Wednesday, March 11, 2026 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

വെനസ്വേലയില്‍ അമേരിക്കന്‍ ആക്രമണം ,പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി

uploads/news/2026/01/818902/int1.jpg

വാഷിങ്‌ടണ്‍: അപ്രതീക്ഷത സൈനിക നീക്കത്തിനൊടുവില്‍ വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സിലിയയെയും പിടികൂടി യു.എസ്‌.
അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സാണു പ്രദേശിക സമയം പുലര്‍ച്ചെ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയില്‍ കടന്ന്‌ അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി യു.എസിലേക്കു മടങ്ങിയത്‌. അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടലില്‍ വെനസ്വേലന്‍ സൈന്യത്തില്‍നിന്നു കാര്യമായ പ്രതിരോധമുണ്ടായില്ല.
മഡുറോയെ ന്യൂയോര്‍ക്കിലെത്തിച്ചു വിചാരണ ചെയ്യും. രക്‌തരഹിത സൈനികനീക്കമാണു വിജയം കണ്ടതെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറിയിച്ചു. ആക്രമണം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ട്രംപ്‌ സാമൂഹിക മാധ്യമങ്ങളിലൂടെയാണു അസാധാരണമായ രാത്രികാല സൈനിക നീക്കം പുറത്തുവിട്ടത്‌. തങ്ങളുടെ ഏതാനും സൈനികര്‍ക്കു നേരിയ പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു. തലസ്‌ഥാനമായ കാരക്കാസില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. സാമ്രാജ്യത്വ ആക്രമണമാണ്‌ ഉണ്ടായതെന്നു വിശേഷിപ്പിച്ച വെനസ്വേലന്‍ സര്‍ക്കാര്‍ തെരുവിലിറങ്ങാന്‍ പൗരന്മാരോട്‌ ആഹ്വാനം ചെയ്‌തു.
പ്രാദേശിക സമയം പുലര്‍ച്ചെ 4:30 നു ഡോണള്‍ഡ്‌ ട്രംപിന്റെ നിയന്ത്രണത്തിലുള്ള ട്രൂത്ത്‌ സോഷ്യലിലൂടെയാണ്‌ ആക്രമണ വിവരം പുറത്തുവിട്ടത്‌. മഡൂറോയെയും ഭാര്യയെയും ഡെല്‍റ്റ ഫോഴ്‌സ്‌ പിടികൂടുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ഷോ കാണുന്നപോലെയാണു താന്‍ കണ്ടതെന്നു ട്രംപ്‌ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി നാലു ദിവസം കാത്തുനില്‍ക്കും. സുരക്ഷിതമായ ഭരണകൂടത്തെ ഉറപ്പാക്കുംവരെ വെനസ്വേലയെ യു.എസ്‌. നിയന്ത്രിക്കുമെന്നും ട്രംപ്‌ വ്യക്‌തമാക്കി.
യു.എസ്‌. ആക്രമണത്തിനു പിന്നാലെ വെനസ്വേല വൈസ്‌ പ്രസിഡന്റ്‌ ഡെല്‍സി റോഡ്രിഗസ്‌ റഷ്യയിലേക്കു തിരിച്ചു. റഷ്യന്‍ സഹായം തേടിയാണു യാത്രയെന്നാണു റിപ്പോര്‍ട്ട്‌. വെനസ്വേലയിലേത്‌ ഇടതുപക്ഷ സര്‍ക്കാരാണെന്നാണു വിലയിരുത്തല്‍.
ആക്രമണത്തെ റഷ്യയും കൊളംബിയയും അപലപിച്ചിട്ടുണ്ട്‌. വെനസ്വേലയില്‍നിന്നു അഭയാര്‍ഥി പ്രവാഹം പ്രതീക്ഷിക്കുന്നതായി കൊളംബിയന്‍ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോ അറിയിച്ചു. പുറത്തുപോകാന്‍ വിസമ്മതിച്ചതുകൊണ്ടാണു മഡൂറോയ്‌ക്കെതിരേ സൈനിക നടപടി വേണ്ടിവന്നതെന്നു വെനസ്വേലന്‍ പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ മരിയ കൊരീന മച്ചാഡോ പറഞ്ഞു. ആക്രമണത്തെ യൂറോപ്യന്‍ യൂണിയനും ഇസ്രയേലും സ്വാഗതം ചെയ്‌തു. വിവിധ രാജ്യങ്ങളിലുള്ള വെനസ്വേലന്‍ വംശജരും ആക്രമണത്തെ പിന്തുണച്ചു. വിഷയം യു.എന്‍. ചര്‍ച്ചചെയ്യണമെന്നു ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.
2024 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ നടന്നെന്ന്‌ ആരോപിച്ചു മഡൂറോയെ അംഗീകരിക്കാന്‍ യു.എസ്‌. വിസമ്മതിച്ചിരുന്നു. ട്രംപിന്റെ ഭരണത്തിന്റെ ആദ്യ കാലഘട്ടത്തില്‍തന്നെ മഡുറോ ശത്രുപക്ഷത്തായിരുന്നു. വെനസ്വേലയെ മഡൂറോ മയക്കുമരുന്ന്‌ വ്യാപാരികള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സ്‌ഥാപനമാക്കി മാറ്റിയെന്നായിരുന്നു ആരോപണം. വെനസ്വേലയില്‍നിന്നു മഡൂറോ കോടിക്കണക്കിനു ഡോളര്‍ മോഷ്‌ടിച്ചതായും യു.എസ്‌. കുറ്റപ്പെടുത്തി. ന്യൂയോര്‍ക്ക്‌ പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, മഡുറോയും സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി നേതാവ്‌ ഡിയോസ്‌ദാദോ കബെല്ലോയും കൊളംബിയന്‍ വിമതരുമായും സൈന്യവുമായും ചേര്‍ന്ന്‌ അമേരിക്കയിലേക്ക്‌ കൊക്കെയ്‌ന്‍ പ്രവഹിപ്പിക്കാനും മയക്കുമരുന്ന്‌ കച്ചവടം അമേരിക്കക്കെതിരായ ആയുധമായി ഉപയോഗിക്കാനും ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെട്ടു.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW