Wednesday, March 11, 2026 Last Updated 30 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

തെരുവുകള്‍ വിജനം; എല്ലാവര്‍ക്കും ഭയം, പരിഭ്രാന്തി...

uploads/news/2026/01/819062/int1.jpg

കാരക്കാസ്‌: അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ വെനസ്വേലയില്‍ അശാന്തിയും അസ്‌ഥിരതയുമെന്ന്‌ കാരക്കാസിലെ ഇന്ത്യക്കാര്‍ പ്രതികരിച്ചു.
യു.എസ്‌. വിമാനങ്ങള്‍ വെനിസ്വേലയില്‍ ബോംബ്‌ വര്‍ഷിച്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെ പിടികൂടി ന്യൂയോര്‍ക്കിലേക്ക്‌ പറത്തിയതോടെ കാരക്കാസും അയല്‍ നഗരങ്ങളും പരിഭ്രാന്തിയിലായെന്ന്‌ ഇന്ത്യക്കാരനായ സുനില്‍ മല്‍ഹോത്ര പറഞ്ഞു. വ്യോമാക്രമണത്തില്‍ അടിസ്‌ഥാന സൗകര്യങ്ങളും വൈദ്യുതി ഗ്രിഡുകളും തകര്‍ന്നു.
തലസ്‌ഥാനത്തിന്റെ വലിയ ഭാഗങ്ങള്‍ ഇരുട്ടിലായി. ആശയവിനിമയ ശൃംഖലകള്‍ തകരാറിലായി, തെരുവുകള്‍ വിജനമായി, കടകള്‍ അടച്ചുപൂട്ടി, രാജ്യം തലയറ്റ നിലയിലായി. വ്യാപകമായ അടിസ്‌ഥാന സൗകര്യ നാശനഷ്‌ടങ്ങള്‍, ഭക്ഷണത്തിനായുള്ള വലിയ ക്യൂകള്‍, കടുത്ത ഭയവും അനിശ്‌ചിതത്വവും എന്നിവയാണ്‌ എങ്ങും.
''സാരമായ നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. അവര്‍ കാരക്കാസിലെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ആക്രമിച്ചു. നഗരത്തിന്‌ ഏകദേശം 100 കിലോമീറ്റര്‍ പുറത്താണിത്‌. ഫ്യൂര്‍ട്ടെ ടിയുനയിലാണ്‌ ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്‌- സുനില്‍ മല്‍ഹോത്ര പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന്‌ പ്രധാന സ്‌ഥാപനങ്ങളും കടകളും അടച്ചുപൂട്ടി, പൊതുഗതാഗതം നിര്‍ത്തിവച്ചു. നഗരം സ്‌തംഭിച്ചു. എല്ലായിടത്തും അനിശ്‌ചിതത്വമാണ്‌. താമസക്കാര്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും അടച്ചിരുന്നു. ഇന്ത്യയിലെ കിരാന സ്‌റ്റോറുകള്‍ എന്ന്‌ വിളിക്കുന്ന ചെറിയ കടകള്‍ മാത്രമേ തുറക്കുന്നുള്ളു. നീണ്ട ക്യൂവാണ്‌. ഒരു ബ്ലോക്കില്‍ 500 മുതല്‍ 600 വരെ ആളുകള്‍ ക്യൂവിലുണ്ട്‌.
ഒരു സമയം ഒന്നോ രണ്ടോ പേരെ മാത്രമേ അകത്തേക്ക്‌ കടത്തിവിടുന്നുള്ളൂ- അദ്ദേഹം പറഞ്ഞു.
ഇതുവരെ ഭക്ഷണ ക്ഷാമമുണ്ടായിട്ടില്ല. എന്നാല്‍ ആളുകള്‍ ഭക്ഷണം ഉറപ്പാക്കാന്‍ തിരക്കുകൂട്ടിയപ്പോള്‍ ബ്രെഡ്‌ വില്‍ക്കുന്ന പ്രദേശങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ക്യൂവുകള്‍ ഉണ്ടായി. ഫാര്‍മസികളില്‍ ട്യൂണ, സാര്‍ഡിന്‍, ഹാം പോലുള്ള ടിന്നിലടച്ച ഭക്ഷണവും വില്‍ക്കുന്നതിനാല്‍ ഫാര്‍മസികളിലും വലിയ ക്യൂവുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ ഒരു സ്‌ഥലം കണ്ടെത്താന്‍ ദീര്‍ഘദൂരം നടക്കേണ്ടി വന്നു. വൈകുന്നേരം നാലോടെയാണ്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ പോയതെന്നും രാത്രി 11 മണിയോടെ മാത്രമേ തിരിച്ചെത്താന്‍ കഴിഞ്ഞുള്ളൂവെന്നും സുനില്‍ മല്‍ഹോത്ര പറഞ്ഞു.
പ്രാദേശിക ഭരണകൂടത്തില്‍നിന്നോ സര്‍ക്കാരില്‍നിന്നോ വ്യക്‌തമായ ആശയവിനിമയം നടന്നിട്ടില്ല.
നാശനഷ്‌ടത്തിന്റെ വ്യാപ്‌തി കണക്കിലെടുക്കുമ്പോള്‍, വൈദ്യുതി എപ്പോള്‍ പുനഃസ്‌ഥാപിക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ക്കു പോലും ഉറപ്പില്ല. ഞങ്ങള്‍ ഫോണുകള്‍ ചാര്‍ജ്‌ ചെയ്യുന്നതിനിടയില്‍, പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വന്ന്‌ ഞങ്ങളോട്‌ പോകാന്‍ ആവശ്യപ്പെട്ടു.
സ്വയം ശ്രദ്ധിക്കണമെന്നും എത്രയും വേഗം സ്‌ഥലം മാറണമെന്നും അവര്‍ പറഞ്ഞു.
വൈദ്യുതിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ഫ്യൂര്‍ട്ടെ ടിയുനയില്‍ കാര്യമായ നാശനഷ്‌ടമുണ്ടായതായും അവിടെനിന്നാണ്‌ വൈദ്യുതി വിതരണം വരുന്നതെന്നും പുനഃസ്‌ഥാപിക്കാനുള്ള സമയപരിധി അവര്‍ക്ക്‌ നല്‍കാന്‍ കഴിയില്ലെന്നും പോലീസ്‌ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
'ആളുകള്‍ അകത്ത്‌ തന്നെ കഴിയുന്നു. ഭയന്ന്‌ അവര്‍ തെരുവിലിറങ്ങുന്നില്ല. 2014 നും 2017 നും ഇടയില്‍ നിരന്തരമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.
നിരവധി പേര്‍ മരിച്ചു. 13 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പോലും ജയിലിലടച്ചു, ഒരിക്കലും വിട്ടയച്ചില്ല. ഒരു രക്ഷിതാവും തങ്ങളുടെ കുട്ടിയെ പ്രതിഷേധവുമായി പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ല.
കൂടാതെ, ഏഴ്‌ മുതല്‍ എട്ട്‌ ദശലക്ഷം വരെ ആളുകള്‍ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്‌. അതിനാല്‍ ഇപ്പോള്‍ പ്രതിഷേധങ്ങളൊന്നുമില്ല. എല്ലാവരും ഭയന്ന്‌ വീട്ടില്‍ ഇരിക്കുകയാണ്‌'- അദ്ദേഹം പറഞ്ഞു. കാരക്കാസില്‍ ചെറിയ ഇന്ത്യന്‍ സമൂഹമുണ്ട്‌.
വെനിസ്വേലയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി ഒരു വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചിട്ടുണ്ട്‌. അതിലൂടെ നിര്‍ദേശങ്ങള്‍ പങ്കിടുന്നതെന്ന്‌ സുനില്‍ മല്‍ഹോത്ര പറഞ്ഞു.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW