-->
സിഡ്‌നി: ആഷസ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ഏഴു വിക്കറ്റിന് 518 റണ്ണടിച്ചു. ഇതോടെ ഓസീസിന് 134 റണ്‍ ലീഡായി.
ഓപ്പണര്‍ ട്രാവിസ് ഹെഡ്(166 പന്തില്‍ 163), നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത് (205 പന്തില്‍ പുറത്താകാതെ 129) എന്നിവരുടെ സെഞ്ചുറികളാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ സവിശേഷത. സ്‌മിത്തിന്റെ 37-ാമത് ടെസ്‌റ്റ് സെഞ്ചുറിക്കാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിനെതിരേ 13 തവണ താരം മൂന്നക്കം കടന്നു.
ഇതോടെ ആഷസ് സെഞ്ചുറി നേട്ടത്തിലും റണ്‍വേട്ടയിലും ഇതിഹാസതാരം സര്‍ ഡോണള്‍ഡ് ബ്രാഡ്‌മാനു പിന്നില്‍ രണ്ടാമനാകാനും സ്‌മിത്തിനായി. ഇംഗ്ലണ്ടിന്റെ ജാക്ക് ഹോബ്‌സി(12)നെ മറികടന്നാണ് സ്‌മിത്ത് സെഞ്ചുറിയെണ്ണത്തില്‍ രണ്ടാം സ്‌ഥാനക്കാരനായത്. 19 സെഞ്ചുറിയാണ് ബ്രാഡ്‌മാന്റെ അക്കൗണ്ടിലുള്ളത്. 37 കളിയില്‍ 5028 റണ്ണുള്ള ബ്രാഡ്‌മാനു പിന്നില്‍ 41 കളിയില്‍ 3682 റണ്ണാണ് രണ്ടാമതുള്ള സ്‌മിത്തിനുള്ളത്. 3636 റണ്ണടിച്ച് മൂന്നാമതുള്ള ഹോബ്‌സിനെയാണ് ഈ ഗണത്തിലും സ്‌മിത്ത് പിന്നിലാക്കിയത്.
ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ 42 റണ്ണടിച്ച ബ്യൂ വെബ്‌സ്റ്ററാണ് സ്‌മിത്തിനു കൂട്ടായി ക്രീസിലുള്ളത്. അവസാന ടെസ്‌റ്റ് കളിക്കുന്ന ഉസ്‌മാന്‍ ഖവാജ 17 റണ്ണില്‍ പുറത്തായി. 384 റണ്ണാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍.
രണ്ടുവിക്കറ്റിന് 166 റണ്ണെന്ന നിലയിലാണ് ഇന്നലെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. തലേന്ന് ഒരു റണ്ണുമായി ക്രീസിലുണ്ടായിരുന്ന നൈറ്റ് വാച്ച്‌മാന്‍ മിച്ചല്‍ നെസര്‍ പ്രതിരോധിച്ചു നിന്നത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കെടുത്തി. 91 റണ്ണുമായി പുറത്താകാതെ നിന്നിരുന്ന ട്രാവിസ് ഹെഡ് കളി തുടങ്ങി അരമണിക്കൂറിനുള്ളില്‍ മൂന്നക്കത്തിലെത്തി. 105 പന്തിലാണ് താരം കരിയറിലെ 12-ാമത്തെയും പരമ്പരയിലെ മൂന്നാമത്തെയും സെഞ്ചുറി കണ്ടെത്തിയത്. ടീം സ്‌കോര്‍ 234 റണ്ണിലെത്തിയപ്പോള്‍ നേസറിനെ ജാമി സ്‌മിത്തിന്റെ കൈകളിലെത്തിച്ച് ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് മൂന്നാം ദിവസത്തെ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 90 പന്തില്‍ താരം 24 റണ്ണടിച്ചു. പകരമെത്തിയ സ്‌റ്റീവന്‍ സ്‌മിത്ത് പതിഞ്ഞ താളത്തിലാണു തുടങ്ങിയത്. ലഞ്ചിനു തൊട്ടുമുമ്പ് 12 റണ്ണില്‍ നില്‍ക്കെ ലെഗ് സ്ലിപ്പില്‍ സാക് ക്രോളി സ്‌മിത്തിനെ കൈവിട്ടു.
ഇതടക്കം നാലു ക്യാച്ചുകള്‍ ഇംഗ്ലണ്ട് താരങ്ങള്‍ നിലത്തിട്ടു. ആയുസ് നീട്ടിക്കിട്ടിയ സ്‌മിത്ത് സ്‌പിന്നര്‍മാരെ കടന്നാക്രമിച്ച് മുന്നേറി. മറുതലയ്‌ക്കല്‍ ഹെഡ് പതിവുശൈലിയില്‍ ആഞ്ഞടിച്ചു. ടീം സ്‌കോര്‍ 288-ല്‍ ഹെഡിനെ ജേക്കബ് ബെഥെല്‍ ലെഗ് ബിഫോറാക്കി. പുറത്താകുംമുമ്പ് 166 പന്തില്‍ ഒരു സിക്‌സും 24 ഫോറും ഉള്‍പ്പെടെ ഹെഡ് 163 റണ്ണടിച്ചു.
സിഡ്‌നിയില്‍ ഒരുപക്ഷേ, അവസാന ടെസ്‌റ്റ് ഇന്നിങ്‌സ് കളിക്കുന്ന ഉസ്‌മാന്‍ ഖവാജ നിരാശപ്പെടുത്തി. ആറാമനായെത്തി 49 പന്തില്‍ 17 റണ്ണെടുത്തു നില്‍ക്കെ ബ്രൈഡന്‍ കാര്‍സിന്റെ ലോ ഫുള്‍ടോസില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. കരഘോഷം മുഴക്കിയാണ് എസ്.സി.ജി. ഖവാജയെ ഡഗൗട്ടിലേക്കു യാത്രയാക്കിയത്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി 13 പന്തില്‍ 16 റണ്ണുമായി ജോഷ് ടോങ്കിന് ഇരയായി. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 64 പന്തില്‍ 47 റണ്ണുമായി സ്‌മിത്തിന് ഉറച്ച പിന്തുണ നല്‍കി. 366-ല്‍ ഒത്തുചേര്‍ന്ന സഖ്യം പിരിഞ്ഞത് ടീം സ്‌കോര്‍ 437-ലാണ്. കാര്‍സിന്റെ മത്സരത്തിലെ മൂന്നാം ഇരയായ ഗ്രീനിനെ ബെന്‍ ഡക്കറ്റ് കൈപ്പിടിയിലാക്കി.
വാലറ്റത്ത് ബ്യൂ വെബ്‌സ്റ്റര്‍ ഉറച്ചുനിന്നു ബാറ്റ് വീശിയതോടെ ഓസ്‌ട്രേലിയ വലിയ ലീഡ് സ്വപ്‌നം കണ്ടുതുടങ്ങി. ഇതിനിടയില്‍ മൂന്നക്കം കടന്ന് ക്യാപ്‌റ്റന്‍ ചരിത്രം കുറിക്കുകയും ചെയ്‌തു. ആഷസില്‍ 2017-18 സീസണിനുശേഷം സ്വന്തം നാട്ടില്‍ നടാടെയാണ് സ്‌മിത്ത് സെഞ്ചുറി നേടുന്നതെന്ന സവിശേഷതയുമുണ്ട്. മൂന്നു വിക്കറ്റെടുത്ത ബ്രൈഡന്‍ കാര്‍സും രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങി. ജോഷ് ടോംഗിനും ജേക്കബ് ബെഥേലിനും ഓരോ ഇരകളെ കിട്ടി.
ഇരുനൂറിനടുത്ത് ലീഡ് വഴങ്ങിയാല്‍ സ്വാഭാവികമായും സമ്മര്‍ദം ഇംഗ്ലണ്ടിനാകും. അങ്ങിനെയെങ്കില്‍ അവസാന ടെസ്‌റ്റില്‍ ജയമെന്ന ഓസീസ് സ്വപ്‌നവും അകലെയല്ല.