Wednesday, March 11, 2026 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.35 PM

സിനിമയിലെ വി.കെ.എന്‍.

കുഞ്ചന്‍നമ്പ്യാര്‍ക്കും സഞ്‌ജയനും വി.കെ.എന്നിനും സിനിമയില്‍ പിറന്ന പിന്‍ഗാമിയായിരുന്നു ശ്രീനിവാസന്‍. ചിന്തയിലും എഴുത്തിലും കലയിലുമെല്ലാം അടിമുടി രാഷ്‌ട്രീയം. രാഷ്‌ട്രീയ പാചകത്തിന്റെ നളപാകമായിരുന്നു ശ്രീനിവാസന്‍. ഒന്നിനേയും പുറത്തുനിന്നല്ല അടുക്കളയില്‍ കയറിയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സ്‌ത്രീക്കു മുന്നില്‍ തോറ്റുകൊടുക്കുന്നവരാണ്‌ ശ്രീനിവാസന്റെ പുരുഷകഥാപാത്രങ്ങള്‍. രാഷ്‌ട്രീയത്തിലെന്നപോലെ സിനിമയ്‌ക്കകത്തു കയറിയും പെരുമാറി. സൂപ്പര്‍സ്‌റ്റാറും തിരക്കഥാകൃത്തും ക്യാമറാമാനുമൊക്കെ അമ്പേറ്റു പിടഞ്ഞു. പ്രശംസകള്‍ക്കും അവാര്‍ഡുകള്‍ക്കും മെരുങ്ങാത്ത പ്രകൃതം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ വേളയില്‍ ഗോളാന്തരവാര്‍ത്തയുടെ ഷൂട്ടിങ്‌ അവിടെ നടക്കുന്നുവെന്നറിഞ്ഞു. എന്റെ കുട്ടികള്‍ അന്നു ചെറിയ ക്ലാസില്‍ പഠിക്കുന്നു. അവര്‍ക്ക്‌ ഞാന്‍ മമ്മൂട്ടിയുടെ മഹാരാജാസ്‌ സഹപാഠിയെന്നത്‌ വിശ്വസിക്കാനാവുന്നില്ല. അവര്‍ക്ക്‌ മമ്മൂട്ടിയെ ഒന്നു തൊടണം. ഞാന്‍ മമ്മൂട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. ഞങ്ങളോട്‌ റൂമിലോട്ടു ചെല്ലാന്‍ പറഞ്ഞു. എലൈറ്റിലെ മമ്മൂട്ടിയുടെ റൂമില്‍ ചെല്ലുമ്പോള്‍ ശ്രീനിവാസനും അവിടെയുണ്ട്‌. ഞങ്ങള്‍ക്കത്‌ ഇരട്ടി മധുരമായി. പിന്നീട്‌ പലപ്പോഴും ശ്രീനിവാസന്റെ നര്‍മ്മം ആസ്വദിക്കാനിടയായതോര്‍ക്കുന്നു. (മാതൃ. ഡിസം. 21).

വ്യാസന്റെ മായാദ്വീപ്‌

സ്വതന്ത്രമായ അഭിലാഷ പൂര്‍ത്തീകരണത്തിന്‌ അരങ്ങൊരുക്കിയ പരാശര മഹര്‍ഷിയുടെ മായാദ്വീപിനെക്കുറിച്ച്‌ അന്യദൃഷ്‌ടിയില്‍ മറഞ്ഞിരിക്കുന്ന മായാദ്വീപ്‌. എനിക്കിഷ്‌ടം നീ ചെയ്‌കിലും കന്യയായ്‌ത്തന്നെ നിന്നിടും' എന്ന ഉറപ്പില്‍ അവര്‍ സുലഭമായി രമിക്കുന്നു. മത്സ്യഗന്ധിയോജനാഗന്ധിയായി-ഒരു യോജനവരെ സുഗന്ധം പരത്തുന്നവള്‍-ഗന്ധവതിയായി മാറുന്നു. പരമരഹസ്യമായ ഒരാനന്ദം നിത്യസ്‌മൃതിയായി ലഭിക്കുക. മറ്റുള്ളവര്‍ അത്‌ പങ്കിടാതിരിക്കുക. സ്‌ത്രീയുടെ നിഗൂഢമായ മനോരാജ്യത്തെ ഇതില്‍പ്പരം മോഹനമായെങ്ങനെ ആവിഷ്‌കരിക്കുമെന്നും കല്‌പറ്റ നാരായണന്‍. കവിയെ അയാളുടെ ഗദ്യംകൊണ്ട്‌ മാറ്റുരച്ച്‌ നോക്കണം എന്നാണ്‌ പറയുക. കല്‌പറ്റയുടെ ഗദ്യത്തിനു കവിതയോടുള്ള ചാര്‍ച്ച ചെറുതല്ല. മറ്റൊന്ന്‌ അതിന്റെ സംക്ഷിപ്‌ത ഗംഭീരതയുമാണ്‌. (മാതൃ. ആഴ്‌ച. ഡിസം. 28)

എന്താണ്‌ സര്‍ഗക്രിയ?

മനസിലിട്ടുകൊണ്ടു നടക്കുമ്പോഴും എഴുതുമ്പോഴും പകര്‍ത്തുമ്പോഴും കഥ മാറിക്കൊണ്ടിരിക്കും. അങ്ങനെ മാറിമാറി അറിയാവുന്ന സത്യം അറിയാന്‍ വയ്യാത്ത നുണയായി പരിണമിക്കുന്നു. ഇങ്ങനെ ഉരുത്തിരിയുന്ന നുണയെ യഥാര്‍ത്ഥ സത്യമായിട്ടംഗീകരിക്കുന്ന ഒരുതരം ഉന്മാദമാണ്‌ സര്‍ഗപ്രിയയിലെ ആത്മാര്‍ത്ഥതയെന്ന്‌ എം.പി. നാരായണപിള്ള (മറുനോട്ടം).

കാപ്പിരി മുത്തപ്പന്‍

ദൈവവിശ്വാസത്തില്‍നിന്നുതന്നെ പുറത്താക്കപ്പെട്ട ഒരു പാവം വാക്കിനെ ദൈവമാക്കി പരിവര്‍ത്തിക്കുന്ന കൂട്ടുപദമായി കാപ്പിരിമുത്തപ്പന്‍ ഉയരുന്നതിന്റെ കഥപറയുന്നൂ സുഭാഷ്‌ ചന്ദ്രന്‍. ഡച്ചുകാരില്‍നിന്നു ശക്‌തന്‍ തമ്പുരാന്‍ 13 ആഫ്രിക്കന്‍ അടിമകളെ വാങ്ങി പലയിടത്തും സ്‌ഥാപിച്ചു. ഡച്ചുകാര്‍ പരാജിതരായി മടങ്ങുംമുമ്പ്‌ തങ്ങളുടെ വിലപിടിച്ച വസ്‌തുക്കള്‍ അടിമകളോടൊപ്പം അടക്കം ചെയ്‌തു. അങ്ങനെ അടക്കം ചെയ്യപ്പെട്ട കാപ്പിരികളുടെ വേദനയെ കൊച്ചിയിലെ മലയാളി ഭാവനകാരുണ്യത്തോടെ വെഞ്ചരിപ്പ്‌ കാപ്പിരിമുത്തപ്പന്മാരാക്കി. പാമ്പിനും പഴുതാരയ്‌ക്കും മൂപ്പത്തുമുക്കോടി ജീവികള്‍ക്കും ദേവസ്വം നല്‍കിയ നാട്ടിലാണീ ഹൈബ്രിഡ്‌ അവതാരമെന്നും സുഭാഷ്‌ ചന്ദ്രന്‍. (മാതൃ. ആഴ്‌ച. ഡിസം. 28).

പ്രേതകഥകള്‍
ഉയര്‍ത്തെഴുന്നേല്‍ക്കുന്നു

പ്രേത-യക്ഷിക്കഥകള്‍ പുതിയ രൂപഭാവങ്ങളോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാലമാണിത്‌. പ്രേതസിനിമകള്‍ മാത്രമല്ല കൃതികളും വായനക്കാരെ തേടിയെത്തുന്നു. കൊച്ചിക്കായലിലെ പ്രേതാത്മാക്കളുടെ കഥ വാമൊഴിയായി തന്നിലെത്തിയത്‌ പുനരാഖ്യാനം ചെയ്യുകയാണ്‌ ശ്രീകുമാരി രാമചന്ദ്രന്‍. ശക്‌തന്‍ തമ്പുരാന്‍ കിഴവനച്ചാലില്‍ ജീവനോടെ ചവിട്ടിത്താഴ്‌ത്തിയ മുന്നൂറോളം മോഷ്‌ടാക്കള്‍ പ്രേതങ്ങളായി ഉയര്‍ത്തെഴുന്നേറ്റ്‌ ജൂതത്തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. താന്ത്രികന്‍ മന്ത്രവാദത്തിലൂടെ പ്രേതങ്ങളെ തളച്ചു. 102 വയസില്‍ അന്തരിച്ച സാറാ കോവില്‍ എന്ന ജൂത വനിതയില്‍നിന്നു ലഭ്യമായതാണീ കഥയെന്നും ശ്രീകുമാരി.
(മാതൃ. വാരാന്ത്യം. ഡിസം. 21).

എം.ടിയുടെ പരിണയം

പരിണയം സ്‌മാര്‍ത്തവിചാരവിധേയമായ താത്രിക്കുട്ടിയുടെ കഥയല്ല. സ്‌മാര്‍ത്തവിചാരരംഗങ്ങള്‍ അവരെ ഓര്‍മപ്പെടുത്തുന്നുവെന്നുമാത്രമേ സ്‌മാര്‍ത്തനോട്‌ മറുചോദ്യം ചോദിക്കുന്ന, തര്‍ക്കിക്കുന്ന നങ്ങേലി ആധുനിക (നമ്പൂതിരി സ്‌ത്രീത്വത്തിന്റെ അവതാരമാണെന്ന്‌ എന്‍.പി. വിജയകൃഷ്‌ണന്‍. വിധവാ വിവാഹത്തിന്‌ സമ്മതിക്കുന്ന പുരുഷന്‍ സിനിമയിലുണ്ട്‌. നങ്ങേലിയും രണ്ടാം വിവാഹത്തിന്‌ ഒരുക്കമായിരുന്നു. അന്തര്‍ജ്‌ജനങ്ങളെ ബഹിര്‍ജനങ്ങളാക്കാനാണ്‌ വി.ടി. ശ്രമിച്ചത്‌. പരിണയത്തിലെ നങ്ങേലി അന്തര്‍ജനത്വം വെടിഞ്ഞ്‌, നവഭാരത ശില്‌പിയായി ചര്‍ക്കയില്‍ നൂല്‍ തുടര്‍ച്ചയില്‍ ശ്രദ്ധിച്ച്‌ ജാതിമതഭേദമില്ലാത്ത മനുഷ്യസ്‌ത്രീയായി മാറുന്നതാണ്‌. 'പരിണയ'ത്തില്‍ കാണുന്നത്‌. എം.ടി. എഴുതിയ ഒരു പദം കഥകളി അരങ്ങില്‍ ആടി ഫലിപ്പിക്കുന്ന വേഷക്കാരനെപ്പോലെയാണ്‌ പരിണയത്തിലെ ഹരിഹരന്റെ നിലയെന്നും വിജയകൃഷ്‌ണന്‍. (കലാപൂര്‍ണ. ഡിസം.).

ഗസല്‍ശോഭയില്‍
അപര്‍ണ രാജീവ്‌

സൂര്യയുടെ പ്രൗഢമായ വേദിയില്‍ ഗസലിന്റെ മാന്ത്രികശോഭയില്‍ പൂത്തുലഞ്ഞ ഗായിക അപര്‍ണ രാജീവിനെക്കുറിച്ച്‌ എസ്‌. മഹാദേവന്‍ തമ്പി. മെഹ്‌ദി ഹസനില്‍ തുടങ്ങി ഗുലാം അലിയിലും ഫരിദാവാനിലും നിറഞ്ഞുകവിയുകയായിരുന്നു ഒ.എന്‍.വിയുടെ ഈ കൊച്ചുമകള്‍. ബാബുരാജിന്റെ ഇന്നലെ മയങ്ങുമ്പോളിലെത്തുമ്പോഴേക്കും ഗായികയുടെ നാദവിസ്‌മയത്തില്‍ സദസ്‌ അലിയുകയായിരുന്നു. (വാരാന്ത്യകൗമുദി. ഡിസം. 21).

