-->
റോം: ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഒരു ചിത്രത്തില്‍നിന്ന് ഡി.എന്‍.എ. സാമ്പിള്‍ വീണ്ടെടുത്ത് ശാസ്‌ത്രജ്‌ഞര്‍. അത് ഡാവിഞ്ചിയുടേതാണോ എന്ന് ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2024 ഏപ്രിലില്‍, ലിയനാര്‍ഡോ ഡാവിഞ്ചി ഡി.എന്‍.എ. പ്രോജക്‌ടില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണു ചുവന്ന ചോക്ക് സ്‌കെച്ചില്‍നിന്ന് ഡി.എന്‍.എ. സാമ്പിള്‍ ശേഖരിച്ചത്. ആ ഡി.എന്‍.എ. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാവിഞ്ചി തന്നെ അവശേഷിപ്പിച്ചതാകാം എന്നാണു ഗവേഷകര്‍ കരുതുന്നത്. ഈ ഡി.എന്‍.എയെ ഡാവിഞ്ചിയുമായി ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍, അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭയുടെ രഹസ്യം കണ്ടെത്താന്‍ അത് സഹായിച്ചേക്കാം.
ഡി.എന്‍.എ. അദ്ദേഹത്തിന്റേതാണോ എന്നറിയാനുള്ള ആദ്യഘട്ട പരിശോധന വിജയമായിരുന്നു. വൈ ക്രോമസോം സീക്വന്‍സിങ്ങാണ് ഗവേഷകര്‍ ഉപയോഗിച്ചത്. അമ്മയുടെ ജീനുകളുമായി സംയോജിക്കാതെ, അച്‌ഛനില്‍നിന്ന് നേരിട്ട് മകനിലേക്ക് കൈമാറുന്ന ക്രോമോസോമാണു വൈ.
ചിത്രത്തില്‍നിന്ന് എടുത്ത വൈ ക്രോമസോം സാമ്പിളും ഡാവിഞ്ചിയുടെ ഒരു ബന്ധു എഴുതിയ കത്തില്‍നിന്ന് എടുത്ത ഡി.എന്‍.എ. സാമ്പിളും തമ്മില്‍ ശാസ്‌ത്രജ്‌ഞര്‍ താരതമ്യം ചെയ്‌തു. ചിത്രത്തില്‍നിന്ന് ലഭിച്ച വൈ ക്രോമസോമും കത്തില്‍നിന്ന് ലഭിച്ചതും ലിയനാര്‍ഡോയുടെ ജന്മദേശമായ ടസ്‌കനിയിലെ ഒരു പൊതു പൂര്‍വികരുമായി ബന്ധമുള്ള ഒരു ജനിതക വിഭാഗത്തില്‍പ്പെട്ടതാണ്.എങ്കിലും, ശാസ്‌ത്രജ്‌ഞര്‍ക്ക് ഇതുവരെ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, ഡാവിഞ്ചിയുടെ ഡി.എന്‍.എ. രഹസ്യം ഭേദിക്കാനുള്ള ആദ്യത്തെ മുന്നേറ്റമാകാമിതെന്നാണു ഗവേഷകര്‍ വിശ്വസിക്കുന്നത്. മോണാലിസ പോലുള്ള പ്രശസ്‌തമായ ചിത്രങ്ങള്‍ക്ക് കഴിഞ്ഞ 500 വര്‍ഷത്തിനിടയില്‍ പലതവണ കൈകാര്യം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്‌തതിനാല്‍ ഡി.എന്‍.എ. നിലനിര്‍ത്താന്‍ സാധ്യതയില്ല. എന്നാല്‍ കാര്യമായ പരിശോധനയ്‌ക്കു വിധേയമാകാത്ത ചിത്രങ്ങളും സ്‌കെച്ചുകളും കൂടുതല്‍ 'ഡി.എന്‍.എ. സാധ്യത'യുള്ളതാണ്.'കാന്‍വാസ് സുഷിരങ്ങളുള്ളതാണ്. അത് വിയര്‍പ്പ്, ചര്‍മ്മം, ബാക്‌ടീരിയ, ഡി.എന്‍.എ. എന്നിവയെല്ലാം ആഗിരണം ചെയ്യും. അതെല്ലാം അവിടെ നിലനില്‍ക്കുകയും ചെയ്യും'-മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്‌റ്റ് ഡോ. നോബര്‍ട്ടോ ഗോണ്‍സാലസ്‌ജുവാര്‍ബെ പറഞ്ഞു. ഡാവിഞ്ചിയുടെ ചിത്രങ്ങള്‍ക്കു പിന്നില്‍ നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണു ഗവേഷകര്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളും സ്‌കെച്ചുകളും മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത നിമിഷങ്ങളെ പകര്‍ത്തുന്നതായി അവര്‍ പറയുന്നു.
ഉദാഹരണമായി ഒരു തുമ്പി പറക്കുമ്പോള്‍ അതിന്റെ മുന്‍ ചിറകുകളും പിന്‍ ചിറകുകളും മാറി മാറി ഉയര്‍ത്തുന്നത് ഡാവിഞ്ചിക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്‌കെച്ചിന്റെ കൃത്യത സൂചിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ കാഴ്‌ചശക്‌തി സെക്കന്‍ഡില്‍ 100 ഫ്രെയിമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സേ്ലാമോഷന്‍ ക്യാമറ പോലെയായിരുന്നു എന്നാണ്. അതേസമയം ശരാശരി വ്യക്‌തികള്‍ സെക്കന്‍ഡില്‍ 30 മുതല്‍ 60 ഫ്രെയിമുകള്‍ വരെയാണ് കാണുന്നത്. ഈ കഴിവ് അദ്ദേഹത്തിന്റെ ഡി.എന്‍.എയില്‍, റെറ്റിനയിലെ ചില പ്രോട്ടീനുകളെ നിയന്ത്രിക്കുന്ന കെസിഎന്‍ബി, കെസിഎന്‍വി2 ജീനുകളിലെ ഒരു മ്യൂട്ടേഷന്‍ കാരണം സംഭവിച്ചതാകാം. അതു സംബന്ധിച്ച വിവരമാണു ശാസ്‌ത്രജ്‌ഞര്‍ക്ക് ഡി.എന്‍.എയില്‍നിന്ന് അറിയേണ്ടത്. എങ്കിലും ആദ്യ ലക്ഷ്യം ഡാവിഞ്ചിയുടെ ഡി.എന്‍.എ. സാമ്പിള്‍ ശരിക്കും ലഭിച്ചോ എന്ന് നിര്‍ണയിക്കുകയാണ്.