-->
കാരക്കാസ്: അവസരങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു സിലിയ ഫേ്ലാറയുടെ ജീവിതം. ഒടുവില്‍ ഭര്‍ത്താവും വെനസ്വേലന്‍ ഭരണാധികാരിയുമായ നിക്കോളാസ് മഡുറോക്കൊപ്പം അവരെത്തുക യു.എസ്. ജയിലിലും.
1956 ഒക്‌ടോബര്‍ 15ന് വെനസ്വേലയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ചെറിയ നഗരമായ ടിനാക്വില്ലോയിലാണു
സിലിയ ഫേ്ലാറ ജനിച്ചത്. ആറ് മക്കളില്‍ ഇളയവളായിരുന്ന അവര്‍, മണ്‍കട്ടകൊണ്ടും മണ്‍തറയുമുള്ള ചെറിയ വീട്ടിലാണ് അവര്‍ വളര്‍ന്നത്.അവരുടെ അച്‌ഛന്‍ സമീപ പട്ടണങ്ങളില്‍ വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരനായിരുന്നു. മെച്ചപ്പെട്ട അവസരങ്ങള്‍ തേടി ഫേ്ലാറയുടെ കുടുംബം പിന്നീട് വെനസ്വേലയുടെ തലസ്‌ഥാനമായ കാരക്കാസിലേക്ക് താമസം മാറ്റി. ഫേ്ലാറ സ്വകാര്യ സര്‍വകലാശാലയില്‍ ക്രിമിനല്‍ നിയമം പഠിക്കാന്‍ ചേര്‍ന്നു.
ഹ്യൂഗോ ഷാവേസിന്റെ അഭിഭാഷക എന്ന നിലയിലാണു ഫേ്ലാറ ആദ്യം ശ്രദ്ധ നേടിയത്, പിന്നീട് വെനസ്വേലയുടെ അറ്റോര്‍ണി ജനറലായി. ചിലര്‍ അവരെ 'ലേഡി മക്‌ബത്ത്' എന്ന് വിളിച്ചു. പക്ഷേ, 'വിപ്ലവകാരി' എന്ന വിശേഷണമാണ് അവര്‍ ഇഷ്‌ടപ്പെട്ടിരുന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് അവര്‍ക്ക് രാഷ്‌ട്രീയത്തില്‍ വലിയ താല്‌പര്യമുണ്ടായിരുന്നില്ല. ഒരു പോലീസ് സ്‌റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്‌തിരുന്നു. അവിടെ സാക്ഷികളുടെ മൊഴികള്‍ പകര്‍ത്തിയെടുക്കുകയായിരുന്നു ജോലി. പോലീസ് ഡിറ്റക്‌ടീവായിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ മൂന്ന് ആണ്‍മക്കളുണ്ട്. നിയമബിരുദം നേടിയ ശേഷം അഭിഭാഷകയായി പ്രവര്‍ത്തിച്ചു.
1989ല്‍ ഇന്ധന വില വര്‍ധനയെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ സമയത്താണ് ഫേ്ലാറയുടെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുന്നത്. ആ നിമിഷത്തെക്കുറിച്ച് അവര്‍ പിന്നീട് സ്‌റ്റേറ്റ് ടെലിവിഷനോട് പറഞ്ഞത്, അത് 'വിപ്ലവപരമായ വിളിയുണര്‍ത്തി' എന്നായിരുന്നു.
ഈ സംഭവങ്ങള്‍ അന്നത്തെ സൈനിക ലെഫ്‌റ്റനന്റ് കേണലായിരുന്ന ഹ്യൂഗോ ഷാവേസിന് ഒരു അട്ടിമറി നടത്താന്‍ പ്രചോദനമായി. ഫേ്ലാറ അദ്ദേഹത്തിന്റെ ആരാധികയും പിന്നീട് അഭിഭാഷകയുമായി. അക്കാലത്താണു ഷാവേസിന് ഉപദേശം നല്‍കിയിരുന്ന കാരക്കാസിലെ യൂണിയന്‍ നേതാവ് നിക്കോളാസ് മഡൂറോയെ പരിചയപ്പെട്ടത്.
വൈകാതെ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച അവര്‍ മഡൂറോയുമായി കൂട്ടുകൂടി. ഷാവേസിനെ പ്രതിച്‌ഛായ മാറ്റത്തിന് ഉപദേശിച്ചത് ഫേ്ലാറയാണ്. പട്ടാള പ്രതിച്‌ഛായ ഉപേക്ഷിച്ച് ദരിദ്രരെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാവായി അവര്‍ ഷാവേസിനെ അവതരിപ്പിച്ചു. അപ്പോഴേക്കും മഡൂറോ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.