-->
ബെയ്‌ജിങ്: വെനസ്വേല ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ നടപടിക്കെതിരേ ശക്‌തമായി പ്രതികരിച്ച് ചൈന രംഗത്ത്. മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഉടന്‍ വിട്ടയയ്‌ക്കണമെന്നു ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഒരു പരമാധികാര രാഷ്‌ട്രത്തിനെതിരായ നഗ്‌നമായ ബലപ്രയോഗമാണിതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. അമേരിക്കന്‍ നടപടിയെ ശക്‌തമായി അപലപിച്ച ചൈനീസ് വിദേശകാര്യമന്ത്രാലയം, ഈ അധിനിവേശം ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ പ്രദേശങ്ങളിലെയും സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.
വെനസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കാനും പകരം ചര്‍ച്ച തുടരാനും ചൈന ആവശ്യപ്പെട്ടു. രാജ്യാന്തര ബന്ധങ്ങളിലെ അടിസ്‌ഥാന മാനദണ്ഡങ്ങള്‍, രാജ്യാന്തര നിയമങ്ങള്‍, യു.എന്‍. ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും എന്നിവയുടെയെല്ലാം നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തിയത്. 'പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും ഭാര്യയുടെയും വ്യക്‌തിപരമായ സുരക്ഷ ഉറപ്പാക്കാനും, അവരെ ഉടന്‍ മോചിപ്പിക്കാനും, വെനിസ്വേല സര്‍ക്കാരിനെ അട്ടിമറിക്കുന്നത് നിര്‍ത്താനും, സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യു.എസിനോട് ആവശ്യപ്പെടുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. ഈ സംഭവവികാസങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് പറഞ്ഞു. വെനിസ്വേലയുടെ പരമാധികാരത്തെ ലംഘിക്കുകയും പ്രാദേശിക സമാധാനത്തിന് ഭീഷണിയാകുകയും ചെയ്യുന്ന ഏകാധിപത്യ നടപടിയായിട്ടാണ് യു.എസ്. നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.