-->
വളര്‍ന്നു വരുന്ന ഏതൊരു വ്യക്തിക്കും സ്വന്തമായി ഒരു ജോലി കിട്ടിയാല്‍, സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പിന്നെയുള്ള വലിയ സ്വപ്നം ഒരു വീടാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസവരിച്ച് ഒരു സ്വപ്നഭവനം നിര്‍മ്മിക്കുക എന്നത് ഏതൊരാളിന്റെയും സ്വപ്നമാണ്. അതിനായി കടന്നു വരുന്ന വഴികളും സഹിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമായിരിക്കില്ല, പലപ്പോഴും അഹോരാത്രം ജോലി ചെയ്താല്‍ മാത്രമേ ആ സ്വപ്നത്തിലേക്ക് നടന്നടുക്കാന്‍ കഴിയൂ. അതിനു വേണ്ടി പ്രയത്നിക്കുന്നവര്‍ക്ക് അതൊരു വലിയ പോരാട്ടം തന്നെയാണ്.
ഇപ്പോഴിതാ മുംബൈ സ്വദേശിയായ കൊറിയോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ഇഷിക സിംഗ് രാജ്പുത് തന്റെ അമ്മയ്ക്കായി അങ്ങനെ ഒരു സ്വപ്നവീട് യാഥാർത്ഥ്യമാക്കി നല്‍കിയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ആ യാത്രയിലേക്കുള്ള കഠിനമായ വഴികളെക്കുറിച്ച് ഇഷിക കുറിച്ചിട്ടുണ്ട്.
വാടകയ്ക്ക് ഒരു വീട് നോക്കാൻ പോകാം എന്ന് പറഞ്ഞാണ് ഇഷിക അമ്മയെ പുതിയ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും എന്നാല്‍, അമ്മ ഒട്ടും പ്രതീക്ഷിക്കാതെ വീട് കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് ഇഷിക താക്കോല്‍ അമ്മയുടെ കയ്യില്‍ വെച്ചു കൊടുക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ‘ഇനി നമ്മള്‍ വാടകവീട്ടിലല്ല, നമ്മുടെ സ്വന്തം വീട്ടിലാണ് താമസിക്കാൻ പോകുന്നത്...’ എന്ന് ഇഷിക പറയുന്നതോടെ അമ്മ വികാരാധീനയായി കരയുന്നതും വീഡിയോയില്‍ കാണാം. തന്റെ ജന്മദിനത്തിലാണ് ഇഷിക അമ്മയ്ക്ക് ഈ സർപ്രൈസ് സമ്മാനം നല്‍കിയത്.
‘‘എന്റെ പിറന്നാൾ ദിനത്തിൽ എന്റെ മമ്മയ്ക്ക് ഒരു പുതിയ വീട് നൽകി. നമുക്ക് ഒരു വാടക വീട് നോക്കാമെന്ന് പറഞ്ഞ് കൊണ്ടു പോയി. പെട്ടെന്ന് ഞാൻ അമ്മയ്ക്ക് നമ്മുടെ പുതിയ വീടിന്റെ താക്കോൽ കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്മ ഞെട്ടിപ്പോയി, ഇത് നിങ്ങൾക്കുള്ളതാണ്, നമ്മുടെ സ്വപ്നഭവനം. ഈ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു, എത്ര തവണ ശ്രമിച്ചെന്ന് എനിക്കറിയില്ല. എത്ര കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നുവെന്ന് എനിക്കറിയില്ല. പല രാത്രികളിലും ഉറക്കമില്ലാതെ സ്വന്തമായൊരു വീട് എന്ന സ്വപ്നം മാത്രം കണ്ട് ഇരുന്നിട്ടുണ്ട്. രാത്രി മുഴുവൻ എന്റെ കണ്ണുകൾ തുറന്നിരുന്നു, എന്റെ വീടിന്റെ ഒരു സ്വപ്നം മാത്രമേ ഞാൻ കണ്ടുള്ളൂ. എനിക്ക് ഉറങ്ങുന്ന ഭർത്താവോ കരയുന്ന ഭർത്താവോ ഉണ്ടായിരുന്നില്ല, ഇപ്പോള്‍ ഈ വീട് വാങ്ങിയപ്പോള്‍ എനിക്ക് എനിക്കുതന്നെ ഒരു ട്രോഫി നല്‍കാൻ തോന്നുന്നു...
അതെ, ഞാൻ വിജയിച്ചു.
സുഹൃത്തുക്കളേ, ഞാൻ നിങ്ങളോട് പറയട്ടെ, സമർപ്പണവും വ്യക്തമായ ഉദ്ദേശ്യങ്ങളുമുണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും...ദൈവത്തിന് നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ സന്തോഷം ഇഷിക സിംഗ് രജ്പുത് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. 1.2 കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
ഗായിക നേഹ കക്കർ, നടൻ അപർശക്തി ഖുറാന തുടങ്ങിയവരടക്കം നൂറുകണക്കിന് ആളുകളാണ് ഇഷികയെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.