സത്യസരണി

സത്യസ്വരൂപനായി എക്കാലവും പ്രകീര്‍ത്തിക്കപ്പെടുന്ന ഹരിശ്‌ചന്ദ്ര മഹാരാജാവിന്റെ സംഘര്‍ഷനിര്‍ഭരമായ ജീവിതത്തിന്റെ നാടകീയാവിഷ്‌കാരമാണ്‌ പ്രശാന്തി ചൊവ്വരയുടെ സത്യസരണി. സത്യസരണിയെന്നാല്‍ സത്യത്തിന്റെ സൂര്യന്‍. അധികാരധനം, പ്രശസ്‌തി-ഇവയൊന്നും ഹരിശ്‌ചന്ദ്രനെ സത്യമാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്നില്ല. നാടകത്തിലും സിനിമയിലും മുമ്പ്‌ ആവിഷ്‌കരിക്കപ്പെട്ടതില്‍നിന്നു വേറിട്ടൊരു ആവിഷ്‌കാരചാതുര്യമാണീ നാടകത്തില്‍ പ്രശാന്തി പ്രകടിപ്പിക്കുന്നത്‌ (സൈകതം-രൂപ 130/)

സോളമന്‍ ടെമ്പിള്‍

ഇസ്രയേലിന്റെ അവസാനചക്രവര്‍ത്തിയായ സോളമന്‌ ലഭിച്ച സ്വപ്‌നദര്‍ശനമനുസരിച്ചാണ്‌ ദേവദാരു മരങ്ങള്‍കൊണ്ട്‌ ജറുസലേയില്‍ ദേവാലയം നിര്‍മിക്കുന്നത്‌. 20 നൂറ്റാണ്ടുകള്‍ക്കിപ്പുറം മിസോറാമിലും ഒരു സോളമന്‍ ടെമ്പിള്‍ പിറവിയെടുത്തുവെന്ന്‌ പി.എച്ച്‌. സനല്‍കുമാര്‍, ജൂത വാസ്‌തു വിദ്യകളനുസരിച്ച്‌ മിസോറാമില്‍ നിര്‍മ്മിക്കപ്പെട്ട ടെമ്പിളില്‍ പത്തു കല്‌പനകള്‍ പാറയില്‍ കൊത്തിയ രൂപമില്ല. എത്യോപ്യയിലെ ദാറുസ്സലാമിലാണ്‌ മറ്റൊരു സോളമന്‍ ടെമ്പിളുള്ളത്‌. ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്‌തം വഹിച്ച്‌ ധൂപം കത്തിച്ചുകൊണ്ടു മാത്രമേ ജറുസലേം വിശുദ്ധി മന്ദിരത്തില്‍ പ്രവേശനമുള്ളൂ. മിസോറാമിലെ ഐസ്വാളില്‍നിന്ന്‌ 10 കി.മീ. അകലെ കിദ്രോണ്‍ താഴ്‌വരയിലെ സോളമന്‍ ടെമ്പിളില്‍ ഈ നിബന്ധനയില്ല. (വാരാന്ത്യകൗമുദി. ഡിസം. 21).

രണ്ടു ശത്രുരാജ്യങ്ങള്‍ക്ക്‌
ഇടയിലെ മതില്‍

പുറമെ ലളിതവും അനാര്‍ഭാടവുമാണ്‌ സിംപിള്‍ ചന്ദ്രന്റെ ഈ കവിതകള്‍. അകമെ വീറും കാര്‍ക്കശ്യവും അനുഭവിക്കാം. കവിതയില്‍ ഈ ചന്ദ്രന്‍ അത്ര സിംപിളല്ല എന്നര്‍ത്ഥം. ചന്ദ്രന്‍ ഔഷധീശനാണല്ലോ. മനസിന്റെ അധിപതിയുമാണ്‌. അതുകൊണ്ടാണ്‌ ഞാനെന്നെ അഴിച്ചെടുത്തിരിക്കുന്നുവെന്ന്‌ ആദ്യവരിയില്‍ പറയാനാവുന്നത്‌. ചൊറിയന്‍ പുഴുവും മറ്റൊരാള്‍ക്കന്നമാണിവിടെ. കടങ്കഥപോലുള്ള പറവയ്‌ക്കും ഒരു ദാര്‍ശനികതലമുണ്ട്‌. കവിതയിലാണ്‌ നിങ്ങളുടെ കണ്ണെങ്കില്‍ നിങ്ങളെ ഈ സമാഹാരം നിരാശപ്പെടുത്തില്ല. (മലയാള സാഹിത്യ അക്കാദമി ആര്‍.എസ്‌. 160/)

സാഹിത്യത്തിലെ
'ഐ.എസ്‌.ഐ'മാര്‍ക്ക്‌

കാശിനു പഞ്ഞമില്ലാത്ത പ്രവാസി സാഹിത്യകാരന്മാര്‍ നാട്ടില്‍നിന്നു ചെല്ലും ചെലവുംകൊടുത്ത്‌ നാലാളറിയുന്ന എഴുത്തുകാരെ അവിടെയെത്തിച്ച്‌ മേനിനടിച്ചു. അവരുടെ ചെലവില്‍ മറുനാട്ടിലെത്തി പുസ്‌തക- കവര്‍ പ്രകാശനങ്ങള്‍ നടത്തി, പ്രഭാഷണങ്ങളും കുടുംബസംഗമങ്ങളുമായി സമ്മാനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി നാട്ടില്‍ മടങ്ങിയെത്തിയ വലിയ സാഹിത്യകാരന്മാര്‍ അവരുടെ അത്തള പിത്തള തവളാച്ചി എഴുത്തുകളെ നാട്ടിലിരുന്ന്‌ വാഴ്‌ത്തുകയാണെന്ന്‌ വിനോദ്‌ ഇളകൊള്ളൂര്‍. കടലുകടന്നും കയ്യാല ചാടിയും കണ്ടവരുടെ കാലുപിടിച്ചും ഷാര്‍ജയില്‍ പോകാന്‍ ക്യൂനിന്നവര്‍ സാഹിത്യത്തിലെ ഐ.എസ്‌.ഐ. മാര്‍ക്കുമായി മടങ്ങിവരുന്നതും ഫാഷനായി. (പച്ചമലയാളം- ഡിസം.)

എറണാകുളത്തിന്റെ
'യോഗം'

എറണാകുളത്തിന്റെ യോഗക്ഷേമത്തിനായി ഒരു നൂറ്റാണ്ടായി 'സേവനം ജന്മസാഫല്യ'മെന്ന കര്‍മമന്ത്രവുമായി പ്രവര്‍ത്തിക്കുന്ന എറണാകുളം കരയോഗം ശതാബ്‌ദി നിറവില്‍. ജനനം മുതല്‍ മരണം വരെയുള്ള ആവശ്യങ്ങള്‍ക്ക്‌ കരയോഗം ഒപ്പമുണ്ട്‌. കേരളത്തിന്റെ ആദ്യ മന്ത്രിസഭായോഗം നടന്നതും, യേശുദാസ്‌ ആദ്യമായി മൈക്രോഫോണില്‍ പാടിയതും ടി.ഡി.എം. ഹാളിലാണ്‌. ആലംബഹീനരുടെ അഭയകേന്ദ്രങ്ങള്‍ രണ്ടെണ്ണം ആരംഭിച്ചുകൊണ്ടാണ്‌ ശതാബ്‌ദിയുടെ കൊടി ഉയരുന്നത്‌. കരയോഗം ജനറല്‍ സെക്രട്ടറി പി. ചന്ദ്രന്റെ (വേണു) ഊര്‍ജസ്വലവും സമര്‍ഥവുമായ നേതൃത്വത്തില്‍ എറണാകുളത്തിന്റെ സാംസ്‌കാരിക കൊടിയടയാളമായി കരയോഗം മുന്നേറുന്നു. കരയോഗത്തിന്റെ ആദ്യ 11 അംഗ ടീമിനെ ഒരു ഫുട്‌ബോള്‍ ടീമായി സങ്കല്‍പ്പിച്ചാല്‍ വിജയത്തിന്റെ ഗോള്‍ മാത്രം അടിച്ച ചരിത്രമാണുള്ളതെന്ന്‌ സിറാജ്‌ കാസിം. (മാതൃ. ഡിസം. 17)

കാട്ടുപൂവ്‌

നൂറായിരം കാലങ്ങളിലെ നീലജലം ഒഴുകിച്ചേര്‍ന്നുണ്ടായ ഒരു കാട്ടുപൂവ്‌. ജലശരീരത്തില്‍ കിടന്നു കാട്ടുപൂവ്‌ ഓര്‍ത്തു- അന്നത്തെ പുഴവടിവുകളെ, ചുഴികളെ, ഇക്കിളിയാക്കിയിരുന്ന പൊടിമീനുകളെ.... പൂക്കളെ വരണ്ട കാന്‍വാസില്‍നിന്നു ജലമായി ഒടുവിലവള്‍ ഒഴുകിപ്പോയത്‌ ആരും കണ്ടുകാണില്ല. (നിഷ നാരായണന്‍- പാഠഭേദം, ഡിസം.)

Ads by Google
Saturday 03 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW