-->
നൈജര്‍: നൈജീരിയയുടെ വടക്കന്‍ സംസ്‌ഥാനമായ നൈജറില്‍ ഗ്രാമത്തില്‍ പിന്നാക്ക വിഭാഗത്തിനുനേരേയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ തട്ടിക്കൊണ്ടുപോയി. ബോര്‍ഗു തദ്ദേശ സ്വയംഭരണ പ്രദേശത്തുള്ള കസുവാന്‍-ദാജി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. തോക്കുധാരികളായ അക്രമികള്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി താമസക്കാര്‍ക്കുനേരേ തലങ്ങുംവിലങ്ങും വെടിവയ്‌ക്കുകയായിരുന്നു.
അവര്‍ പ്രാദേശിക മാര്‍ക്കറ്റും നിരവധി വീടുകളും കത്തിച്ചു. അക്രമത്തില്‍ വ്യാപകമായ നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. പാപ്പിരി സമൂഹത്തിന് സമീപമാണ് ശനിയാഴ്‌ച ആക്രമണം നടന്നത്. നവംബറില്‍ കത്തോലിക്കാ സ്‌കൂളില്‍നിന്നു മുന്നൂറിലധികം സ്‌കൂള്‍ കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു.
കസുവാന്‍-ദാജി ഗ്രാമം ആക്രമിച്ച അക്രമികള്‍ കാബെ ജില്ലയിലെ നാഷണല്‍ പാര്‍ക്ക് വനത്തില്‍ നിന്നാണ് വന്നതെന്നു പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ തിരയാനും സമാധാനം പുനഃസ്‌ഥാപിക്കാനും പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് നൈജര്‍ സംസ്‌ഥാന പോലീസ് വക്‌താവ് വാസിയു അബിയോഡണ്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്‌ച വരെ ഒരു സുരക്ഷാ സേനയും ഗ്രാമത്തില്‍ എത്തിയിട്ടില്ലെന്ന് താമസക്കാര്‍ വ്യക്‌തമാക്കി.
30 മരണങ്ങള്‍ പോലീസ് സ്‌ഥിരീകരിച്ചെങ്കിലും മരണസംഖ്യ വളരെ കൂടുതലാണെന്നു നാട്ടുകാര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരില്‍ ചിലര്‍ സ്‌ത്രീകളും കുട്ടികളുമാണ്.
കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയര്‍ന്നതായും നിരവധി താമസക്കാരെ ഇപ്പോഴും കാണാനില്ലാത്തതിനാല്‍ ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. തോക്കുധാരികള്‍ 40 ലധികം പേരെ കൊലപ്പെടുത്തി.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ തട്ടിക്കൊണ്ടുപോയി. അക്രമത്തിന്റെ വ്യാപ്‌തി കൂടുതല്‍ ഗുരുതരമാണെന്ന് കത്തോലിക്കാ സഭയുടെ കൊണ്ടഗോറ രൂപത വക്‌താവ് ഫാ. സ്‌റ്റീഫന്‍ കബീരത്ത് പറഞ്ഞു.
ആക്രമണത്തിനു മുമ്പ് ഒരാഴ്‌ചയോളം സമീപ പ്രദേശങ്ങളില്‍ അക്രമികളെ കണ്ടിരുന്നുവെന്നും പ്രതിരോധ സുരക്ഷാ നടപടികളുടെ അഭാവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ ഗ്രാമത്തിലേക്ക് മടങ്ങാന്‍ അതിജീവിച്ചവര്‍ ഇപ്പോള്‍ ഭയപ്പെടുകയാണ്.
മൃതദേഹങ്ങള്‍ കസുവാന്‍-ദാജി ഗ്രാമത്തിലുണ്ട്. ഞങ്ങള്‍ക്ക് ഒരു സുരക്ഷയുംഇല്ലെങ്കില്‍ എങ്ങനെ അവിടെ പോകാന്‍ കഴിയും? ആക്രമണം ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നതായും അവര്‍ പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാകുകയാണ്. സായുധ ക്രിമിനല്‍ സംഘങ്ങള്‍ പലപ്പോഴും സര്‍ക്കാര്‍ സംവിധാനം കുറവുള്ളയിടത്ത് ഗ്രാമീണരെയാണ് ലക്ഷ്യമിടുന്നത്.
ദുര്‍ബലമായ സുരക്ഷാ, അടിസ്‌ഥാന സൗകര്യങ്ങളുടെ മറവില്‍ അക്രമികള്‍ പലപ്പോഴും മോചനദ്രവ്യത്തിനായി കൂട്ടക്കൊലകള്‍, തട്ടിക്കൊണ്ടുപോകല്‍, തീവയ്‌പ്പ് എന്നിവ നടത്തുന്നു.
മേഖലയിലെ വിശാലമായ ഉപേക്ഷിക്കപ്പെട്ട വനസംരക്ഷണ കേന്ദ്രങ്ങള്‍ സായുധ സംഘങ്ങളുടെ സുരക്ഷിത താവളങ്ങളായി മാറിയിട്ടുണ്ടെന്നും ഇത് അവര്‍ക്ക് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്താനും സുരക്ഷാ സേനയെ ഒഴിവാക്കാനും സഹായകമാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.