-->
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെമേല്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍. അദ്ദേഹത്തെയും ഭാര്യ സിലിയയും ന്യൂയോര്‍ക്ക് സിറ്റിയിലെത്തിച്ചു. ഹെലിപാഡിലൂടെ അസ്വസ്‌ഥതയോടെ ഇരുവരും നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസാണ് അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് കോടതിയിലാണ് അവര്‍ വിചാരണ നേരിടേണ്ടത്.
ശനിയാഴ്‌ച പുലര്‍ച്ചെ കാരക്കാസില്‍ ഡെല്‍റ്റ ഫോഴ്‌സ് സൈനികര്‍ പിടികൂടിയ മഡൂറോയെ ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് സമീപത്തുള്ള ഹെലിപാഡിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് തെക്കന്‍ മാന്‍ഹാട്ടനിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയായിരുന്നു.
ഹെലികോപ്‌റ്ററില്‍നിന്ന് വിലങ്ങുകളോടെ അദ്ദേഹം പുറത്തിറങ്ങുന്നതിന്റെയും, തുടര്‍ന്ന് സായുധരായ പോലീസുകാരുടെ അകമ്പടിയോടെ കാക്കി നിറമുള്ള ഒരു കവചിത വാഹനത്തില്‍ കയറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അറസ്‌റ്റിന്റെ നിയമസാധുത ചോദ്യം ചെയ്യുമെന്ന് മഡൂറോയുടെ അഭിഭാഷകര്‍ അറിയിച്ചു. ഒരു രാഷ്‌ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും അവര്‍ വാദിക്കും.
'കാര്‍ട്ടെല്‍ ഡി ലോസ് സോളെസ്' എന്ന മയക്കുമരുന്ന് സംഘത്തെ നയിക്കുന്ന വ്യക്‌തിയാണ് മഡൂറോയെന്നും, ഈ സംഘം അമേരിക്കയിലേക്ക് വലിയ അളവില്‍ കൊക്കെയ്‌ന്‍ ഒഴുക്കുകയാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
യു.എസ്. പുറത്തുവിട്ട 25 പേജുള്ള കുറ്റപത്രത്തില്‍, ആയിരക്കണക്കിന് ടണ്‍ കൊക്കെയ്‌ന്‍ അമേരിക്കയിലേക്ക് അയക്കാന്‍ മഡൂറോയും മറ്റുള്ളവരും മയക്കുമരുന്ന് സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷവരെ ലഭിക്കാം.
മഡൂറോ, ഭാര്യ, അവരുടെ മകന്‍ എന്നിവര്‍ക്ക് പുറമേ വെനസ്വേലയുടെ ആഭ്യന്തര മന്ത്രി, മുന്‍ ആഭ്യന്തര മന്ത്രി, ഹെക്‌ടര്‍ റൂസ്‌തന്‍ഫോര്‍ഡ് ഗെ്വരേറോ ഫ്‌ലോറസ് എന്നിവര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. ഹെക്‌ടര്‍ റൂസ്‌തന്‍ഫോര്‍ഡ് ഗെ്വരേറോ ഫേ്ലാറസ് മറ്റൊരു കേസില്‍ കുറ്റാരോപിതനാണ്. അദ്ദേഹം നിലവില്‍ ഒളിവിലാണ്. മയക്കുമരുന്ന് കച്ചവടത്തിന്റെ ഭാഗമായി ആളുകളെ ഉപദ്രവിക്കാനും, കൊല്ലാനും മഡൂറോയും ഫേ്ലാറസും ഉത്തരവിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു. തങ്ങളുടെ മയക്കുമരുന്ന് വിതരണ ശൃംഖലയെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും ഇവര്‍ ലക്ഷ്യമിട്ടു. കാരക്കാസില്‍ ഒരു പ്രാദേശിക മയക്കുമരുന്ന് രാജാവിനെ കൊന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 2007ല്‍ വെനസ്വേലയുടെ നാഷണല്‍ ആന്റിഡ്രഗ് ഓഫീസിന്റെ ഡയറക്‌ടര്‍ ലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലിയായി വാങ്ങിയെന്നും, അതില്‍ ഒരു പങ്ക് മഡൂറോയുടെ ഭാര്യ സിലിയയ്‌ക്ക് ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മഡൂറോയ്‌ക്കെതിരായ കുറ്റപത്രത്തില്‍ വെനസ്വേലന്‍ ഉദ്യോഗസ്‌ഥര്‍ ട്രെന്‍ ഡി അരാഗുവാ എന്ന സംഘവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ആരോപിക്കുന്നു.
എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഏപ്രിലില്‍ പുറത്തിറക്കിയ ഒരു വിലയിരുത്തല്‍, ട്രെന്‍ ഡി അരാഗുവായും വെനസ്വേലന്‍ സര്‍ക്കാരും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു.