-->
ഒരാള്‍ ധൈര്യശാലിയാകാന്‍ എല്ലായ്പ്പോഴും ധൈര്യം കാണിക്കണമെന്നില്ല. അവസരോചിതമായി സാഹചര്യത്തിന് ഉതകുന്ന രീതിയില്‍ പെരുമാറുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഹീറോയാകുന്നത്. അതിന് പ്രായമോ സ്ത്രീപുരുഷ ഭേദമോ ഒന്നുമില്ല. ഒരാള്‍ തന്നെ ആക്രമിക്കാനെത്തുമ്പോള്‍ സിക്സ് പാക്കും ആരോഗ്യമുള്ള ശരീരവും മാത്രം കൂട്ടിനുണ്ടായാല്‍ പോരാ, മറിച്ച് അത് ഉപയോഗിക്കാനും അവസരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ബുദ്ധിയും ഉണ്ടാകണം.
ഇപ്പോഴിതാ അത്തരത്തില്‍ മാല പൊട്ടിക്കാനായി കഴുത്തില്‍ കത്തിവച്ച കള്ളനെ അതേ കത്തിവച്ച് വിരട്ടിയ ആലപ്പുഴയിലെ ഒരു 77 കാരിയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. അമ്പലപ്പുഴ സ്വദേശിയായ 77കാരിയായ മഹിളാമണി അമ്മയാണ് കള്ളനെ വിരട്ടിയോടിച്ചത്. മാലപൊട്ടിക്കാനായി എത്തിയ കള്ളൻ മഹിളാമണി അമ്മയുടെ കഴുത്തില്‍ കത്തി വച്ചു. കഴുത്തിൽ കത്തിവച്ചിട്ട് കൈയ്ക്ക് ഒരടിയും കൊടുത്തു കള്ളന്‍. ആ നിമിഷം കത്തി പിടിച്ചുവാങ്ങുകയാണ് മഹിളാമണി അമ്മ ചെയ്തത്. കത്തി പിടിച്ചുവാങ്ങിയതോടെ പകച്ചു പോയ കള്ളൻ മാല വഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാറിനെയാണ് മഹിളാമണിയമ്മ നേരിട്ടത്.
വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്. റോഡില്‍ വച്ച വട്ടം നിന്നയാള്‍ മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് അടിച്ചു. ഇതിന് ശേഷം കത്തി കഴുത്തില്‍ വച്ച് മാല പറിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില പതറിപ്പോയെങ്കിലും ധൈര്യം വീണ്ടെടുത്ത് മനസാന്നിധ്യം കൈവിടാതിരുന്ന 77 കാരി പിച്ചാത്തി കൈക്കലാക്കി. ഇതോടെ അക്രമിക്ക് നില തെറ്റി. മാല പൊട്ടിച്ചെങ്കിലും പകുതി വഴിക്ക് ഉപേക്ഷിച്ച് കള്ളന്‍ ഓടി.
ആദ്യം മുന്നോട്ട് ഓടിയെങ്കിലും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ 77കാരിയുടെ മുന്നിലൂടെ തന്നെ വീണ്ടും കള്ളന്‍ ഓടുകയായിരുന്നു. മഹിളാമണി അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും പ്രതിയെ പിടിച്ചെങ്കിലും മാല ഇയാളില്‍ നിന്ന് കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു സ്ത്രീ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാല ഇയാള്‍ വലിച്ചെറിഞ്ഞത് കണ്ടതായി പറയുന്നത്. പിന്നാലെ നടത്തിയ തെരച്ചിലില്‍ ആദ്യം മാലയും പിന്നാലെ മറ്റൊരിടത്ത് നിന്ന് താലിയും കണ്ടെത്തി. പിന്നീട് പ്രതിയെ പോലീസിനെ ഏല്‍പ്പിച്ചു.
മാല ഇടണ്ടാന്ന് പൊലീസ് പറഞ്ഞതോടെ മാല ഊരി വച്ചിരിക്കുകയാണ് 77കാരി. ‘‘സംഭവത്തിന് പിന്നാലെ മേഖലയില്‍ എല്ലാവരും മാല ഊരി.. ഇനി മാലയിടുന്നില്ല, ശരീരം മാത്രം നോക്കിയാ മതിയല്ലോ പേടി വേണ്ടല്ലോ...’’ ചിരിച്ചു കൊണ്ടാണെങ്കിലും കണ്ണീര്‍ തുടച്ച് മഹിളാമണി അമ്മ പറയുന്നു.