Friday, March 13, 2026 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 02.11 PM

എല്ലാത്തിനും കാരണം മനുഷ്യന്റെ പ്രവര്‍ത്തികള്‍! 20 വര്‍ഷംകൊണ്ട് ഭൂമി ചരിഞ്ഞത് 31 ഇഞ്ച്

earth, tilt, inches

ഭൂമിയുടെ ഘടനയെ കുറിച്ചുള്ള പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പഠനം പറയുന്നതനുസരിച്ച് ഇരുപത് വര്‍ഷം കൊണ്ട് ഭൂമി 31.5 ഇഞ്ച് ചരിഞ്ഞു. വന്‍തോതിലുള്ള ഭൂഗര്‍ഭജല പമ്പിങ് ആണ് ഈ ചെരിവിന് കാരണമെന്നു പറയുകയാണ് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ശാസ്ത്ര ജേര്‍ണല്‍. 2023 ല്‍ പുറത്തു വിട്ട പഠനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് വീണ്ടും പുറത്തു വിട്ടിരിക്കുകയാണ് ഗവേഷകര്‍. അതിലെ പുതിയ കണക്കുകള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്.

പോപ്പുലര്‍ മെക്കാനിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ പ്രക്രിയ ഏകദേശം .24 ഇഞ്ച് സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ ഭ്രമണ ധ്രുവങ്ങള്‍ മാറുന്നുവെന്ന് ഗവേഷകര്‍ക്ക് വളരെ കാലം മുന്‍പ് തന്നെ കണ്ടുപിടിച്ചിരുന്നതാണ്. എന്നാല്‍ പുതിയ ഗവേഷണം ആ ചലനം മനുഷ്യന്റെ പ്രവര്‍ത്തനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിസിസ്റ്റും പഠനത്തിന്റെ മുഖ്യ രചയിതാവുമായ കിവീണ്‍ സിയോ ഈ കണ്ടെത്തലിനെ ലളിതമായി വിശദീകരിച്ചു. 'ഭൂമിയുടെ ഭ്രമണധ്രുവം യഥാര്‍ത്ഥത്തില്‍ വളരെയധികം മാറുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ ആണ് അതിനു വഴി വെച്ചത്. ഭൂഗര്‍ഭജലത്തിന്റെ പുനര്‍വിതരണമാണ് ഭ്രമണധ്രുവത്തിന്റെ ഒഴുക്കില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് പഠനം കാണിക്കുന്നു' എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വെള്ളം ഒഴുകി നീങ്ങുന്നതിനെയാണ് ഭൂഗര്‍ഭജലത്തിന്റെ പുനര്‍വിതരണം എന്ന് പറയുന്നത്. ഇത് സ്വാഭാവികമായി സംഭവിക്കാം അല്ലെങ്കില്‍ അമിതമായ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമാകാം സംഭവിക്കുന്നത്. എങ്ങനെയാണ് ഭൂമിയുടെ ഭ്രമണത്തെ ഇത് ബാധിക്കുന്നത് ? ഭൂമി കറങ്ങുന്ന ധ്രുവം അല്ലെങ്കില്‍ പോള്‍ സ്ഥിരമായ ഒന്നല്ല. ഗ്രഹത്തിന്റെ പിണ്ഡത്തിലെ മാറ്റത്തിനനുസരിച്ച് ഭ്രമണവും മാറുന്നു. അമിത പ്രവാഹമായി വെള്ളം കുത്തിയൊഴുകുമ്പോള്‍ അത് ഭൂമിയുടെ ചലനത്തെ ബാധിക്കുന്നു. അതാകാം ഇവിടെയും സംഭവിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം. 2016 ല്‍ നാസ ഇതേ കാര്യം എടുത്തു പറഞ്ഞിരുന്നതാണ്. പല ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ നടത്തുന്ന ജലത്തിന്റെ വിതരണം ഗ്രഹത്തിന്റെ ഭ്രമണത്തെ ബാധിച്ചിട്ടുണ്ടെന്നും ഭൂമിക്ക് അതുമൂലം ചെരിവ് വന്നിട്ടുണ്ടെന്നും ആയിരുന്നു നാസയുടെയും കണ്ടെത്തല്‍. പുതിയ പഠനത്തില്‍ ഭൂമിയുടെ ആ ചെരിവ് എത്രത്തോളമാണെന്ന് വെളിപ്പെട്ടു.

1993 മുതല്‍ 2010 വരെയുള്ള ഡാറ്റയാണ് പഠനം പരിശോധിച്ചത്. ആ കാലയളവില്‍, മനുഷ്യര്‍ ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലം പമ്പ് ചെയ്തിട്ടുണ്ട്. ആ വെള്ളത്തിന്റെ ഭൂരിഭാഗവും ഒടുവില്‍ സമുദ്രത്തിലേക്ക് വന്ന്, ഗ്രഹത്തിന് ചുറ്റും ഒഴുകിയെത്തി എന്നാണ് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയും ആണ് ഭൂമിയുടെ ആ മാറ്റത്തിനു കാരണമായ പ്രധാന ഇടങ്ങള്‍ എന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ അമിതമായ വലിച്ചെടുക്കല്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ തോതിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പറയുകയാണ് ഗവേഷകര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW