Thursday, March 12, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.27 AM

'ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനം': യുകെയില്‍ നിന്നും ദുബായിലേക്ക് മാറിയപ്പോഴുണ്ടായ മാറ്റം, വൈറലറായി യുവാവിന്റെ പോസ്റ്റ്

british, youth, dubai

സ്വന്തം രാജ്യത്ത് നിന്ന് ജീവിത നിലവാരവും മെച്ചപ്പെട്ട ശമ്പളവും മുന്‍നിര്‍ത്തി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ഒരു ബ്രിട്ടിഷ് യുവാവിന്റെ ദുബായ് ജീവിതമാണ് സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്. ആറ് മാസം മുമ്പ് യുകെയില്‍ നിന്നും ദുബായിലേക്ക് താമസം മാറിയ ഈഥന്‍(23) എന്ന യുവാവാണ്, തന്റെ അനുഭവം എക്‌സിലൂടെ പങ്കുവച്ചത്. ദുബായിലേക്കുള്ള മാറ്റം തന്റെ ജീവിതത്തിലെ 'ഏറ്റവും മികച്ച തീരുമാനമായിരുന്നു' എന്നാണ് ഈഥന്‍ പറയുന്നത്.

ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള സെല്‍ഫിക്കൊപ്പം ഈഥന്‍ പങ്കുവച്ച കുറിപ്പില്‍, ദുബായിലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നു. ലണ്ടനിലെ തെരുവുകളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ സുരക്ഷിതത്വമാണ് ദുബായില്‍ തനിക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. വേനല്‍ക്കാലം യൂറോപ്പിലും ശൈത്യകാലം ദുബായിലുമായി ചെലവഴിക്കാനാണ് ഈഥന്റെ പദ്ധതി.

ദുബായ് ഒരു 'മാസ്റ്റര്‍ ക്ലാസ്' ഭരണത്തിന്‍ കീഴിലാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റില്‍ ഇതിനുമുമ്പ് സന്ദര്‍ശനം നടത്താത്ത ഒരാളെന്ന നിലയില്‍ ആദ്യ ദിവസങ്ങളില്‍ അല്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും, ഇവിടുത്തെ ജനങ്ങളുടെ പെരുമാറ്റം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഈഥന്‍ പറയുന്നു. 'ലാന്‍ഡ് ചെയ്ത് സമയം എനിക്ക് ചെറിയ പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാല്‍ സ്വദേശികളും താമസക്കാരും വളരെയധികം ദയയുള്ളവരും ബഹുമാനമുള്ളവരുമാണ്. ലണ്ടനില്‍ ലഭിക്കാത്ത അത്രയും സുരക്ഷിതത്വം എനിക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ട്.' യുവാവ് എഴുതി.

നഗരത്തിന്റെ വൃത്തിയും സൗകര്യങ്ങളും എടുത്തുപറഞ്ഞ യുവാവ്, ദുബായിയുടെ ജീവിതനിലവാരത്തെ 'അവിശ്വസനീയം' എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തികമായി മുന്നേറാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു വലിയ കൂട്ടായ്മ ദുബായിലുണ്ട്. അത്തരം ആളുകള്‍ക്കിടയില്‍ ജീവിക്കുന്നത് വ്യക്തിപരമായ വിജയത്തിന് സഹായിക്കുമെന്നും മികച്ച നെറ്റ്‌വര്‍ക്കിങ് സൗകര്യങ്ങള്‍ നഗരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായിലെ
നിയമങ്ങള്‍ കര്‍ശനമാണെന്ന് പറയുന്നുണ്ടെങ്കിലും, നിയമം അനുസരിക്കുന്ന ഒരു പൗരന് ഇവിടെ യാതൊരു ബുദ്ധിമുട്ടുമില്ല. വേഗതയേറിയതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങളാണ് ദുബായിലുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളോ പ്രതിഷേധങ്ങളോ ഇല്ലാത്ത, ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന ഒരിടമാണിത്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതും താമസസൗകര്യം കണ്ടെത്തുന്നതും വളരെ എളുപ്പമായിരുന്നുവെന്നും ഈഥന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വൈറലായതിന് പിന്നാലെ ഈഥനെ അനുകൂലിച്ചും സമാന അനുഭവങ്ങള്‍ പങ്കുവച്ചും നിരവധി പ്രവാസികള്‍ രംഗത്തെത്തി. 'നിങ്ങള്‍ ഇനി മറ്റൊരിടത്തും താമസിക്കാന്‍ ആഗ്രഹിക്കില്ല, 'ദുബായില്‍ ഒരിക്കല്‍ താമസിച്ചവര്‍ക്ക് പിന്നീട് ലോകത്തെ മറ്റേത് നഗരവും അത്ര തൃപ്തികരമായി തോന്നില്ല', 'നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന പലരും ദുബായിലേക്ക് മാറുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്', എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറഞ്ഞു.

Ads by Google
Saturday 03 Jan 2026 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW