞ്ഞ വര്‍ഷം നീറ്റ് റാങ്കിങ്ങിന്റെ അടിസ്‌ഥാനത്തില്‍ പ്രവേശനം നേടിയ ആദ്യ ബാച്ചിലെ 50 വിദ്യാര്‍ഥികളില്‍ 47 പേര്‍ മുസ്ലീംകളും ഒരാള്‍ സിഖ് മതക്കാരുമാണ്. വെറും രണ്ട് പേര്‍ മാത്രമാണ് ഹിന്ദുക്കള്‍. ഈ വിദ്യാര്‍ഥികളെ കേന്ദ്രഭരണ പ്രദേശത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാന്‍ എന്‍.എം.സി. ഉത്തരവിട്ടിട്ടുണ്ട്.
കോളജ് പ്രവേശനത്തില്‍ ഹിന്ദുക്കള്‍ക്കെതിരേ വിവേചനം ഉണ്ടെന്നാണു എസ്.എം.വി.ഡി. സംഘര്‍ഷ് സമിതിയുടെ നിലപാട്. ഹിന്ദുക്കളല്ലാത്ത വിദ്യാര്‍ഥികളുടെ പ്രവേശനത്തിനെതിരേയുള്ള പ്രതിഷേധം കഴിഞ്ഞ നവംബറിലാണു ശക്‌തിപ്രാപിച്ചത്. എം.ബി.ബി.എസ് സീറ്റുകള്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സംവരണം ചെയ്യണമെന്നാണ് ആവശ്യം.