Wednesday, March 11, 2026 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.24 PM

മഡൂറോയുടെ രഹസ്യം ചോര്‍ത്തിയത്‌ ആര്‍ക്യൂ170 സെന്റിനല്‍

ലണ്ടന്‍: വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ പിടികൂടാന്‍ യു.എസ്‌. തങ്ങളുടെ രഹസ്യായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്‌. അതീവ രഹസ്യനീക്കങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ആര്‍ക്യൂ170 സെന്റിനല്‍ ഡ്രോണുകളെ യു.എസ്‌. കാരക്കാസിലേക്കു അയച്ചതായാണു യു.എസ്‌. എയര്‍ഫോഴ്‌സ് നല്‍കുന്ന സൂചന.
മഡൂറോ ദൗത്യത്തിനുശേഷം പുലര്‍ച്ചെ പ്യൂര്‍ട്ടോ റിക്കോയിലെ വ്യോമത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യുന്ന ആര്‍ക്യൂ170 സെന്റിനലിന്റെ ദൃശ്യങ്ങളാണു യു.എസ്‌. എയര്‍ഫോഴ്‌സ് പങ്കുവച്ചത്‌. ആര്‍ക്യൂ170 സെന്റിനല്‍ ഡ്രോണുകളെ കഴിഞ്ഞ രണ്ട്‌ ദശകമായി യു.എസ്‌. ഉപയോഗിക്കുന്നുണ്ട്‌. പക്ഷേ, 2009 ഡിസംബറിന്‌ ശേഷം മാത്രമാണ്‌ യു.എസ്‌. ഇക്കാര്യം പരസ്യമായി സമ്മതിച്ചത്‌. അവയുടെ ആദ്യ പരസ്യദൗത്യം അഫ്‌ഗാനിസ്‌ഥാനിലായിരുന്നു. മഡൂറോ ഓപ്പറേഷനിടയില്‍ ഡ്രോണുകള്‍ വെനസ്വേലന്‍ ആകാശപരിധിയില്‍, പ്രത്യേകിച്ച്‌ കാരക്കാസിന്‌ ചുറ്റും പ്രവര്‍ത്തിച്ചിരുന്നു. അവയുടെ അതീവ രഹസ്യ സ്വഭാവം കാരണം കൃത്യമായ പാതകള്‍ വിശദീകരിച്ചിട്ടില്ല.
മഡൂറോയെ പിടികൂടുന്നതിനു മുമ്പായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ദിനചര്യകളുടെ വിശദമായ ധാരണയുണ്ടാക്കാനും സി.ഐ.എ മാസങ്ങളോളം വെനസ്വേലയ്‌ക്ക് മുകളില്‍ ആര്‍ക്യൂ170 സെന്റിനല്‍ ഡ്രോണുകള്‍ വിന്യസിച്ചു എന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
2004ല്‍ അടച്ചുപൂട്ടിയ പ്യുര്‍ട്ടോ റിക്കോയിലെ റോസ്‌വെല്‍റ്റ്‌ റോഡ്‌സ് നേവല്‍ എയര്‍ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണു അവ പ്രവര്‍ത്തിച്ചതെന്നാണു സൂചന. ഡിസംബര്‍ മുതല്‍ ആര്‍ക്യൂ170 സെന്റിനല്‍ ലാറ്റിന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന യു.എസ്‌. സൈന്യവും നല്‍കുന്നുണ്ട്‌. സൈനിക വിശകലന വിദഗ്‌ധര്‍ പറയുന്നതനുസരിച്ച്‌, ശത്രുരാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങളുടെ ദീര്‍ഘകാല, രഹസ്യ നിരീക്ഷണത്തിനാണ്‌ ആര്‍ക്യൂ170 ഉപയോഗിച്ചിട്ടുണ്ടാകുക. 2011ല്‍ ഒസാമ ബിന്‍ ലാദനെതിരായ ഓപ്പറേഷന്‌ മുമ്പുള്ള നിശബ്‌ദമായ രഹസ്യാന്വേഷണ ദൗത്യത്തോട്‌ അവര്‍ ഇതിനെ താരതമ്യം ചെയ്യുന്നു. അന്ന്‌ പാകിസ്‌താന്റെ ഉള്ളില്‍ കടന്നു നിരീക്ഷണം നടത്താന്‍ ആര്‍ക്യൂ170 സെന്റിനലിനായി.
ദ്‌ വാര്‍ സോണിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ആര്‍ക്യൂ170 ഡ്രോണുകളില്‍ ഏകദേശം 20 മുതല്‍ 30 വരെ എണ്ണം മാത്രമേ സേവനത്തിലുള്ളൂ. നെവാഡയിലെ ക്രീച്ച്‌ എയര്‍ഫോഴ്‌സ് ബേസ്‌ പോലുള്ള വ്യോമത്താവളങ്ങളില്‍നിന്നാണ്‌ അവ പ്രവര്‍ത്തിക്കുന്നത്‌.
ക്രീച്ച്‌ എബിയിലെ ആസ്‌ഥാനമായ 432ാം വിങ്‌, വിദൂര നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളുടെ പ്രധാന വിങ്ങാണ്‌.ഈ ആളില്ലാ വിമാനത്തില്‍ ചലിക്കുന്ന ലക്ഷ്യങ്ങളെ മാപ്പ്‌ ചെയ്യാനും ട്രാക്ക്‌ ചെയ്യാനും ആവശ്യമായ നൂതന സെന്‍സറുകളുണ്ട്‌. രാത്രികാല വീഡിയോ നല്‍കാന്‍ ഇന്‍ഫ്രാറെഡ്‌ ക്യാമറകള്‍, ശത്രുക്കളുടെ ആശയവിനിമയങ്ങള്‍ തടയുന്നതിനുള്ള ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള രഹസ്യാന്വേഷണ ഉപകരണങ്ങള്‍ എന്നിവയും അതിലുണ്ട്‌. അമേരിക്കന്‍ സൈബര്‍ പോരാളി യൂണിറ്റുകളും ഈ ആക്രമണത്തില്‍ പങ്കാളികളായിരുന്നതായി സൈനിക സാങ്കേതിക വിദഗ്‌ധര്‍ വിശ്വസിക്കുന്നു. റെയ്‌ഡ് ആരംഭിച്ചപ്പോള്‍ യു.എസ്‌. ലക്ഷ്യമിട്ട മുഴുവന്‍ പ്രദേശത്തും അവര്‍ ബ്ലാക്ക്‌ഔട്ട്‌ സൃഷ്‌ടിച്ചു. ഇതും ഡ്രോണുകളുടെ നീക്കത്തിനു സൗകര്യമായി.

Ads by Google
Tuesday 06 Jan 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW