-->
ന്യൂഡല്‍ഹി: ദേശീയ തലസ്‌ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതില്‍ കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്(സി.ക്യു.എം) പരാജയപ്പെട്ടുവെന്നു സുപ്രീം കോടതി. മലിനീകരണത്തിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താനോ കര്‍ശന നടപടികള്‍ സ്വീകരിക്കാനോ ദീര്‍ഘകാല പരിഹാരങ്ങള്‍ നിര്‍ദേശിക്കാനോ കമ്മിഷനു കഴിഞ്ഞിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
ഫലപ്രദമായ ദീര്‍ഘകാല പരിഹാരത്തിനായി കൃത്യമായ പദ്ധതിയോ നിര്‍ദേശങ്ങളോ നല്‍കുന്നതിനു പകരം തല്‍സ്‌ഥിതി റിപ്പോര്‍ട്ട് മാത്രമാണു സി.ക്യു.എം. സമര്‍പ്പിച്ചതെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയും അമിക്കസ് ക്യൂറിയും ഉന്നയിച്ച പല വിഷയങ്ങളെക്കുറിച്ചും സി.ക്യു.എമ്മിനു മറുപടിയില്ല. വായുമലിനീകരണം വഷളാകുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനോ പരിഹാരം നിര്‍ദേശിക്കുന്നതിനോ സി.ക്യു.എം. പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യം നേരിടുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു കോടതി വ്യക്‌തമാക്കി.
ഈ മേഖലയിലെ വിദഗ്‌ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും വായുഗുണനിലവാരം വഷളാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും സി.ക്യു.എമ്മിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്ന കമ്മിഷന്റെ ആവശ്യം കോടതി തള്ളി. നഗരാതിര്‍ത്തികളിലെ ഒന്‍പത് ടോള്‍ പ്ലാസകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതിനെക്കുറിച്ചോ മാറ്റുന്നതിനെക്കുറിച്ചോ ആലോചിക്കാന്‍ നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു.ഡല്‍ഹിയിലെ ശരാശരി വായുനിലവാര സൂചിക ഇന്നലെയും 293 എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ചാന്ദ്‌നി ചൗക്ക് ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ഇത് 350-ന് മുകളിലെത്തി.