-->
തിരുവനന്തപുരം: വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് ജി സുധാകരനെന്നും അദ്ദേഹത്തോട് സിപിഎം ചെയ്ത വലിയ അനീതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും പ്രതികരിച്ചു.
വ്യത്യാസങ്ങള്‍ നിലനില്‍ക്കേ വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവാണ് ജി സുധാകരനെന്നും രക്തസാക്ഷി കുടുംബത്തില്‍പ്പെട്ട സുധാകരനെ പുറത്തുചാടിച്ചത് വഞ്ചനാപരമായ കാര്യമാണെന്നും പറഞ്ഞു. പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും നില്‍ക്കും. സിപിഎമ്മിന്റെ ചരിത്രം ഇതുതന്നെയാണ് കെ ആര്‍ ഗൗരിയമ്മയ്ക്ക് രാഘവനും എല്ലാവര്‍ക്കും ഇതേ സ്ഥിതി ആയിരുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. 60 കൊല്ലം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുകയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് ശരിയല്ല. അതില്‍ അദ്ദേഹത്തിനുണ്ടായ മനോവേദന എത്രമാത്രം എന്ന് ചിന്തിക്കേണ്ടതാണ്.
സുധാകരനെ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തനിക്കറിയാം. പ്രസംഗ മത്സരങ്ങളിലും മറ്റും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പിന്നീട് വ്യത്യസ്ത പാര്‍ട്ടികളില്‍ ആയി പോയെങ്കിലും ഒരേ നാട്ടുകാരെന്ന ബന്ധം നിലനിര്‍ത്തിയാണ് പോയിരുന്നത്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ അത് ജി സുധാകരനില്‍ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയര്‍ത്തിപ്പിടിച്ച നേതാവ്.
അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവര്‍ത്തകനായ അദ്ദേഹം ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരന്‍ കാണിച്ചിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. അദ്ദേഹത്തെപ്പോലൊരാള്‍ നിയമസഭയില്‍ വരേണ്ടതാണ് അനിവാര്യമാണ്. സുധാകരന്‍ പാര്‍ട്ടി വിടുന്നത് സിപിഎമ്മിന് ഒരു കനത്ത തിരിച്ചടിയാണ്. പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നെന്നും പറഞ്ഞു.