Friday, March 13, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.07 AM

ഇറാനില്‍ പ്രക്ഷോഭം പടരുന്നു; ഏറ്റുമുട്ടലില്‍ ഏഴു മരണം

uploads/news/2026/01/818801/1.jpg

ടെഹ്‌റാന്‍: വിലക്കയറ്റത്തിനും സാമ്പത്തികത്തകര്‍ച്ചയ്‌ക്കുമെതിരേ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചു. ഷിയാ പുരോഹിത ശക്‌തികേന്ദ്രമായ ഖോം ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങളില്‍ പ്രക്ഷോഭം അക്രമാസക്‌തമായി. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനിറങ്ങിയ സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതിനിടെ ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ 'ഖമേനിക്കു മരണം, ഷാ തിരിച്ചുവരും' എന്ന മുദ്രാവാക്യം മുഴങ്ങിയത്‌ ഭരണകൂടത്തിനു തലവേദനയായി.
അതിനിടെ, പ്രകടനക്കാര്‍ക്കു നേരേയുള്ള നടപടിക്കെതിരേ യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപും മുന്നറിയിപ്പ്‌ നല്‍കി. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടല്‍ ഇറാനികള്‍ സഹിക്കില്ലെന്നാണ്‌ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ എസ്‌മയില്‍ ബഗായ്‌യുടെ മറുപടി. സംഭാഷണത്തിലൂടെയും പരസ്‌പര ഇടപെടലിലൂടെയും ഇറാനികള്‍ പ്രശ്‌നം പരിഹരിക്കുമെന്ന്‌ അദ്ദേഹം എക്‌സില്‍ കുറിച്ചു.
വര്‍ഷാന്ത്യത്തില്‍ ആരംഭിച്ച സംഘര്‍ഷം ഒരാഴ്‌ച പിന്നിടുമ്പോള്‍ രാജ്യത്തുടനീളം ഖമേനി ഭരണകൂടത്തിനെതിരേ രോഷം പുകയുകയാണ്‌. ഡോളറിനെതിരേ ഇറാനിയന്‍ റിയാലിന്റെ വിലയിടിയുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്‌തതോടെയാണ്‌ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. കത്തിപ്പടരുന്ന പ്രതിഷേധത്തെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച്‌ നേരിടുകയാണെങ്കിലും എങ്ങും ഫലം കാണുന്നില്ല. ടെഹ്‌റാനില്‍ തുടങ്ങിയ പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ സുരക്ഷാസേന അടിച്ചമര്‍ത്തല്‍ ശക്‌തമാക്കി. പ്രക്ഷോഭകര്‍ക്കു നേരേ പോലീസ്‌ കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌.
ടെഹ്‌റാനിലേതുള്‍പ്പെടെ രാജ്യത്തെ 10 സര്‍വകലാശാലകളില്‍ പ്രതിഷേധംശക്‌തമാണ്‌. നിരവധി വിദ്യാര്‍ഥികള്‍ ഇതിനോടകം കസ്‌റ്റഡിയിലായി. പ്രക്ഷോഭകരില്‍ ചിലര്‍ ഭരണമാറ്റം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതായും 'മുല്ലമാര്‍ രാജ്യം വിടണ'മെന്ന മുദ്രാവാക്യം മുഴങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.
സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായതോടെ ഇറാനിടെ വ്യാപാരികളാണ്‌ ആദ്യം പ്രതിഷേധത്തിനിറങ്ങിയത്‌. ഡിസംബര്‍ 27 ന്‌ ഇവര്‍ ആരംഭിച്ച പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇറാനുമേല്‍ യു.എസ്‌ ഉപരോധം കടുപ്പിച്ചതോടെയാണ്‌ രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കു കൂപ്പുകുത്തിയത്‌. തുടര്‍ന്ന്‌ വിലക്കയറ്റവും രൂക്ഷമായി. ഇതോടെ ഇറാന്‍ കേന്ദ്രബാങ്കിന്റെ ഗവര്‍ണര്‍ മൊഹമ്മദ്‌ റേസ ഫര്‍സീന്‍ രാജിവച്ചത്‌ ഇറാന്‌ കനത്ത ആഘാതമായിരുന്നു.
2015 ല്‍ ഡോളറിന്‌ 32,000 ആയിരുന്ന ഇറാനിയന്‍ റിയാലിന്റെ മൂല്യം ഇപ്പോള്‍ 42,125 റിയാല്‍ എന്ന വിധത്തിലായിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ പണപ്പെരുപ്പം 52 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.
പ്രക്ഷോഭം ഖമേനിക്കെതിരേ തിരിഞ്ഞതോടെ പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്താന്‍ ഭരണകൂടം തയ്യാറായിട്ടുണ്ട്‌. പ്രസിഡന്റ്‌ പെസഷ്‌കിയാന്‍ ഇതിനായി ആഭ്യന്തര മന്ത്രിയെ ചുമതലയേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. സാമ്പത്തിക സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും പ്രസിഡന്റ്‌ സൂചിപ്പിക്കുന്നുണ്ട്‌. ജനകീയ പ്രക്ഷോഭത്തെ തന്ത്രപൂര്‍വം നേരിടാനുള്ള ഇറാന്റെ ശ്രമമായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌.
പ്രക്ഷോഭകര്‍ക്കു പിന്തുണയുമായി യു.എസ്‌ രംഗത്തെത്തിയതോടെ സംഭവത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്‌.
പ്രതിഷേധിക്കുന്നവര്‍ക്കു നേരേ ഇറാന്‍ ഭരണകൂടം അക്രമം അഴിച്ചുവിട്ടാല്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തുമെന്നാണ്‌ ട്രൂത്ത്‌ സോഷ്യല്‍ പോസ്‌റ്റിലൂടെ ട്രംപ്‌ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്‌.
ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പങ്കുവച്ചതും ശ്രദ്ധേയമായി. സര്‍വകലാ വിദ്യാര്‍ഥികള്‍ അവരുടെ മൗലികാവകാശങ്ങളാണ്‌ ആവശ്യപ്പെടുന്നതെന്നാണ്‌ ഇതോടൊപ്പമുള്ള കുറിപ്പ്‌.

Ads by Google
Saturday 03 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW