Saturday, March 14, 2026 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

മലബാറിന്‌ പുറത്തും വിജയസാധ്യതയുള്ള സീറ്റ്‌ വേണമെന്നു മുസ്ലിം ലീഗ്‌

കോഴിക്കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിനു പുറത്തും വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നു മുസ്ലിം ലീഗ്‌. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌ ജില്ലകളിലാണ്‌ ലീഗിനു നോട്ടം. തിരുവനന്തപുരം, ഇരവിപുരം, പട്ടാമ്പി സീറ്റുകള്‍ ലഭിച്ചാല്‍ വിജയിക്കാനാകുമെന്ന്‌ കോഴിക്കോട്‌ കഴിഞ്ഞദിവസം ചേര്‍ന്ന ലീഗ്‌ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.
ഇപ്പോള്‍ ലീഗിന്‌ കാസര്‍ഗോഡ്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ എം.എല്‍.എ.മാരുള്ളത്‌. മുമ്പ്‌ കണ്ണൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലും എം.എല്‍.എമാരുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു നിയമസഭാതെരഞ്ഞെടുപ്പുകളിലാണ്‌ ലീഗിന്റെ നിയമസഭയിലെ പ്രാതിനിധ്യം മലബാറില്‍ മാത്രമായി ഒതുങ്ങുന്നത്‌. 2021ല്‍ 24 സീറ്റില്‍ മത്സരിച്ച ലീഗ്‌ 15 സീറ്റുകളിലാണ്‌ വിജയിച്ചത്‌. ഇതില്‍ 11 സീറ്റുകളിലും മലപ്പുറം ജില്ലയിലാണ്‌. കാസര്‍ഗോഡ്‌ രണ്ടും കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളില്‍ ഒന്നു വീതവും സീറ്റുകളില്‍ വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒരു മണ്ഡലവും കൊല്ലം ജില്ലയില്‍ ഇരവിപുരവും വേണമെന്ന ആവശ്യമാണ്‌ ലീഗ്‌ ആദ്യം ഉയര്‍ത്തുന്നത്‌. പാലക്കാട്‌ ജില്ലയിലെ കോങ്ങാട്‌ സീറ്റിന്‌ പകരം പട്ടാമ്പിയില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നും കോങ്ങാടും പട്ടാമ്പിയും കോണ്‍ഗ്രസുമായി വെച്ചുമാറണമെന്നും ആവശ്യമുയരുന്നുണ്ട്‌. എന്നാല്‍ ഗുരുവായൂര്‍ കൂടുതല്‍ വിജയസാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസിന്‌ വിട്ടുനല്‍കേണ്ടെന്നാണ്‌ ലീഗ്‌ തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട്‌.
തിരുവമ്പാടി സീറ്റ്‌ സി.എം.പി. നേതാവ്‌ സി.പി. ജോണിന്‌ മത്സരിക്കാന്‍ വിട്ടുനല്‍കാന്‍ തയാറാണെന്നും ലീഗ്‌ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ്‌ സ്‌ഥാനാര്‍ഥി പരാജയപ്പെട്ട തിരുവമ്പാടി കോണ്‍ഗ്രസിന്‌ തിരികെ നല്‍കണമെന്ന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ലീഗ്‌ അതിന്‌ തയാറായിരുന്നില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും തിരുവമ്പാടി സംബന്ധിച്ച ചര്‍ച്ച ലീഗും കോണ്‍ഗ്രസും തമ്മില്‍ നടക്കും.
തിരുവമ്പാടി കോണ്‍ഗ്രസിന്‌ വിട്ടുനല്‍കിയാല്‍ എന്നന്നേക്കുമായി വിജയസാധ്യതയുള്ള മണ്ഡലം കൈയില്‍നിന്നും നഷ്‌ടപ്പെടുമെന്നതിനാലാണ്‌ സി.പി.ജോണിനെ മത്സരിപ്പിക്കാന്‍ ലീഗ്‌ സന്നദ്ധത അറിയിക്കുന്നത്‌. വനിതകളും യുവാക്കളും സ്‌ഥാനാര്‍ഥികളായി രംഗത്തിറങ്ങുമെന്നും വിജയസാധ്യതമാത്രമാണ്‌്് മാനദണ്ഡമെന്നും ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ്‌ വലിയ മുന്നേറ്റം നടത്തിയെന്നും അതു നിയമസഭാ തെരഞ്ഞെടുപ്പിലും തുടരാനായാല്‍ ഭരണം ഉറപ്പാണെന്നുമാണ്‌ വിലയിരുത്തല്‍. കഴിഞ്ഞ തവണ 27 സീറ്റ്‌ ആവശ്യപ്പെട്ടെങ്കിലും സമവായഭാഗമായി 24 സീറ്റിലാണ്‌ ലീഗ്‌ മത്സരിച്ചത്‌. ഇത്തവണ രണ്ട്‌ സീറ്റെങ്കിലും കൂടുതലായി ലഭിക്കണമെന്നാണ്‌ ലീഗിന്റെ ആവശ്യം.

വിനോദ്‌ താമരശേരി

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW