-->
വാഷിങ്‌ടണ്‍: കരാകാസിലെ താമസക്കാര്‍ ഇന്നലെ രാവിലെ താഴ്‌ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്‌ദം കേട്ടാണ് ഉണര്‍ന്നത്. മണിക്കൂറുകള്‍ക്കകം, ഫേ്ലാറിഡയില്‍നിന്ന് യു.എസ്. പ്രസിഡന്റിന്റെ അസാധാരണ പ്രഖ്യാപനം പുറത്തുവന്നു... യു.എസ്. സേന വെനസ്വേലയില്‍ ആക്രമണം നടത്തിയിരിക്കുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യു.എസിലേക്കു കൊണ്ടുപോയി...
ട്രൂത്ത് സോഷ്യലിലുടെ ട്രംപ് നടത്തിയ പ്രഖ്യാപനം അമേരിക്കയുടെ സ്വപ്‌നപദ്ധതികളുടെ പൂര്‍ത്തീകരണമായിരുന്നു. വെനസ്വേലയിലെ മഡൂറോ സര്‍ക്കാരിനെ 2024 മുതല്‍ യു.എസ്. അംഗീകരിച്ചിരുന്നില്ല. പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നായിരുന്നു ആരോപണം.
കൂടാതെ മയക്കുമരുന്ന് കടത്ത്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയുടെ പേരില്‍ മഡുറോ സര്‍ക്കാരിനെതിരേ അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ആക്രമണത്തിനു കാരണമായി അമേരിക്ക പറയുന്നത് 'നാര്‍ക്കോഭീകരവാദ'മാണ്. യു.എസിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ തള്ളിവിടുന്നത് വെനസ്വേലയാണെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. 2013 മുതല്‍ ഏകദേശം 80 ലക്ഷം വെനസ്വേലക്കാര്‍ രാജ്യംവിട്ടെന്നാണു കണക്ക്. സാമ്പത്തിക തകര്‍ച്ച, രാഷ്‌ട്രീയ അടിച്ചമര്‍ത്തല്‍ എന്നിവയായിരുന്നു രാജ്യംവിടാനുള്ള കാരണങ്ങള്‍. അവരില്‍ ഭൂരിഭാഗവും ലാറ്റിന്‍ അമേരിക്കയിലെ മറ്റ് രാജ്യങ്ങളിലേക്കു മാറി. മഡുറോ സര്‍ക്കാര്‍ ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും കാലിയാക്കി കുറ്റവാളികളെ അമേരിക്കയിലേക്ക് കുടിയേറാന്‍ 'നിര്‍ബന്ധിച്ചു' എന്നും ട്രംപ് ആരോപിച്ചു.
രണ്ടാമത്തെ പറയപ്പെടുന്ന കാരണം മയക്കുമരുന്നുകളാണ്. കൊക്കെയ്‌നിന്റെ പ്രധാന യാത്രാമാര്‍ഗമാണു വെനസ്വേലയെന്നാണു യു.എസിന്റെ വാദം. വെനസ്വേലന്‍ ക്രിമിനല്‍ സംഘങ്ങളായ ട്രെന്‍ ഡി അര്‍ഗ്വാ, കാര്‍ട്ടല്‍ ഡി ലോസ് സോളസ് എന്നിവയെ ഭീകര സംഘടനകളായി യു.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ട്ടല്‍ ഡി ലോസ് സോളസിനെ നയിക്കുന്നത് മഡുറോയാണെന്നും അവര്‍ ആരോപിക്കുന്നു.
'മയക്കുമരുന്ന് യുദ്ധം' ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്ക ഉപയോഗിക്കുകയാണെന്നു വെനസ്വേലയും പറയുന്നു. എന്തായാലും മയക്കുമരുന്ന് യുദ്ധത്തിന്റെ പേരില്‍ യു.എസ്. നാവിക, വ്യോമസേനയുടെ വലിയ സാന്നിധ്യം കരീബിയന്‍ മേഖലയില്‍ സ്‌ഥാപിക്കപ്പെട്ടു, അതില്‍ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് വിമാനവാഹിനി കപ്പലും ഉള്‍പ്പെടുന്നു. യു.എസ്. സേന കടലില്‍നിന്നു രണ്ട് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്താണു പ്രകോപനം തുടങ്ങിയത്. മയക്കുമരുന്ന് കടത്തല്‍ ആരോപിച്ച് ചെറിയ ബോട്ടുകള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ 100ല്‍ അധികം ആളുകളെ കൊലപ്പെടുത്തിയതായി യു.എസ്. സമ്മതിച്ചു. കടല്‍ ആക്രമണങ്ങള്‍ നടത്തി വിജയിച്ചശേഷമാണു കരയിലേക്കു നീങ്ങിയത്.
ഇന്നലെ വെനസ്വേലയുടെ തലസ്‌ഥാനമായ കരാകാസില്‍നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അവിടെ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അവരുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് ചുറ്റും വൈദ്യുതി മുടങ്ങി. പുറത്തുവന്ന വീഡിയോകളില്‍ നഗരത്തിന് മുകളിലും തീരദേശത്തും വെടിയുണ്ടകളുടെ പ്രകാശവും പുകയും കാണാം.