-->
മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍ പിടിക്കാന്‍ യുഡിഎഫ് നിര്‍ണ്ണായകമായ തന്ത്രങ്ങള്‍ മെനയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കിയ ആത്മവിശ്വാസത്തില്‍ ഇത്തവണ ഫിറോസ് കുന്നുംപറമ്പിലിന് പകരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.വി. അന്‍വറിനെ പരീക്ഷിക്കുന്നതാണ് ആലോചിക്കുന്നത്.
ആദ്യകാലം മുതല്‍ മണ്ഡലം എല്‍ഡിഎഫിനൊപ്പമാണ് നില്‍ക്കുന്നതെങ്കിലും കഴിഞ്ഞ തവണ കഴിഞ്ഞ തവണത്തെ എല്‍ഡിഎഫിന്റെ കഷ്ടിച്ചുള്ള വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ നേട്ടവും യുഡിഎഫിന് വലിയ പ്രതീക്ഷയായി മാറിയിട്ടുണ്ട്. തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ജയിച്ചുകയറിയത് യുഡിഎഫാണ്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ അവ നിലനിര്‍ത്തുകയും ബാക്കി നാലെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ 18,101 വോട്ടിന്റെ ഭൂരിപക്ഷത്തിലും യുഡിഎഫ് വിജയിച്ചിരുന്നു. പി വി അന്‍വറിനെ തവനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതാല്‍ കെ.ടി. ജലീലിന് കടുത്ത പോരാട്ടമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ സാധാരണ മത്സരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ലീഗിന് സീറ്റ് വിട്ടുകൊടുത്തുകൊണ്ട് പി.വി. അന്‍വറിനെ ജലീലിനെതിരേ ഇറക്കാനാണ് ആലോചന.
പി വി അന്‍വര്‍ തവനൂരില്‍ മത്സരിക്കുന്നതില്‍ മുസ്ലിം ലീഗിനും താല്‍പര്യമുണ്ട്. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തവനൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ കെ ടി ജലീല്‍ തന്നെ മത്സരിക്കാനിറങ്ങിയേക്കും. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതിന്റെ ആത്മവിശ്വാസം ജലീലിനുണ്ട്. അന്‍വറും ജലീലും ഇക്കുറി ഏറ്റുമുട്ടിയാല്‍ ശ്രദ്ധിക്കുന്ന മത്സരമാകും.