Thursday, March 12, 2026 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.35 PM

ചരിത്ര പാതയില്‍ ഒരു കപ്പല്‍

uploads/news/2026/01/818896/sun1.jpg

പോര്‍ബന്ദറില്‍ നിന്ന്‌ ഒരു കപ്പല്‍ ഒമാനിലേക്കു പോകുന്നു. ഇതിലെന്താണ്‌ പ്രത്യേകത എന്ന്‌ ആര്‍ക്കും തോന്നാം. എന്നാല്‍, അതിപുരാതാന കാലത്തെ രീതിയില്‍ തടികൊണ്ടുണ്ടാക്കിയതാണ്‌ ആ കപ്പല്‍ എന്നറിയുമ്പോള്‍ ആരും അതിശയിക്കും.
കഴിഞ്ഞ ഡിസംബര്‍ 29നാണ്‌ കപ്പല്‍ യാത്ര പുറപ്പെട്ടത്‌. ഇരുമ്പാണികളോ ആധുനിക യന്ത്രങ്ങളോ ഉപയോഗിക്കാതെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'തുന്നല്‍' രീതിയില്‍ നിര്‍മിച്ച ഈ കപ്പല്‍, ഇന്ത്യയുടെ സമ്പന്നമായ കപ്പല്‍ നിര്‍മാണ വൈദഗ്‌ധ്യത്തിന്റെയും സമുദ്രഗവേഷണ ചരിത്രത്തിന്റെയും ഓര്‍മപ്പെടുത്തലാണ്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരിക്കല്‍ വ്യാപാരം, സാംസ്‌കാരിക വിനിമയം, നാഗരിക ബന്ധങ്ങള്‍ എന്നിവ നിലനിര്‍ത്തിയിരുന്ന പുരാതന സമുദ്രപാതകള്‍ പുനരവതരിപ്പിക്കുകയാണ്‌ ഈ യാത്രയുടെ ലക്ഷ്യം. ഈ കപ്പല്‍ യാഥാര്‍ഥ്യമായതിന്റെ പിന്നില്‍ ഒരു മലയാളിയുടെ വൈദഗ്‌ധ്യമുണ്ട്‌ എന്നതാണ്‌ കപ്പലിനെ കേരളത്തിനു പ്രിയങ്കരമാക്കുന്നത്‌.

