-->
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇം?ീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അരങ്ങേറിയ പോരാട്ടങ്ങള്‍ അവസാനിച്ചത് സമനിലയില്‍. ആദ്യ രണ്ടു ദിവസങ്ങളില്‍ നടന്ന നാലു മത്സരങ്ങളില്‍ മൂന്നും പൂര്‍ത്തിയായത് ഗോള്‍രഹിതമായി. നിലവിലെ ചാമ്പ്യനായ ലിവര്‍പൂളിനെ ലീഡ്‌സ് കുരുക്കിയപ്പോള്‍ ക്രിസ്‌റ്റല്‍ പാലസും ഫുള്‍ഹാമും ഓരോ ഗോള്‍വീതമടിച്ച് പോയിന്റ് പങ്കിട്ടു. ബ്രെന്റ്‌ഫോഡ്-ടോട്ടനം, സണ്ടര്‍ലാന്‍ഡ്-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരവും സമനിലയില്‍ കലാശിച്ചു.
ഫുള്‍ഹാമിനെതിരേ ജീന്‍ ഫിലിപ് മറ്റേറ്റയിലൂടെ ആതിഥേയര്‍ ആദ്യം സ്‌കോര്‍ ചെയ്‌തു. 80-ാം മിനിറ്റ്‌വരെ ഈ ലീഡില്‍ കടിച്ചുതൂങ്ങാന്‍ പാലസിനായി. എന്നാല്‍, ടോം കെയ്‌ര്‍ണിയിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചു. പിന്നീട് ജയത്തിനായി ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ അകലെയായതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ക്രിസ്‌റ്റല്‍ പാലസിന്റെ വിജയരഹിത യാത്ര ആറാം മത്സരത്തിലേക്കു നീണ്ടു.
കഴിഞ്ഞവര്‍ഷത്തെ ദൗര്‍ഭാഗ്യം തിരുത്തിയെഴുതി ഉയിര്‍പ്പിനു ശ്രമിച്ചെങ്കിലും പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ കളിയില്‍ പോയിന്റ് പങ്കിടാനായിരുന്നു ലിവര്‍പൂളിന്റെ വിധി. മികച്ച കളി പുറത്തെടുത്തെങ്കിലും ലീഡ്‌സിനെതിരേ ഫിനിഷിങ്ങിലെ പിഴവ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി.
സമാന അവസ്‌ഥയിലായിരുന്നു കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മാഞ്ചസ്‌റ്റര്‍ സിറ്റിയും. സീസണില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലുമായുള്ള അകലം കുറയ്‌ക്കാനുള്ള സുവര്‍ണാവസരമാണ് സമനിലയില്‍ കുരുങ്ങി പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നശിപ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ അവസാന കളികളില്‍ തുടര്‍ച്ചയായ എട്ടുജയവുമായി മികച്ച ഫോമിലായിരുന്നു സിറ്റി. പക്ഷേ, സണ്ടര്‍ലാന്‍ഡിന്റെ പ്രതിരോധം പിളര്‍ത്താന്‍ സിറ്റിയുടെ വിഖ്യാത മുന്നേറ്റനിരയ്‌ക്കു സാധിക്കാതെ പോയതോടെ പുതുവര്‍ഷത്തുടക്കത്തില്‍ വിജയത്തുടര്‍ച്ചയെന്ന സ്വപ്‌നം ചാമ്പലായി.
സമനിലയോടെ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലുമായി നാലു പോയിന്റിന്റെ അകലത്തിലായി സിറ്റി. 19 കളിയില്‍ 45 പോയിന്റാണ് ഒന്നാമതുള്ള ഗണ്ണേഴ്‌സിനുള്ളത്. ഇത്രയും കളിയില്‍ 41 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി രണ്ടാമതാണ്. 39 പോയിന്റുമായി മൂന്നാമതുള്ള ആസ്‌റ്റണ്‍വില്ലയ്‌ക്കു പിന്നില്‍ നാലാമതാണ് ലിവര്‍പൂള്‍. 33 പോയിന്റാണ് ലിവര്‍പൂളിന്റെ അക്കൗണ്ടിലുള്ളത്. ചെല്‍സി, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, സണ്ടര്‍ലാന്‍ഡ്, എവര്‍ട്ടണ്‍ ടീമുകളാണ് അഞ്ചുമുതല്‍ എട്ടുവരെ സ്‌ഥാനങ്ങളില്‍. ബ്രെന്റ്‌ഫോഡ്, ക്രിസ്‌റ്റല്‍ പാലസ്, ഫുള്‍ഹാം ടീമുകള്‍ എട്ട്, ഒന്‍പത്, പത്ത് സ്‌ഥാനങ്ങളിലുണ്ട്.