-->
വാഷിങ്‌ടണ്‍: യു.എസിന്റെ പിടിയിലാകാതിരിക്കാനുള്ള പെടാപ്പാടിലായിരുന്നു ഇപ്പോള്‍ മാരിനേര എന്ന് പേരുമാറ്റപ്പെട്ട ഓയില്‍ ടാങ്കര്‍. വെനസ്വേല, ഇറാന്‍, റഷ്യ എന്നിവയുമായി ബന്ധപ്പെട്ട ഓയില്‍ ഷിപ്‌മെന്റുകള്‍ക്ക് മേലുള്ള യു.എസ്. ഉപരോധം ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ബെല്ല 1 എന്ന് അറിയപ്പെട്ടിരുന്ന ആ കപ്പല്‍. ആദ്യപടിയായി പേര്‍ മാരിനേര എന്നാക്കി. പുതിയ ചായംപൂശി നോക്കി. റഷ്യയില്‍ രജിസ്‌റ്ററും ചെയ്‌തു. പക്ഷേ, ആ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
രണ്ടാഴ്‌ചയോളം നീണ്ട നാടകീയമായ പിന്തുടരലിന് ശേഷം വടക്കന്‍ അറ്റ്‌ലാന്റിക്കില്‍വച്ച് മാരിനേരയെ അമേരിക്ക പിടികൂടി.
വെനസ്വേലയ്‌ക്കെതിരായ യു.എസ്. ഉപരോധം ലംഘിച്ചതിനാണ് അമേരിക്കന്‍ സേന കപ്പല്‍ പിടികൂടിയത്. ഒരുഘട്ടത്തില്‍ റഷ്യന്‍ നാവിക കപ്പലിന്റെ അകമ്പടി മാരിനേരയ്‌ക്കുണ്ടായിരുന്നു. റഷ്യന്‍ പതാക പാറിയ ഒരു കപ്പല്‍ അമേരിക്ക പിടികൂടുന്നത് ഇതാദ്യമായാണ്. ഇറാനില്‍നിന്ന് യാത്ര ആരംഭിച്ച മാരിനേര, നവംബറില്‍ ഗള്‍ഫ് ഓഫ് ഒമാന്‍ കടന്നു. സൂയസ് കനാലും ജിബ്രാള്‍ട്ടര്‍ കടലിടുക്കും കടന്ന് ഡിസംബര്‍ ആദ്യം അറ്റ്‌ലാന്റിക് കടന്ന് പോയി. വെനസ്വേലന്‍ ഊര്‍ജ കയറ്റുമതിക്ക് മേലുള്ള ഉപരോധം ശക്‌തമാക്കുന്നതിനിടയില്‍, അസംസ്‌കൃത എണ്ണ ശേഖരിക്കാന്‍ വെനസ്വേലയിലേക്കാണു കപ്പല്‍ പോകുന്നതെന്ന് സംശയിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 21ന്, യു.എസ്. കോസ്‌റ്റ് ഗാര്‍ഡ് കരീബിയന്‍ കടലില്‍വച്ച് ടാങ്കര്‍ തടഞ്ഞു. അന്ന് കപ്പല്‍ ബെല്ല 1 എന്ന പേരില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ഒരു ദേശീയ പതാകയും കപ്പലില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ കപ്പലില്‍ കയറാന്‍ യു.എസ്. കോസ്‌റ്റ് ഗാര്‍ഡിനെ ജീവനക്കാര്‍ അനുവദിച്ചില്ല. പിന്നീട് കപ്പല്‍ രക്ഷപ്പെട്ട് അറ്റ്‌ലാന്റിക്കിലേക്ക് നീങ്ങി. യു.എസ്. സേന അതിനെ ട്രാക്ക് ചെയ്‌തുകൊണ്ടിരുന്നു. ആ 'ഓട്ടത്തിനിടെ' യു.എസ്. പിടിയില്‍നിന്ന് കപ്പലിനെ രക്ഷിക്കാന്‍ നീക്കം തുടങ്ങി. രാജ്യാന്തര നിയമപ്രകാരം കപ്പലുകള്‍ പറത്തുന്ന രാജ്യത്തിന്റെ സംരക്ഷണത്തിലാണ്. അതിനാല്‍ കപ്പലിന്റെ പുറം ഭാഗത്ത് റഷ്യന്‍ പതാക വരച്ചുചേര്‍ത്തു.
എന്നാല്‍, കോസ്‌റ്റ് ഗാര്‍ഡ് സമീപിച്ചപ്പോള്‍ സാധുവായ ദേശീയ പതാക ഉണ്ടായിരുന്നില്ല എന്നാണു യു.എസ്. വാദം. താമസിയാതെ, കപ്പല്‍ അതിന്റെ പേര്‍ മാറ്റി. അതോടെ മാരിനേരയായി ബെല്ല 1 'പുനര്‍ജനിച്ചു'. റഷ്യയുടെ ഔദ്യോഗിക ഷിപ്പിങ് രജിസ്‌ട്രിയില്‍ പേര്‍ ചേര്‍ത്തു. തുടര്‍ന്ന് റഷ്യ, അമേരിക്കയോട് ടാങ്കറിന്റെ പിന്തുടരല്‍ നിര്‍ത്താന്‍ ഔദ്യോഗികമായി നയതന്ത്ര അഭ്യര്‍ത്ഥന നടത്തി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, പുതുവത്സര രാത്രി വൈകിയാണ് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ അഭ്യര്‍ത്ഥന എത്തിയത്.
എങ്കിലും, പിന്തുടരല്‍ തുടര്‍ന്നു. ടാങ്കര്‍ ഉപരോധം ലംഘിച്ചതും ഇറാനിയന്‍ എണ്ണ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കുറ്റാരോപിതനാണെന്ന് യു.എസ്. അധികൃതര്‍ വാദിച്ചു.
വെനസ്വേലക്ക് മേലുള്ള യു.എസ്. സമ്മര്‍ദം വര്‍ധിച്ചതോടെ, കപ്പല്‍ പെട്ടെന്ന് വഴി മാറ്റി. ഡിസംബര്‍ 15ന്, അത് കരീബിയന്‍ കടലിന് സമീപം നിര്‍ത്തി, യൂറോപ്പിലേക്ക് തിരിച്ചു.വെനസ്വേലന്‍ ഓയില്‍ ടാങ്കറുകള്‍ക്ക് 'പൂര്‍ണ ഉപരോധം' ഏര്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആ നീക്കം. കപ്പലിനെ സംരക്ഷിക്കാന്‍ റഷ്യ കൂടുതല്‍ നടപടി സ്വീകരിച്ചു. വാള്‍ സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തതനുസരിച്ച് റഷ്യന്‍ നാവികപ്പട ടാങ്കറിന് അകമ്പടി പോകാനായി അന്തര്‍വാഹിനികള്‍ വിന്യസിച്ചു.ഓപ്പറേഷന് 24 മണിക്കൂര്‍ മുമ്പ്, നിരവധി പാശ്‌ചാത്യ നിരീക്ഷണ വിമാനങ്ങള്‍ കപ്പലിന് മുകളില്‍ കണ്ടിരുന്നു. ഇതില്‍ ഐസ്‌ലന്‍ഡിലെ യു.എസ്. ബേസുകളില്‍നിന്നുള്ള വിമാനങ്ങളും ഉള്‍പ്പെടും. ഇന്നലെ യു.എസ്. കോസ്‌റ്റ് ഗാര്‍ഡ് ടാങ്കറില്‍ പ്രവേശിച്ച് നിയന്ത്രണം പിടിച്ചു. ഉപരോധം ലംഘിച്ചതിനാണ് ടാങ്കര്‍ പിടിച്ചെടുത്തതെന്ന് അവര്‍ അവകാശപ്പെട്ടു. ഉടന്‍ തന്നെ റഷ്യയുടെ പ്രതിഷേധം ഉയര്‍ന്നു. 1982 ലെ യു.എന്‍. ചട്ടം അനുസരിച്ച്, 'മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കപ്പലുകള്‍ക്കെതിരേ ബലം പ്രയോഗിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
റഷ്യ, ഇറാന്‍, വെനസ്വേല എന്നിവയുടെ എണ്ണ കൈമാറ്റത്തിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റ്' എന്നറിയപ്പെടുന്ന കപ്പലുകളുടെ ഭാഗമാണു മാരിനേര എന്നാണു യു.എസ്. കരുതുന്നത്. 2024ല്‍ ലബനനിലെ ഹെസ്‌ബൊള്ളയുമായി ബന്ധമുള്ള കമ്പനിക്കായി നിയമവിരുദ്ധമായ ചരക്ക് കൊണ്ടുപോയെന്ന ആരോപണത്തില്‍ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സുമായി ബന്ധമുള്ള തുര്‍ക്കി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലാണു കപ്പല്‍. പിടികൂടുമ്പോള്‍ കപ്പല്‍ കാലിയായിരുന്നു എന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.