ചരിത്രം തുന്നിച്ചേര്‍ത്ത കപ്പല്‍

നിര്‍മാണ രീതിയാണ്‌ ഐ.എന്‍.എസ്‌.വി. (ഇന്ത്യന്‍ നേവി സെയ്‌ലിങ്‌ വെസ്സല്‍) കൗണ്ടിന്യ എന്ന കപ്പലിനെ ശ്രദ്ധേയമാക്കുന്നത്‌. സാധാരണ കപ്പലുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി, കപ്പലിന്റെ പലകകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇരുമ്പാണികള്‍ക്ക്‌ പകരം ചകിരിനാരുകള്‍ കൊണ്ടുള്ള കയര്‍ ഉപയോഗിച്ച്‌ തുന്നിച്ചേര്‍ക്കുകയായിരുന്നു. പ്രകൃതിദത്തമായ വസ്‌തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള ഈ പരമ്പരാഗത നിര്‍മാണരീതിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഈ തുന്നല്‍ സാങ്കേതികവിദ്യയാണ്‌ കൗണ്ടിന്യയെ വേറിട്ട്‌ നിര്‍ത്തുന്നത്‌.
കേരളത്തിലെ കെട്ടുവള്ളങ്ങള്‍, ലക്ഷദ്വീപിലെ ഓടം, ആന്ധ്രാ തീരത്തെ മസൂല തുടങ്ങിയ പുരാതന കപ്പലുകളില്‍ ഇന്നും ഈ തുന്നല്‍ രീതി നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഒരു ട്രാന്‍സ്‌-ഓഷ്യാനിക്‌ യാത്രക്ക്‌ സജ്‌ജമാവുന്ന രീതിയില്‍ ഇതിനെ പുനഃസൃഷ്‌ടിക്കാന്‍ മുന്‍കൈയെടുത്തത്‌ ചരിത്രകാരനും സാമ്പത്തിക വിദഗ്‌ദ്ധനുമായ സഞ്‌ജീവ്‌ സന്യാലാണ്‌.
ഇന്ത്യന്‍ നാവികസേനയുടെ സാങ്കേതിക മേല്‍നോട്ടത്തിലും (ഡിസൈന്‍, ഹൈഡ്രോഡൈനാമിക്‌ പരിശോധനകള്‍) സംസ്‌കാര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തിലും ഗോവയിലെ ഹോദി ഇന്നൊവേഷന്‍സ്‌ എന്ന കപ്പല്‍ശാലയിലാണ്‌ കൗണ്ടിന്യ നിര്‍മ്മിച്ചത്‌.
പ്രസിദ്ധ കപ്പല്‍ നിര്‍മാതാവ്‌ രത്നാകര്‍ ദണ്ഡേക്കറിന്റെ മകനായ പ്രഥമേഷ്‌ ദണ്ഡേക്കറാണ്‌ ഈ കപ്പല്‍ശാലയുടെ സാരഥി. എന്നാല്‍ നിര്‍മ്മാണ പ്രക്രിയക്ക്‌ മേല്‍നോട്ടം വഹിച്ചത്‌, ഈ പരമ്പരാഗത രീതിയില്‍ വൈദഗ്‌ദ്ധ്യമുള്ള ചുരുക്കം ചില മാസ്‌റ്റര്‍ ഷിപ്പ്‌റൈറ്റുകളില്‍ ഒരാളായ മലയാളിയായ ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌.
കപ്പലിന്‌ 'കൗണ്ടിന്യ' എന്ന്‌ പേര്‌ നല്‍കിയതിന്‌ പിന്നില്‍, രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു സാഹസികന്റെയും പ്രണയത്തിന്റെയും ചരിത്രമുണ്ട്‌.
ക്രിസ്‌തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ ദൂരദേശങ്ങളിലേക്ക്‌ യാത്ര ചെയ്‌ത ഒരു ഇന്ത്യന്‍ വ്യാപാരിയും കപ്പിത്താനുമായിരുന്നു കൗണ്ടിന്യ. ഇന്ത്യന്‍ സമുദ്രയാത്രികരില്‍ ചരിത്രരേഖകളില്‍ പേര്‌ ലഭിച്ച ആദ്യത്തെ വ്യക്‌തിയാണ്‌ ഇദ്ദേഹം.
ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, കൗണ്ടിന്യയും സംഘവും ഒരു ഇന്ത്യന്‍ ചരക്ക്‌ കപ്പലില്‍ മെക്കോങ്‌ ഡെല്‍റ്റയില്‍ (ഇന്നത്തെ വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്‌ എന്നിവ ഉള്‍പ്പെടുന്ന പ്രദേശം) സഞ്ചരിക്കുകയായിരുന്നു. കടല്‍ക്കൊള്ളക്കാര്‍ കപ്പലിനെ ആക്രമിച്ചു. കൗണ്ടിന്യ അവരെ ധീരമായി നേരിട്ടെങ്കിലും കപ്പലിന്‌ കേടുപാടുകള്‍ സംഭവിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി കപ്പല്‍ കരയ്‌ക്ക് അടുപ്പിച്ചു.
അവിടെ വച്ച്‌, യുദ്ധവീരയായ സോമ രാജ്‌ഞിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഗോത്രവര്‍ഗം അവരെ വളഞ്ഞു. ആയുധബലത്തില്‍ ഇന്ത്യന്‍ സംഘം ദുര്‍ബലരായിരുന്നു. എന്നാല്‍, കൗണ്ടിന്യയുടെ ധീരതയില്‍ സോമ ആകൃഷ്‌ടയായി. യുദ്ധത്തിന്‌ പകരം സോമ കൗണ്ടിന്യയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. ഈ വിവാഹത്തെത്തുടര്‍ന്ന്‌, ഇരുവരും ചേര്‍ന്ന്‌ ഫൂനാന്‍ എന്ന രാജ്യം സ്‌ഥാപിച്ചു. ഇത്‌ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉടലെടുത്ത ആദ്യത്തെ 'ഇന്ത്യന്‍വത്‌കരിക്കപ്പെട്ട' രാജ്യമായി കണക്കാക്കപ്പെടുന്നു. കംബോഡിയയിലെയും വിയറ്റ്‌നാമിലെയും രാജവംശങ്ങള്‍ തങ്ങളുടെ പിന്തുടര്‍ച്ച ഈ ദാമ്പത്യത്തില്‍ നിന്നാണെന്ന്‌ വിശ്വസിക്കുന്നു.
'പേരറിയാവുന്ന ആദ്യ ഇന്ത്യന്‍ സമുദ്രസഞ്ചാരിയും ലോകചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്‌തിയുമാണ്‌ കൗണ്ടിന്യ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്‌ കപ്പലിന്‌ ഈ പേര്‌ നല്‍കിയത്‌.' പ്രോജക്‌റ്റിന്‌ തുടക്കമിട്ട സഞ്‌ജീവ്‌ സന്യാല്‍ പറയുന്നു.

ലക്ഷ്യം: പുരാതന വ്യാപാരപാതകള്‍

വൈസ്‌ അഡ്‌മിറല്‍ കൃഷ്‌ണ സ്വാമിനാഥന്റെ സാന്നിധ്യത്തില്‍, ഒമാന്‍ അംബാസഡര്‍ ഇസ്സ സാലെ അല്‍ ഷിബാനിയുടെ ആശംസകളോടെയാണ്‌ ഐ.എന്‍.എസ്‌.വി. കൗണ്ടിന്യയുടെ കന്നിയാത്ര പോര്‍ബന്ദറില്‍ നിന്ന്‌ ആരംഭിച്ചത്‌.കമാന്‍ഡര്‍ വികാസ്‌ ഷിയോറാനാണ്‌ കപ്പിത്താന്‍. കമാന്‍ഡര്‍ വൈ. ഹേമന്ത്‌ കുമാറാണ്‌ ഈ ചരിത്രദൗത്യത്തിന്റെ ചുമതല വഹിക്കുന്നത്‌. നാല്‌ ഉദ്യോഗസ്‌ഥരും 13 നാവികരും ഉള്‍പ്പെടുന്ന സംഘമാണ്‌ കൗണ്ടിന്യയില്‍ യാത്ര ചെയ്യുന്നത്‌.
കപ്പലില്‍ 'ഗണ്ഡഭേരുണ്ഡം' (രണ്ട്‌ തലയുള്ള കഴുകന്‍) എന്ന പുരാതന രാജകീയ ചിഹ്നവും സൂര്യന്റെ ചിത്രവും ആലേഖനം ചെയ്‌തിട്ടുണ്ട്‌. കപ്പലിന്റെ മുന്‍ഭാഗത്ത്‌ 'സിംഹ യാളി' എന്ന ശില്‍പവും അലങ്കരിക്കുന്നു.

പുനര്‍നിര്‍മാണ ദൗത്യത്തിന്റെ വെല്ലുവിളികള്‍

കൗണ്ടിന്യയുടെ നിര്‍മാണവും സമുദ്രയാത്രയും ചരിത്രത്തിന്റെ താളുകള്‍ തിരികെപ്പിടിക്കാനുള്ള ശ്രമം കൂടിയാണ്‌. ഇന്ത്യയുടെ സമുദ്രചരിത്രം വാമൊഴിയായി മാത്രം കൈമാറി വന്നതിനാല്‍, പുരാതന കപ്പലുകളുടെ കൃത്യമായ രൂപരേഖകളോ സാങ്കേതികവിദ്യകളോ രേഖാമൂലം ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തില്‍, ഡിസൈന്‍ വിഭാഗമായ ഡയറക്‌ടറേറ്റ്‌ ഓഫ്‌ നേവല്‍ ആര്‍ക്കിടെക്‌ചര്‍ ടീമിന്റെ പങ്ക്‌ നിര്‍ണായകമായിരുന്നു.
സങ്കീര്‍ണമായ ഈ പ്രോജക്‌ട് യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നര വര്‍ഷത്തോളം നീണ്ട കഠിനമായ പ്രയത്നം വേണ്ടിവന്നു.
തുന്നല്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്‌ദ്ധ്യമുള്ള മാസ്‌റ്റര്‍ ഷിപ്പ്‌റൈറ്റിനെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ബാബു ശങ്കരന്റെ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ നേവി സംഘത്തിന്‌ നാലുമാസം വേണ്ടി വന്നു. വര്‍ഷങ്ങളായി ഒമാനിലെ കപ്പല്‍ നിര്‍മാണ രംഗത്താണ്‌ ബാബു ശങ്കരന്‍ പ്രവര്‍ത്തിക്കുന്നത്‌. മലയാളമറിയുന്നവരുടെ സഹായത്തോടെയാണ്‌ അദ്ദേഹത്തെ ഈ ദൗത്യത്തില്‍ സഹകരിപ്പിക്കാന്‍ സാധിച്ചത്‌.
കപ്പലിന്റെ നിര്‍മാണത്തിനും രൂപകല്‍പനയ്‌ക്കും വിദഗ്‌ദ്ധോപദേശം തേടി, മുന്‍പ്‌ ലോകം ചുറ്റി സഞ്ചരിച്ച ഐക്കണിക്‌ കപ്പലുകളായ മാദേയി, തരിണി എന്നിവ നിര്‍മ്മിച്ച രത്നാകര്‍ ദണ്ഡേക്കറെയും ടീമിനെയും സമീപിച്ചു. ഇന്ത്യയുടെ ആദ്യ സോളോ ലോകസഞ്ചാരിയായ ക്യാപ്‌റ്റന്‍ ദിലീപ്‌ ദോണ്ഡെ കപ്പലിന്റെ രൂപകല്‍പനയില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും നാവികരെ പരിശീലിപ്പിക്കാനുമായി ടീമില്‍ ചേര്‍ന്നു.
കപ്പലിന്റെ ഹൈഡ്രോഡൈനാമിക്‌ പ്രകടനം ഉറപ്പുവരുത്തുന്നതിനായി ഐ.ഐ.ടി. മദ്രാസിലെ ഓഷ്യന്‍ എഞ്ചിനീയറിങ്‌ വിഭാഗത്തില്‍ മോഡല്‍ ടെസ്‌റ്റിങ്‌ നടത്തി. ഇത്തരമൊരു കപ്പലിന്‌ ഇന്ത്യയില്‍ മോഡല്‍ ടെസ്‌റ്റിങ്‌ നടത്തുന്നത്‌ ഇത്‌ ആദ്യമായിട്ടായിരുന്നു. കപ്പല്‍ ചരിത്രപരമായ രൂപകല്‍പ്പന നിലനിര്‍ത്തുമ്പോള്‍ തന്നെ, നിലവിലെ രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഇന്ത്യന്‍ രജിസ്‌റ്റര്‍ ഓഫ്‌ ഷിപ്പിങ്‌ ഉറപ്പുവരുത്തി.

തേക്കിന്റെ പാരമ്പര്യം

ഇന്ത്യയിലെ തേക്ക്‌ മരം അതിന്റെ മേന്മ കാരണം പുരാതന കാലം മുതല്‍ തന്നെ ലോകമെമ്പാടും പ്രശസ്‌തമായിരുന്നു. പാണിനിയുടെ അഷ്‌ടാധ്യായി (ബി.സി. അഞ്ചാം നൂറ്റാണ്ട്‌), പതഞ്‌ജലിയുടെ കൃതികള്‍ (ബി.സി. രണ്ടാം നൂറ്റാണ്ട്‌) എന്നിവ കപ്പല്‍ നിര്‍മാണത്തിന്‌ ഉപയോഗിച്ചിരുന്ന വിവിധ തടികളെക്കുറിച്ച്‌ വിശദമാക്കുന്നുണ്ട്‌. ദേവതാരുവിന്റെ പ്രത്യേക ഉപയോഗവും ഇവര്‍ എടുത്തുപറയുന്നു. ഗുണമേന്മയുള്ള ഇന്ത്യന്‍ തേക്ക്‌ കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌ കപ്പലുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗിച്ചിരുന്നു. കൗണ്ടിന്യയുടെ നിര്‍മാണത്തിലും തേക്കാണ്‌ ഉപയോഗിച്ചത്‌.
കപ്പലിന്റെ മരം കണ്ടെത്തുന്നതിനും രൂപപ്പെടുത്തുന്നതിനും നിര്‍മ്മാതാക്കള്‍ വെല്ലുവിളികള്‍ നേരിട്ടു. ഉദാഹരണത്തിന്‌, 'വൈ' രൂപത്തിലുള്ള ഫ്രെയിം ലഭിക്കാന്‍ സ്വാഭാവികമായി അതേ രൂപത്തില്‍ വളരുന്ന മരം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
മുന്‍ നാവികസേനാ മേധാവി അഡ്‌മിറല്‍ കരംബീര്‍ സിങ്‌ ഈ പദ്ധതിക്ക്‌ വലിയ പിന്തുണ നല്‍കി. കപ്പല്‍ശാല തെരഞ്ഞെടുക്കുന്നതിലും രൂപരേഖ മെച്ചപ്പെടുത്തുന്നതിലും നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒടുവില്‍, 2023 സെപ്‌റ്റംബര്‍ 12-ന്‌ അന്നത്തെ കേന്ദ്ര സാംസ്‌കാരിക മന്ത്രി മീനാക്ഷി ലേഖി, നാവികസേനാ മേധാവി അഡ്‌മിറല്‍ ആര്‍. ഹരി കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കപ്പലിന്റെ കീല്‍ സ്‌ഥാപിക്കല്‍ ചടങ്ങ്‌ നടന്നു.

സാങ്കേതികത്തികവും പുനഃസൃഷ്‌ടിച്ച രൂപകല്‍പ്പനയും

കൗണ്ടിന്യ ഒരു ചരിത്രപരമായ കപ്പലാണെങ്കിലും, അതിന്റെ രൂപകല്‍പ്പനയില്‍ ആധുനിക നേവല്‍ ആര്‍ക്കിടെക്‌ചര്‍ തത്വങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. നാവികസേനയുടെ ആശയരൂപീകരണത്തിലും സാങ്കേതിക പരിശോധനകളിലും ഉരുത്തിരിഞ്ഞ ചില പ്രധാന പ്രത്യേകതകള്‍ ശ്രദ്ധേയമാണ്‌.
19.6 മീറ്റര്‍ (ഏകദേശം 64.3 അടി) നീളമാണ്‌ കൗണ്ടിന്യയ്‌ക്കുള്ളത്‌. ചകിരിനാരുകള്‍ കൊണ്ടുള്ള കയര്‍ ഉപയോഗിച്ച്‌ തുന്നിച്ചേര്‍ത്തു എന്നതിനു പുറമെ, കപ്പലിന്റെ വാട്ടര്‍പ്രൂഫിങ്ങിന്‌ ഉപയോഗിച്ചിരിക്കുന്നത്‌ പൂര്‍ണമായും പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളാണ്‌. 'കുന്ദ്രൂസ്‌' എന്നറിയപ്പെടുന്ന മരപ്പശയുടെ മിശ്രിതവും ചകിരി നാരുകളുമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തിയത്‌. പലകകള്‍ക്കിടയില്‍ പരുത്തിയും ഉപയോഗിച്ചിട്ടുണ്ട്‌.
തടി വളച്ചെടുക്കാന്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചില്ല. പകരം, പുരാതന രീതിശാസ്‌ത്രമനുസരിച്ച്‌ തടി പലകകള്‍ ആവിയില്‍ 'വേവിച്ച്‌' വളച്ചെടുത്താണ്‌ കപ്പലിന്റെ ആകൃതി നിലനിര്‍ത്തിയത്‌. കപ്പലിന്റെ ശക്‌തി ഉറപ്പാക്കാന്‍, പ്രകൃതിദത്തമായി വളഞ്ഞ മരങ്ങള്‍ കണ്ടെത്തി അവ മുറിച്ചെടുത്താണ്‌ പലകകളും ഫ്രെയിമുകളും ഉണ്ടാക്കിയത്‌.
കപ്പലിന്റെ പായ്‌മരം, തണ്ടുകള്‍ , പങ്കായങ്ങള്‍ എന്നിവ പൂര്‍ണമായും മരം കൊണ്ട്‌ നിര്‍മ്മിച്ചവയാണ്‌. കൗണ്ടിന്യക്ക്‌ ചതുരാകൃതിയിലുള്ള പായ്‌മരമാണ്‌ ഉള്ളത്‌.

എം.എസ്‌. ജീജോ

Ads by Google
Saturday 03 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW